
സ്വന്തം ലേഖകൻ: യുഎസ് തിരഞ്ഞെടുപ്പിനെ തുടർന്ന് ദിർഹവും റിയാലും അടക്കമുള്ള ഗൾഫ് കറൻസികൾ രണ്ടരമാസത്തെ ഏറ്റവും ഉയർന്ന മൂല്യം രേഖപ്പെടുത്തി. മാസത്തിന്റെ തുടക്കമായതിനാൽ നാട്ടിലേക്കു പണമയ്ക്കാനുള്ള പ്രവാസികളുടെ തിരക്കുമേറി.
യുഎസ് തിരഞ്ഞെടുപ്പിലെ സൂചനകളെ തുടർന്ന് ഡോളറിലേക്ക് നിക്ഷേപം വർധിച്ചതു രൂപയ്ക്കു തിരിച്ചടിയായി; ഇതോടെയാണു രൂപയുമായുള്ള ഗൾഫ് കറൻസികളുടെ വിനിമയ നിരക്ക് ഉയർന്നത്. വിദേശ ധനകാര്യ സ്ഥാപനങ്ങൾ ഇന്ത്യൻ ഓഹരികൾ വിറ്റഴിച്ചതും രൂപയുടെ വിലയിടിയാൻ കാരണമായി. യുഎഇ ദിർഹത്തിന് ഇന്നലെ 20.35 രൂപ ലഭിച്ചു.
സൌദി റിയാൽ 19.90, ഒമാൻ റിയാൽ 193.65, ഖത്തർ റിയാൽ 20.45 എന്നിവയെല്ലാം ഉയർച്ച രേഖപ്പെടുത്തി. ബഹ്റൈൻ ദിനാർ,കുവൈത്ത് ദിനാർ എന്നിവയ്ക്ക് യഥാക്രമം 198.10, 243.30 രൂപയും ലഭിച്ചു. വരും ദിവസങ്ങളിൽ ഇതു തുടർന്നേക്കാം. അതേസമയം സുരക്ഷിത നിക്ഷേപം എന്ന നിലയിൽ സ്വർണത്തിലേക്കു കൂടുതൽ പേർ തിരിഞ്ഞതു മൂലം സ്വർണ വിലയും വർധിച്ചിട്ടുണ്ട്.
ഖത്തറിൽ ഇന്നലെ വിപണി അവസാനിച്ചത് ഒരു റിയാലിന് 20 രൂപ 44 പൈസ നിരക്കിലാണ്. കഴിഞ്ഞ 2-3 ആഴ്ചകളിലായി 20 രൂപയിൽ തുടർന്ന വിനിമയ നിരക്കാണ് ഉയർന്നത്. വിപണിയിൽ 20 രൂപ 44 പൈസയുണ്ടെങ്കിലും പണവിനിമയ സ്ഥാപനങ്ങളിൽ നിരക്കിൽ നേരിയ കുറവു വരും.
ദോഹയിലെ പണവിനിമയ സ്ഥാപനങ്ങൾക്കിടയിൽ ഉപഭോക്താവിന് നൽകുന്ന വിനിമയ നിരക്കിൽ വ്യത്യാസമുണ്ടെങ്കിലും ഇന്നലെ പരമാവധി 20 രൂപ 39 പൈസ വരെ ലഭിച്ചവരുണ്ട്. 20 രൂപ 39 പൈസ ആണെങ്കിൽ ആയിരം റിയാൽ അയയ്ക്കുന്നവർക്ക് നാട്ടിലേക്ക് 20,390 രൂപ എത്തും. മാസാദ്യമായതിനാൽ നാട്ടിലേക്ക് പണം അയയ്ക്കുന്ന പ്രവാസികൾക്ക് നിരക്ക് വർധന നിലവിലെ സാഹചര്യത്തിൽ വലിയ ആശ്വാസമാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല