
സ്വന്തം ലേഖകൻ: യുഎഇയിൽ കുട്ടികളെ വീടിനകത്തു പൂട്ടിയിട്ടു ജോലിക്കു പോകുന്ന മാതാപിതാക്കൾക്കു താക്കീതുമായി പബ്ലിക് പ്രോസിക്യൂഷൻ. കുട്ടികളെ നോക്കാൻ സമയവും സാഹചര്യവും ഉണ്ടായിട്ടും ശിശുപരിപാലന കേന്ദ്രങ്ങളിൽ വിടുന്നത് അനുവദിക്കില്ല. വ്യക്തമായ കാരണങ്ങൾ ഉണ്ടെങ്കിൽ മാത്രമേ ഇങ്ങനെ കുട്ടികളെ മറ്റിടങ്ങളിൽ ഏൽപിക്കാവൂ എന്നും പ്രോസിക്യൂഷൻ പറഞ്ഞു. കുട്ടികളുടെ അവകാശങ്ങൾ നിഷേധിക്കുന്നവർക്കു ശക്തമായ താക്കീതും നൽകി. കുട്ടികൾക്കെതിരായ ശാരീരിക, മാനസിക പീഡനങ്ങളും വിവേചനവും പാടില്ല.
കുടുംബ പ്രശ്നത്തിൽ മക്കളെ ഉപേക്ഷിക്കുന്നവർ തടവിലാകും. വിവാഹമോചന വേളയിൽ കുട്ടികളുടെ സംരക്ഷണ ചുമതല ലഭിച്ചയാളും ഇക്കാര്യം ശ്രദ്ധിക്കണം. രോഗം വന്നാൽ മതിയായ ചികിത്സ ഉറപ്പാക്കണം. കുടുംബ പ്രശ്നങ്ങളിൽ അകപ്പെടുന്ന കുട്ടികളുടെ കേസ് ഫാമിലി പ്രോസിക്യൂഷൻ നേരിട്ടാണ് കൈകാര്യം ചെയ്യുക.
2016 മാർച്ച് 8ന് പുറപ്പെടുവിച്ച ബാലാവകാശ സംരക്ഷണ നിയമം (വദീമ ലോ) 36ാം വകുപ്പ് അനുസരിച്ചു മാതാപിതാക്കൾ കുട്ടിയെ ഉപദ്രവിക്കുകയോ മാനസികമായി പീഡിപ്പിക്കുകയോ ചെയ്യുന്നതു ക്രിമിനൽ കുറ്റമാണ്. കുറ്റം തെളിഞ്ഞാൽ അര ലക്ഷം മുതൽ 3 ലക്ഷം ദിർഹം വരെ പിഴയോ തടവോ അനുഭവിക്കേണ്ടിവരും.
മുൻസീറ്റിൽ കുട്ടികളെയിരുത്തി വാഹനം ഓടിക്കുന്നവർക്കെതിരെ നടപടി ശക്തമാക്കി ഷാർജ പൊലീസ്. നിയമലംഘകർക്ക് 400 ദിർഹമാണു പിഴ. കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാൻ വ്യാപക ബോധവൽക്കരണത്തിന് അജ്മാൻ പൊലീസ് തുടക്കം കുറിച്ചു. 10 വയസ്സിൽ താഴെയുള്ളവരും 145 സെന്റീമീറ്റർ ഉയരമില്ലാത്തവരുമായ കുട്ടികളെ മുൻസീറ്റിൽ ഇരുത്തുന്നതു സുരക്ഷിതമല്ല.
അപകടമുണ്ടായാൽ 10 നിലയുള്ള കെട്ടിടത്തിൽ നിന്നു വീഴുന്നതിന് സമാനമായ ആഘാതമാണുണ്ടാകുക. മടിയിലിരുത്തുന്നതും സുരക്ഷിതമല്ല. അപകടമുണ്ടായാൽ മുൻസീറ്റിൽ തല ശക്തമായി ഇടിക്കാൻ സാധ്യതയേറെ. നാല് വയസ്സിൽ താഴെയുള്ള കുട്ടികളെ സേഫ്റ്റി സീറ്റിൽ ഇരുത്തണമെന്നാണ് ഫെഡറൽ ഗതാഗത നിയമം. വാഹനത്തിന്റെ പുറത്തേക്കു കുട്ടികൾ തലയോ കയ്യോ ഇടാതിരിക്കാനും ശ്രദ്ധിക്കണം. ചാടിമറിയാനും അനുവദിക്കരുതെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല