
സ്വന്തം ലേഖകൻ: എയ്റ്റ കൊടുങ്കാറ്റിനെ തുടര്‍ന്നുള്ള കനത്ത മണ്ണിടിച്ചിലിലും വെള്ളപ്പൊക്കത്തിലുമായി ഗ്വാട്ടിമാലയില്‍ നൂറ്റിയമ്പതോളം ആളുകള്‍ മരണപ്പെടുകയോ കാണാതാവുകയോ ചെയ്തതായി റിപ്പോര്‍ട്ട്. ഗ്രാമപ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലായതായി ഗ്വാട്ടിമാലന്‍ പ്രസിഡന്റ് അലജാന്‍ഡ്രോ ഗയാമെറ്റി അറിയിച്ചു.
ഏയ്റ്റ ആഞ്ഞ് വീശി തുടങ്ങിയ വ്യാഴാഴ്ച മുതല്‍ രാജ്യത്തെമ്പാടും നാശം വിതച്ച് തുടങ്ങിയിരുന്നു. സൈന്യമെത്തി രക്ഷാപ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. നിരവധി വീടുകള്‍ മണ്ണിനടിയിലായതായും നൂറുപേരെങ്കിലും മരണപ്പെട്ടിട്ടുണ്ടാവുമെന്നും സൈന്യം പ്രാഥമിക വിവരം നല്‍കിയിരുന്നു. എന്നാല്‍ മരണസംഖ്യ ഇതിലും കൂടുമെന്നാണ് പ്രസിഡന്റ് അറിയിച്ചത്. ശക്തമായ മഴവെള്ളപ്പാച്ചിലില്‍ നിരവധി വീടുകള്‍ ഒലിച്ചുപോയി.
റോഡുകളും പാലങ്ങളും തകര്‍ന്നതിനാല്‍ രക്ഷാപ്രവര്‍ത്തനവും ദുഷ്‌കരമായിരിക്കുകയാണ്. രക്ഷാപ്രവര്‍ത്തനം വേഗത്തിലാക്കാനായി ഹെലികോപ്റ്ററുകളും സ്പീഡ് ബോട്ടുകളും ഉടന്‍ എത്തിക്കാനും ബന്ധപ്പെട്ടവര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ചിലയിടങ്ങളില്‍ വീടിന്റെ മുകള്‍ തട്ടിലും മറ്റും നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നുമുണ്ട്. മണിക്കൂറില്‍ 150 കിലോമീറ്റര്‍ വേഗതയില്‍ ആഞ്ഞടിച്ച ഏയ്റ്റ സര്‍വ മേഖലയേയും തകര്‍ത്തെറിഞ്ഞാണ് പോവുന്നത്.
നൂറ് വര്‍ഷത്തിനിടെ രാജ്യത്ത് വന്ന ഏറ്റവും വലിയ കാറ്റാണിതെന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്. വീടുകള്‍ക്കും കെട്ടിടങ്ങള്‍ക്കും മുകളില്‍ കുടുങ്ങിയവര്‍ക്കായി ഭക്ഷണം പോലും എത്തിക്കാന്‍ കഴിയാത്ത അവസ്ഥയിലാണ്. കാറ്റിന് വരും ദിവസങ്ങളില്‍ ശക്തി വര്‍ധിക്കുമെന്നും മഹാദുരന്തമായി മാറാന്‍ സാധ്യതയുണ്ടെന്നുമാണ് കാലാവസ്ഥാ വിദഗ്ധരും ചൂണ്ടിക്കാട്ടുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല