
സ്വന്തം ലേഖകൻ: കൊവിഡിന്റെ പിടിയിലായ ബ്രിട്ടനിൽ ഒരു മലയാളി കൂടി കൊവിഡ് ബാധിച്ച് മരിച്ചു. ലിവർപൂളിലെ ഫാസക്കാലയിൽ താമസിക്കുന്ന തിരുവല്ല സ്വദേശി ഏബ്രഹാം സ്കറിയ (64) ആണു മരിച്ചത്. കൊവിഡ് ബാധിച്ച് രണ്ടാഴ്ചയായി ആശുപത്രിയിൽ ചികിൽസയിൽ ആയിരുന്നു. സംസ്കാരം പിന്നീട് ബ്രിട്ടനിൽ തന്നെ നടത്തും.
കൊവിഡിന്റെ രണ്ടാം വരവിൽ ബ്രിട്ടനിൽ മരിക്കുന്ന രണ്ടാമത്തെ മലയാളിയാണ് ഏബ്രഹാം. കഴിഞ്ഞദിവസം ബർമിങ്ങാമിലെ എർഡിങ്ടണിൽ മരിച്ച കോട്ടയം പൂഞ്ഞാർ സ്വദേശിയായ നഴ്സ് ജെയ്സമ്മ ക്യാൻസർ ബാധിതയായി ചികിൽസയിൽ കഴിയവേ കൊവിഡ് സ്ഥിരീകരിച്ചിരുന്നു.
ഏപ്രിൽ- മേയ് മാസങ്ങളിലെ കൊവിഡ് വ്യാപനത്തിനിടെ ബ്രിട്ടനിൽ 17 മലയാളികൾക്കാണ് ജീവൻ നഷ്ടപ്പെട്ടത്. ഏറെ നാളത്തെ ഉടവേളയ്ക്കു ശേഷം രോഗവ്യാപനം വീണ്ടും വർധിക്കുമ്പോൾ ബ്രിട്ടനിലെ മലയാളികളെ ആശങ്കയിലാഴ്ത്തുന്നതാണ് തുടർച്ചയായ ദിവസങ്ങളിൽ ഉണ്ടായ രണ്ട് കൊവിഡ് മരണങ്ങൾ.
ലോകമെമ്പാടുമുള്ള കൊവിഡ് കേസുകൾ 4.6 കോടി പിന്നിട്ടതോടെ പലയിടത്തും വീണ്ടും കർശന ലോക് ഡൗൺ. ഇതിനകം 12 ലക്ഷം പേർ മരിച്ചപ്പോൾ 3.3 കോടി പേർ കൊവിഡ് മുക്തരായി. ഒരു കോടിയിലേറെ പേർ ചികിത്സയിൽ കഴിയുന്നു. ഒറ്റ ദിവസം 32,000 കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത ഇറ്റലി സമ്പൂർണ ലോക്ക്ഡൌണിലേക്ക് നീങ്ങുകയാണ്. 2 ദിവസത്തിനകം പുതിയ നിയന്ത്രണം ഏർപ്പെടുത്താനാണ് ആലോചന. ആകെ കൊവിഡ് കേസുകൾ 6.8 ലക്ഷം. മരണം 38,700.
കൊറോണ വൈറസ് ബാധിതരുടെ എണ്ണത്തിലുള്ള വർധനവ് കണക്കിലെടുത്ത് ഓസ്ട്രിയയില്‍ ഉപാധികളോടെ വീണ്ടും ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചു. നവംബര്‍ 3 (ചൊവ്വ) അര്‍ദ്ധരാത്രി മുതല്‍ രാജ്യവ്യാപകമായാണ് ലോക്ക്ഡൗണ്‍ നിലവില്‍ വരിക.
നവംബര്‍ 30 വരെ രാത്രി 8 മുതല്‍ രാവിലെ 6 വരെ ആയിരിക്കും കര്‍ശനമായ ലോക്ക് ഡൗണ്‍. എന്നാല്‍ നടപടിയുടെ ഭാഗമായി ആളുകളെ വീട്ടില്‍ നിന്നും പുറത്തുപോകുന്നതില്‍ നിന്ന് പൂര്‍ണ്ണമായും തടയില്ലെന്ന് ചാന്‍സലര്‍ സെബാസ്റ്റ്യന്‍ കുര്‍സ് വിശദീകരിച്ചു. റസ്റ്റോറന്റ്, ഹോട്ടല്‍, വിനോദസഞ്ചാരം, സാംസ്‌കാരിക കേന്ദ്രങ്ങള്‍, സ്‌പോര്‍ട്‌സ് ഹാളുകള്‍ തുടങ്ങിയവയുടെ പ്രവര്‍ത്തനത്തെ സാരമായി ബാധിക്കും. എല്ലാ പൊതുപരിപാടികള്‍ക്കും വിലക്കുണ്ട്.
സ്‌കൂളുകളും, നഴ്‌സറികളും തുറക്കും. എന്നാല്‍ സ്ഥിതിഗതികള്‍ നിരീക്ഷിച്ചു അവ അടച്ചിടുന്ന കാര്യത്തില്‍ തീരുമാനമെടുക്കും. ഉയര്‍ന്ന ക്‌ളാസുകളില്‍ വിദൂരവിദ്യാഭാസ നടപടികള്‍ തുടരും. ചുരുക്കിയ ജോലിവ്യവസ്ഥകളും, വീട്ടില്‍ നിന്നുള്ള ജോലിയും തുടരും. മതപരമായ ചടങ്ങുകള്‍ക്കും നിയന്ത്രണമുണ്ട്. ആരോഗ്യസ്ഥാപനങ്ങളില്‍ ജീവനക്കാര്‍ ആഴ്ചയില്‍ ഒരിക്കല്‍ ടെസ്റ്റ് ചെയ്യണമെന്നും നിര്‍ദ്ദേശമുണ്ട്.
സ്പെയിനിൽ നിർബന്ധിത ക്വാറന്‍റീൻ നടപ്പാക്കിയതിനെതിരെ സ്പെയിനിലുണ്ടായ രാത്രി സംഘർഷത്തിൽ 50 പേർ കസ്റ്റഡിയിൽ. കൊവിഡ് വ്യാപനം പ്രതിരോധിക്കുന്നതിന്‍റെ ഭാഗമായാണ് സ്പെയിൻ സർക്കാർ നിർബന്ധിത ക്വാറന്‍റീനും രാത്രി കർഫ്യൂവും നടപ്പാക്കിയത്. മാഡ്രിഡ്, ലൊഗ്രോനൊ, ബിൽബാവോ, സാന്‍റാഡർ, മലാഗ അടക്കമുള്ള നഗരങ്ങളിലാണ് പൊതുജന പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടത്.
തലസ്ഥാന നഗരമായ മാഡ്രിഡിലെ റോഡുകളിൽ പ്രതിരോധം തീർക്കാനും വേസ്റ്റ് കണ്ടെയ്നറുകൾക്ക് തീയിടാനും പ്രക്ഷോഭകർ ശ്രമിച്ചു. ഇവിടെ 30 പേരെ കരുതൽ തടങ്കലിലാക്കി. സംഘർഷത്തിൽ മൂന്നു പൊലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. തീവ്രവാദികളുടെ നടപടികളെ അസ്വീകാര്യമാണെന്ന് വ്യക്തമാക്കിയ പ്രധാനമന്ത്രി പെട്രോ സാഞ്ചസ്, മഹാമാരിക്കെതിരായ പോരാട്ടത്തിൽ രാജ്യം ഉത്തരവാദിത്തവും ഐക്യവും കാണിക്കണമെന്ന് ആവശ്യപ്പെട്ടു.
കൊവിഡ് വ്യാപിക്കുന്ന സാഹചര്യത്തിൽ മേയ് മാസം വരെ അതീവ ജാഗ്രതാ നിർദേശം തുടരാൻ സ്പെയിൻ പാർലമെന്‍റ് കഴിഞ്ഞ വ്യാഴാഴ്ച തീരുമാനിച്ചിരുന്നു. ഇതിന്‍റെ ഭാഗമായാണ് വിവിധ സ്വയംഭരണ സ്ഥാപനങ്ങളിലും മുനിസിപ്പാലിറ്റികളിലും രാത്രി കർഫ്യൂ പ്രഖ്യാപിച്ചത്
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല