
സ്വന്തം ലേഖകൻ: വാഷിങ്ടൻ സമയം രാത്രി പത്തുമണിയോടെയുള്ള തിരഞ്ഞെടുപ്പ് ഫലപ്രകാരം ജോ ബൈഡൻ 264 ഇലക്ടറൽ വോട്ട് നേടിയപ്പോൾ പ്രസിഡന്റ് ട്രംപിന് ലഭ്യമായിരിക്കുന്നത് 214 ഇലക്ടറൽ വോട്ട് മാത്രം. പ്രസിഡന്റ് സ്ഥാനത്തെത്താൻ ബൈഡന് ഇനി വേണ്ടത് 6 ഇലക്ടറൽ വോട്ടുകൾ മാത്രം. നെവാഡ സംസ്ഥാനത്ത് നിന്ന് 6 ഇലക്ടറൽ വോട്ടുകൾ ബൈഡന് ലഭ്യമാകാനുള്ള സാധ്യതകൾ ഏറെയാണ്. 75 ശതമാനം വോട്ടുകളും എണ്ണികഴിഞ്ഞ നെവാഡയിൽ ചെറിയ ഭൂരിപക്ഷത്തോടെ ബൈഡൻ മുന്നേറുന്നു.
എന്നാൽ ഫലം പ്രഖ്യാപിക്കാൻ വൈകുന്ന പല സംസ്ഥാനങ്ങളിലും ട്രംപിന് മുൻതൂക്കം കാണിക്കുന്നുണ്ടെങ്കിലും ഏറെ മെയിൽ ബാലറ്റുകൾ എണ്ണിത്തിട്ടപ്പെടുത്താൻ ഇനിയും ഏറെ സമയം വേണ്ടി വരും. നെവാഡ ഫലം ബൈഡന് അനുകൂലമായി ഫലം പുറത്തുവന്നാൽ ബൈഡൻ അമേരിക്കയുടെ അടുത്ത പ്രസിഡന്റാകും.
അതിനിടെ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് നിയമക്കുരുക്കിലേക്ക് എന്ന സൂചന നൽകി മൂന്നു സംസ്ഥാനങ്ങളിൽ കേസുകൾ ഫയൽ ചെയ്തു. പെൻസിൽവേനിയ, മിഷിഗൻ, ജോർജിയ എന്നീ സംസ്ഥാനങ്ങളിലെ വോട്ടെണ്ണലിൽ ക്രമക്കേട് ആരോപിച്ച് ഡോണൾഡ് ട്രംപ് പക്ഷം കോടതിയെ സമീപിച്ചതായി വാർത്താ ഏജൻസിയെ ഉദ്ധരിച്ച് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
വോട്ടെണ്ണൽ പൂർത്തിയാകും മുൻപേ താൻ വിജയിച്ചുവെന്നുള്ള പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രഖ്യാപനം സ്വന്തം കക്ഷി നേതാക്കൾക്കുവരെ ഞെട്ടലായി. വോട്ടെണ്ണാൻ തുടങ്ങിയപ്പോൾ ബൈഡന്റെ മുന്നേറ്റമാണു കണ്ടത്. പിന്നാലെ ട്രംപ് കുതിച്ചുകയറി. 29 ഇലക്ടറൽ വോട്ടുകളുള്ള നിർണായക സംസ്ഥാനമായ ഫ്ലോറിഡ ട്രംപിനൊപ്പം നിന്നു. ടെക്സസും ഒഹായോയും പിടിച്ചതോടെ ട്രംപ് 2016 ലെ വിജയം ആവർത്തിക്കുമെന്ന പ്രതീതിയായി. എന്നാൽ, മിഷിഗനിലും വിസ്കോൻസെനിലും ബൈഡന് അപ്രതീക്ഷിത മുന്നേറ്റമാണു ലഭിച്ചത്.
അരിസോണയിലെ ഫീനിക്സിലെ വോട്ടെണ്ണൽ കേന്ദ്രത്തിനു പുറത്തു 200ൽ പരം ട്രംപ് അനുകൂലികൾ റൈഫിളുകളും കൈത്തോക്കുകളുമായി തമ്പടിച്ചത് സംഘർഷ സാധ്യത സൃഷ്ടിച്ചിരുന്നു. ഇവിടുത്തെ വോട്ടെണ്ണൽ തടസ്സപ്പെട്ടതായി റിപ്പോർട്ടുകളും വന്നിരുന്നു. എന്നാൽ വോട്ടെണ്ണൽ തുടരണം എന്നാവശ്യപ്പെട്ട് ബൈഡൻ അനുകൂലികളും വിവിധ നഗരങ്ങളിൽ തെരുവിലിറങ്ങി.
വോട്ടെണ്ണൽ പുരോഗമിക്കുന്ന സ്റ്റേറ്റുകളിൽ ട്രംപ് അനുകൂലികളുടെ പ്രതിഷേധം നടക്കുന്നുണ്ട്. ന്യൂയോർക്ക് നഗരത്തിലും ഒറിഗണിലെ പോർട്ലാൻഡിലും ട്രംപ് വിരുദ്ധ പ്രക്ഷോഭകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല