
സ്വന്തം ലേഖകൻ: നവംബര്‍ 2ന് രാത്രി വിയന്ന നഗരത്തില്‍ നടന്ന ഭീകരാക്രമണത്തില്‍ കുറഞ്ഞത് 4 സാധാരണക്കാര്‍ മരിച്ചതായും 17 പേര്‍ക്ക് പരുക്കേറ്റതായും സ്ഥിരീകരിച്ചു. തോക്കുധാരികള്‍ നഗരത്തിലെ ആറ് പ്രാധാന സ്ഥലങ്ങളിലാണ് വെടിവയ്പ്പ് നടത്തിയത്. അസഹിഷ്ണുതയോട് സഹിഷ്ണുതയില്ല എന്നും ഓസ്ട്രിയയില്‍ സമാധാനവും സുരക്ഷയും സംരക്ഷിക്കുന്നതിനാല്‍ സമൂഹത്തെ ഭിന്നിപ്പിക്കാനുള്ള ശ്രമങ്ങള്‍ വിജയിക്കില്ലെന്നും ചൊവ്വാഴ്ച രാവിലെ നടന്ന പത്രസമ്മേളനത്തില്‍ ചാന്‍സലര്‍ സെബാസ്റ്റ്യന്‍ കഴ്സ് പ്രസ്താവിച്ചു.
ആക്രമണത്തിന് ഇരയായവര്ക്കുവേവണ്ടിയും അവരുടെ കുടുംബാംഗംങ്ങളോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാനും സര്‍ക്കാര്‍ ഒരു മിനിറ്റ് മൗനം ആചരിച്ചു. അതേസമയം തീവ്രവാദ ആക്രമണത്തിന്റെ പിന്നില്‍ ഇസ്ലാമിക് സ്റ്റേറ്റ് അനുഭാവിയാണെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. കുറ്റവാളി ഇസ്ലാമിക് സ്റ്റേറ്റില്‍ ചേരാന്‍ സിറിയയിലേക്ക് പോകാന്‍ ശ്രമിച്ചതിന് അറസ്റ്റ് ചെയ്ത യുവാവാണെന്നാണ് റിപ്പോര്‍ട്ട്. ഇയാള്‍ 2019 ഏപ്രിലില്‍ 22 മാസം ജയിൽ ശിക്ഷയ്ക്ക് വിധിച്ചെങ്കിലും പ്രായം കണക്കിലെടുത്തു മോചിപ്പിച്ചിരുന്നു.
പരുക്കേറ്റവരില്‍ 7 പേര് അതീവ ഗുരുതര അവസ്ഥയിലാണ്. ഒരു അക്രമിയെ പൊലീസ് കൊലപ്പെടുത്തി. എന്നാല്‍ ആക്രമണത്തില്‍ എത്ര കുറ്റവാളികളുണ്ടെന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ആഭ്യന്തരമന്ത്രി കാള്‍ നെഹമ്മറുമായുള്ള പത്രസമ്മേളനത്തില്‍ അക്രമി ഇസ്ലാമിക് സ്റ്റേറ്റ് അനുഭാവിയാണെന്ന് സ്ഥിരീകരിച്ചെങ്കിലും അദ്ദേഹത്തിന്റെ പേരോ പ്രായമോ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. രാത്രി വൈകിയും അക്രമികളുടെയും സംശയമുള്ളവരുടെയും വീടുകളില്‍ പൊലീസ് തിരച്ചില്‍ നടത്തുകയാണെന്നും പൊലീസ് ജനറല്‍ ഡയറക്ടര്‍ വ്യക്തമാക്കി. രാത്രി മുഴുവന്‍, ദൃക്സാക്ഷികളില്‍ നിന്ന് 20,000 ത്തിലധികം വിഡിയോകള്‍ പൊലീസിന് ലഭിച്ചു. പോലീസ് ഇപ്പോള്‍ ഫൂട്ടേജുകള്‍ അവലോകനം ചെയ്യുകയാണ്.
വിയന്ന നഗരം ഇപ്പോഴും പൊലീസ് കാവലില്‍ തന്നെയാണ്. ഓസ്ട്രിയയുടെ അതിര്‍ത്തിയിലെ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി. രാത്രിയില്‍ നടന്ന ഒപ്പേറഷനില്‍ പ്രദേശത്ത് ഉണ്ടായിരുന്നവരെ പൊലീസ് വിയന്നയിലെ സ്റ്റേറ്റ് ഒപ്പറയിലേക്ക് മാറ്റി. അപകട സ്ഥലത്ത് നിന്ന് ഞെട്ടിവിറച്ച് ഒപ്പറയില്‍ അഭയം തേടിയ ആള്‍ക്കാര്‍ക്ക് ഫില്‍ ഹാര്‍മോണിക്ക എന്‍കോര്‍ അവതരിപ്പിച്ചു. ഒരു ആക്രമണവും ഒരിക്കലും വിയന്നയിലെ സംഗീതത്തെ തടയില്ലെന്നും അധികാരികള്‍ പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല