
സ്വന്തം ലേഖകൻ: ഒമാനിൽ എത്തുന്ന യാത്രക്കാരുടെ കൈവശം കൊവിഡ് പരിശോധനാഫലം ഉണ്ടായിരിക്കണമെന്ന നിബന്ധന നവംബർ 11 മുതലായിരിക്കും പ്രാബല്ല്യത്തിൽ വരുകയെന്ന് ഒമാൻ സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു. വിമാനകമ്പനികൾക്കായി വ്യാഴാഴ്ച അയച്ച സർക്കുലറിലാണ് ഇക്കാര്യം അറിയിച്ചത്.കഴിഞ്ഞ നവംബർ ഒന്നിന് നടന്ന സുപ്രീം കമ്മിറ്റി യോഗമാണ് കൊവിഡ് പരിശോധന സംബന്ധിച്ച തീരുമാനമെടുത്തത്.
ഒമാനിലേക്ക് വരുന്നവർ യാത്ര പുറപ്പെടുന്നതിന് 96 മണിക്കൂറിനിടയിലാണ് കൊവിഡ് പി.സി.ആർ പരിശോധനക്ക് വിധേയമാകേണ്ടത്. അംഗീകൃത സ്ഥാപനങ്ങളിലായിരിക്കണം പരിശോധന നടത്തേണ്ടത്. ഒമാനിലെത്തുന്ന യാത്രക്കാർക്ക് പതിവ് പോലെ പി.സി.ആർ പരിശോധന ഉണ്ടായിരിക്കും. ഇൗ പരിശോധനാഫലം നെഗറ്റീവ് ആയിട്ടുള്ളവർക്ക് ഏഴ് ദിവസം െഎസൊലേഷനിൽ കഴിഞ്ഞ ശേഷം എട്ടാമത്തെ ദിവസം അടുത്ത പി.സി.ആർ നടത്തി ക്വാറൈൻറൻ അവസാനിപ്പിക്കാം.
മൂന്നാമത് പരിശോധനക്ക് താൽപര്യമില്ലാത്തവർക്ക് നേരത്തേയുള്ളത് പോലെയുള്ള 14 ദിവസം ക്വാറൈൻറൻ രീതി തുടരാം. 15 വയസും അതിൽ താഴെയും പ്രായമുള്ളവർ പി.സി.ആർ പരിശോധനക്ക് വിധേയരാകേണ്ടതില്ല. ക്വാറൈൻറൻ കാലയളവിലെ നിരീക്ഷണത്തിനായുള്ള റിസ്റ്റ്ബാൻഡും ഇവർ ധരിക്കേണ്ടതില്ല. ഒമാനിലെ വിദേശ എംബസികളിൽ ജോലി ചെയ്യുന്ന നയതന്ത്ര ഉദ്യോഗസ്ഥരെയും ഒമാനിൽ സന്ദർശനത്തിന് എത്തുന്ന നയതന്ത്ര ഉദ്യോഗസ്ഥരെയും കൊവിഡ് പരിശോധന സംബന്ധിച്ച നിബന്ധനകളിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
യാത്രക്ക് മുമ്പുള്ള പി.സി.ആർ പരിശോധനയെന്ന നിബന്ധന ആവശ്യത്തിന് സമയം ലഭ്യമാക്കിയ ശേഷമാകും നടപ്പിലാക്കുകയെന്ന് ആരോഗ്യ വകുപ്പ് നേരത്തേ അറിയിച്ചിരുന്നു. എന്നാൽ പ്രവാസ ലോകത്ത് വലിയ തോതിലുള്ള ആശയകുഴപ്പത്തിന് ഈ മാർഗനിർദേശങ്ങൾ കാരണമായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല