
സ്വന്തം ലേഖകൻ: പ്രവാസികൾക്ക് അവർ താമസിക്കുന്ന രാജ്യങ്ങളിലെ മേൽവിലാസം പാസ്പോർട്ടിൽ ചേർക്കാൻ ഇന്ത്യൻ കേന്ദ്രമന്ത്രാലയം അനുമതി നൽകി. യു.എ.ഇയിലെ പ്രവാസികൾക്ക് ഇതിനുള്ള അവസരം നൽകുമെന്ന് ദുബായ് ഇന്ത്യൻ കോൺസുലേറ്റ് അറിയിച്ചു.
എന്നാൽ, നിലവിലെ പാസ്പോർട്ടിൽ ഈ മാറ്റം അനുവദിക്കില്ല. മാറ്റം ആവശ്യമായവർ പുതിയ പാസ്പോർട്ടിന് അപേക്ഷ നൽകണം. അതോടൊപ്പം വിലാസവും മാറ്റാം. ദിവസവും ഇത്തരം നിരവധി അപേക്ഷകൾ വരുന്നുണ്ടെന്നും ഇവ പരിഗണിക്കുമെന്നും കോൺസുലേറ്റ് അറിയിച്ചു. സ്വന്തം കെട്ടിടത്തിെൻറയോ വാടകക്ക് താമസിക്കുന്ന കെട്ടിടത്തിെൻറയോ വിലാസമാണ് വേണ്ടത്. ഏതെങ്കിലും ഒരു വിലാസം മാത്രമേ നൽകാൻ കഴിയൂ. വാടക കരാർ, ആധാരം, ടെലഫോൺ ബിൽ, ദേവ/ഫേവ/സേവ ബിൽ തുടങ്ങിയവയാണ് രേഖകളായി നൽകേണ്ടത്.
ഇന്ത്യയിൽ സ്ഥിരം വിലാസമില്ലാത്തവർക്ക് ഉപകാരപ്പെടുന്ന തീരുമാനമാണിത്. വർഷങ്ങളായി യു.എ.ഇയിൽ കുടുംബ സമേതം താമസിക്കുന്ന പലർക്കും ഇന്ത്യയിൽ സ്ഥിരം മേൽവിലാസമില്ലാത്ത അവസ്ഥയുണ്ട്. അവർക്ക് ഇനി മുതൽ പ്രാദേശിക മേൽവിലാസമായി വിദേശ രാജ്യങ്ങളിലെ വിലാസം ചേർക്കാം.
പ്രവാസികളുടെ പാസ്പോർട്ട് പുതുക്കാനുള്ള അപേക്ഷകളിലും ഇനി പൊലീസ് വെരിഫിക്കേഷൻ നടത്തും. ഇതു സംബന്ധിച്ചു കേന്ദ്രത്തിന്റെ പുതിയ മാർഗനിർദേശം ലഭിച്ചതായി മനോരമ റിപ്പോർട്ട് ചെയ്യുന്നു. കാലാവധി തീരാൻ കാത്തു നിൽക്കാതെ നേരത്തേ തന്നെ അപേക്ഷിക്കണമെന്നും നിർദേശമുണ്ട്.
അംഗീകൃത സേവന കേന്ദ്രങ്ങൾ വഴിയാണ് അപേക്ഷിക്കേണ്ടത്. തുടർന്ന് നാട്ടിൽ വെരിഫിക്കേഷൻ. കുറ്റകൃത്യത്തിലോ മറ്റോ ഉൾപ്പെട്ട ആളാണെന്നു കണ്ടാൽ കാരണം കാണിക്കൽ നോട്ടിസ് നൽകും. മറുപടി തൃപ്തികരമല്ലെങ്കിൽ പാസ്പോർട്ട് കണ്ടു കെട്ടും. പ്രവാസികളായി ജോലി ചെയ്യുന്ന രാജ്യത്തെ മേൽവിലാസവും പുതിയ പാസ്പോർട്ടിൽ ഉൾപ്പെടുത്താനാകുമെന്നാണ് റിപ്പോർട്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല