1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 6, 2020

സ്വന്തം ലേഖകൻ: യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ ഡമോക്രാറ്റ് സ്ഥാനാർഥി ജോ ബൈഡനും നിലവിലെ യുഎസ് പ്രസിഡന്റ് കൂടിയായ റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡോണൾഡ് ട്രംപിന്റെയും ക്യാംപുകൾ. ചാഞ്ചാടി നിൽക്കുന്ന സ്റ്റേറ്റുകളിൽ ഡോണൾഡ് ട്രംപിന്റെ ഭൂരിപക്ഷം കുറയുകയും നെവാഡയിൽ ജോ ബൈഡന്റെ ഭൂരിപക്ഷം വർധിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ ബൈഡൻ ചരിത്ര വിജയത്തിനരികെ എന്നാണു സൂചന.

നൊവാഡയിലും അരിസോണയിലും മുന്നേറുന്ന ബൈഡന്‍ ട്രംപിന്റെ ശക്തികേന്ദ്രമെന്നു കരുതിയ ജോര്‍ജിയയിലും പെന്‍സില്‍വേനിയയിലും ശക്തമായ പ്രകടമാണു കാഴ്ചവയ്ക്കുന്നതെന്നാണു റിപ്പോര്‍ട്ട്. യുഎസിലെ മിക്ക മാധ്യമങ്ങളും ബൈഡന് 264 ഇലക്ടറല്‍ വോട്ടുകൾ സ്ഥിരീകരിക്കുന്ന റിപ്പോർട്ടുകളാണ് നൽകിയത്. നെവാഡയിലെ ആറു വോട്ടുകൾ കൂടി ലഭിച്ചാൽ 270 എന്ന മാന്ത്രികസംഖ്യ ബൈഡൻ സ്വന്തമാക്കു. 538 ഇലക്ടറൽ വോട്ടുകളിൽ 270 ആണ് ഭൂരിപക്ഷത്തിനു വേണ്ടത്.

ട്രംപ് പക്ഷത്തിന് ഇന്ത്യൻ സമയം വെള്ളിയാഴ്ച പുലർച്ചെ വരെയുള്ള കണക്കുകൾ പ്രകാരം 214 ഇലക്ടറൽ വോട്ടുകളായി. ഭൂരിപക്ഷത്തിൽനിന്ന് 56 വോട്ട് കുറവ്. ഇപ്പോൾ മുന്നിൽ നിൽക്കുന്ന സ്റ്റേറ്റുകളിൽ എല്ലാം ജയിച്ചാലും ട്രംപിന് ഭൂരിപക്ഷം നേടാനാകില്ലെന്ന സ്ഥിതിയിലേക്കാണ് കാര്യങ്ങൾ പോകുന്നത്. എന്നാൽ ഇക്കാര്യം കൂടുതൽ വ്യക്തമാകുന്നതോടെ അട്ടിമറി ആരോപണം കടുപ്പിക്കുകയാണ് പ്രസിഡന്റ്.

തുടർച്ചയായ ട്വീറ്റുകളിലൂടെ പോസ്റ്റല്‍ വോട്ടുകൾക്കെതിരെ ആഞ്ഞടിക്കുന്നത് ട്രംപ് തുടരുകയാണ്. പല സ്റ്റേറ്റുകളിലും ട്രം‌പ് പക്ഷം കോടതികളെ സമീപിച്ചു കഴിഞ്ഞു. വോട്ടെണ്ണൽ നിരീക്ഷിക്കണമെന്നോ നിർത്തി വയ്ക്കണമെന്നോ ആണ് ആവശ്യം. എന്നാൽ വോട്ടെണ്ണൽ തുടരട്ടെ, വിജയം അരികെയാണെന്നായിരുന്നു ബൈഡന്റെ കരുതലോടെയുള്ള പ്രതികരണം.

അതിനിടെ ജോർജിയ, മിഷിഗൺ എന്നീ സംസ്ഥാനങ്ങളിലെ കോടതികളില്‍ ട്രംപ് ക്യാംപ് ഫയല്‍ ചെയ്ത കേസുകൾ തള്ളി. ജോർജിയയിൽ വൈകി എത്തിയ 53 ബാലറ്റുകൾ കൂട്ടിക്കലർത്തിയെന്നായിരുന്നു ആരോപണം. മിഷിഗണിലും സമാനമായ ആരോപണമാണ് ഉന്നയിച്ചത്. ഇവിടെ വോട്ടെണ്ണൽ തടയാനും ട്രംപ് അനുകൂലികൾ ശ്രമിച്ചിരുന്നു. ചോദ്യം ചെയ്യപ്പെട്ട ബാലറ്റുകൾ അസാധുവാണെന്നതിന് തെളിവുകളൊന്നുമില്ലെന്ന് ജോർജിയയിലെ ജഡ്ജി ജെയിംസ് ബാസ് പറഞ്ഞു.

പരാജയപ്പെട്ടാൽ പ്രസിഡന്റ് സ്ഥാനത്തിരുന്നു വീണ്ടും മൽസരിച്ചു പരാജയപ്പെടുന്ന ആളെന്ന പേരാകും ട്രംപിന് ചാർത്തിക്കിട്ടുക. 1992 ൽ ജോർജ് എച്ച്. ഡബ്ല്യു. ബുഷിനുശേഷം പ്രസിഡന്റായിരുന്നവർ വീണ്ടും മൽസരിച്ച് തോറ്റിട്ടില്ല. ബൈഡൻ ജയിച്ച മിഷിഗൻ(16 ഇലക്ടറൽ വോട്ട്), വീസ്കോൻസെൻ(10), പെൻസിൽവേനിയ(20) സ്റ്റേറ്റുകളിൽ ട്രംപ് അനുയായികൾ തിരഞ്ഞെടുപ്പ് ഫലത്തെ ചോദ്യംചെയ്ത് കോടതിയിൽ ഹർജി നൽകിയതോടെ നിയമയുദ്ധത്തിലേക്ക് കാര്യങ്ങൾ ചെന്നെത്തുമെന്ന സൂചനയും ശക്മമാണ്.

യുഎസ് വൈസ് പ്രസിഡന്റാകുന്ന ആദ്യ വനിതയായി ചരിത്രമെഴുതാൻ കമല

കഴിഞ്ഞ 231 വർഷത്തിനിടയിൽ ഒരു വനിത പോലും യുഎസിൽ പ്രസിഡന്റോ വൈസ് പ്രസിഡന്റോ ആയിട്ടില്ല. ഡമോക്രാറ്റ് സ്ഥാനാർഥി ജോ ബൈ‍ഡൻ ജയിച്ചാൽ ഒപ്പം വൈസ് പ്രസിഡന്റായി ഇന്ത്യൻ വംശജ കമല ഹാരിസ് എത്തുന്നതോടെ യുഎസ് പുതിയ ചരിത്രമെഴുതും – വൈസ് പ്രസിഡന്റാകുന്ന ആദ്യ വനിത. പ്രസിഡന്റ് സ്ഥാനത്തേക്കു പ്രമുഖ കക്ഷിയുടെ സ്ഥാനാർഥിയായി മത്സരിച്ച ആദ്യ വനിത ഹിലറി ക്ലിന്റൻ ആണ്. 2016 ൽ ഡമോക്രാറ്റ് സ്ഥാനാർഥി. ഡോണൾഡ് ട്രംപിനോടു പരാജയപ്പെട്ടു.

വൈസ് പ്രസിഡന്റ് പദത്തിലേക്ക് ആദ്യമായി മത്സരിച്ച വനിത ജെറാൾഡിൻ ഫെറാരോ ആണ്. 1984 ൽ ഡമോക്രാറ്റിക് സ്ഥാനാർഥിയായിരുന്നു. പരാജയപ്പെട്ടു. 2008 ൽ സാറാ പേയ്‌ലിനും വൈസ്പ്രസിഡന്റ് സ്ഥാനാർഥി (റിപ്പബ്ലിക്കൻ പാർട്ടി) ആയെങ്കിലും വിജയിച്ചില്ല. ചെറുപാർട്ടികളുടെ സ്ഥാനാർഥികളായി പല വനിതകളും പലപ്പോഴും രംഗത്തു വന്നിട്ടുണ്ടെങ്കിലും ആർക്കും പ്രതീക്ഷ നൽകുന്ന ഒരു മത്സരം കാഴ്ച വക്കാൻ സാധിച്ചിരുന്നില്ല.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.