1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 20, 2020

സ്വന്തം ലേഖകൻ: ബൗൺസ് ചെക്കുകൾ നൽകുന്നവർക്കെതിരെ കർശന നടപടിയെടുക്കാൻ യു.എ.ഇ സെൻട്രൽ ബാങ്ക് വിവിധ ബാങ്കുകൾക്ക് നിർദേശം നൽകി. ഒരു വർഷത്തിനുള്ളിൽ നാല് ബൗൺസ് ചെക്കുകൾ സമർപ്പിച്ചാൽ ക്രെഡിറ്റ് റേറ്റിങ് ഏറ്റവും താഴ്ന്ന നിലയിലേക്ക് കുറയുമെന്ന് അൽ ഇത്തിഹാദ് ക്രെഡിറ്റ് ബ്യൂറോ വ്യക്തമാക്കി. ഈ വർഷം ആദ്യ എട്ട്​ മാസത്തിനിടെ എമിറേറ്റ്‌സ് ചെക്ക് ക്ലിയറിങ് സിസ്​റ്റം വഴി രാജ്യത്ത് വ്യാപാരം നടത്തിയ ചെക്കുകളുടെ മൂല്യം ഏകദേശം 650.4 ബില്യൺ ദിർഹമാണെന്നും സെൻട്രൽ ബാങ്ക് വെളിപ്പെടുത്തി. 140 ലക്ഷം ചെക്കുകളിലായിരുന്നു ഇത്രയും തുകയുടെ പണമിടപാട്.

ഒരു വർഷത്തിനകം നാല് ചെക്കുകൾ മടങ്ങിയാൽ ക്രെഡിറ്റ് റേറ്റിങ് ഏറ്റവും കുറഞ്ഞ് 300 സ്‌കോർ ആയിരിക്കും രേഖപ്പെടുത്തുക. ഇങ്ങനെ സംഭവിച്ചാൽ മൂന്ന് മുതൽ ആറുമാസം വരെയുള്ള കാലയളവിൽ ഏതെങ്കിലും ധനസഹായമോ വായ്പയോ ലഭിക്കില്ല. എന്നാൽ, ബൗൺസ് ചെക്കുകളുടെ എണ്ണമോ മൂല്യമോ സെൻട്രൽ ബാങ്ക് പുതിയ കണക്കിൽ വെളിപ്പെടുത്തുന്നില്ല.

ചെക്ക് കേസിൽ പ്രതികൂല വിധി ലഭിച്ചവർക്ക്​ പുതിയ ചെക്ക്​ ലഭിക്കണമെങ്കിൽ 1,00,000 ദിർഹം പിഴ അടക്കേണ്ടിവരും. ചെക്കിൽ എഴുതിയ പണം പൂർണമായും അക്കൗണ്ടിൽ ഇല്ലാത്തപ്പോഴാണ്​ ചെക്കുകൾ മടങ്ങുന്നത്​. ചെക്ക് നൽകിയശേഷം ‘പണം നൽകരുതെന്ന്’ കാണിച്ച്​ ഓർഡർ നൽകിയാലും ബാങ്കുകൾ ചെക്ക്​ നിരസിക്കും. വ്യാജ ഒപ്പിട്ടാലും ചെക്ക് നിരസിക്കാം. ഒപ്പിലെ പൊരുത്തക്കേട്, അക്കൗണ്ട് റദ്ദാക്കൽ, അക്കൗണ്ട് ക്ലോസ് ചെയ്യൽ അല്ലെങ്കിൽ മരവിപ്പിക്കൽ, പിടിച്ചെടുക്കൽ എന്നിവയും ചെക്ക്​ മടങ്ങാനുള്ള കാരണങ്ങളാണ്​. ബൗൺസ്​ ചെക്കുകൾ നൽകുന്നവരുടെ അക്കൗണ്ട്​ മരവിപ്പിക്കാനും സെൻട്രൽ ബാങ്ക്​ നിർദേശമുണ്ട്​. അപര്യാപ്തമായ ബാലൻസ് പോലുള്ള കാരണത്താൽ നാലുതവണ ചെക്ക്​ മടങ്ങിയാൽ ഇവരുടെ പേരുവിവരം കരിമ്പട്ടികയിൽ ഉൾപ്പെടുത്തും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.