
സ്വന്തം ലേഖകൻ: യുഎസിലെ ഫ്ലോറിഡയിൽ ചീങ്കണ്ണികൾ നിറഞ്ഞ കനാലിലേക്കു കാർ മറിഞ്ഞ് മലയാളി വനിതാ ഡോക്ടർ മരിച്ചു. ഷിക്കാഗോയിൽ താമസിക്കുന്ന ഉഴവൂർ കുന്നുംപുരത്ത് എ.സി.തോമസ്–ത്രേസ്യാമ്മ ദമ്പതികളുടെ മകൾ ഡോ.നിത കുന്നുംപുറത്ത് (30) ആണു മരിച്ചത്.അമേരിക്കൻ സമയം വെള്ളിയാഴ്ച രാവിലെ 6.30ന് (ഇന്ത്യൻ സമയം വൈകിട്ട് 6) ആയിരുന്നു അന്ത്യം. തൊട്ടുപിന്നാലെ കാറിലെത്തിയവർ രക്ഷിക്കാൻ കനാലിൽ ഇറങ്ങിയെങ്കിലും ചീങ്കണ്ണികൾ പാഞ്ഞെത്തിയതോടെ തിരികെ കയറി. ഇവർ വിവരമറിയിച്ചതനുസരിച്ച് പൊലീസെത്തി ഡോക്ടറെ പുറത്തെടുത്തെങ്കിലും മരിച്ചിരുന്നു.
മയാമയിലെ ആശുപത്രിയിൽ ജോലി ചെയ്യുന്ന ഡോ.നിത, ഇല്ലിനോയി ബെൻസൻവില്ലെയിലെ താമസസ്ഥലത്തുനിന്ന് നേപ്പിൾസിലെക്ക് ഒറ്റയ്ക്ക് പോകുമ്പോഴാണ് നിയന്ത്രണം വിട്ട കാർ കനാലിലേക്കു മറിഞ്ഞത്.പിന്നാലെ വന്ന കാറിൽ അമേരിക്കൻ ദമ്പതികളായിരുന്നു. അവരിൽ ഭർത്താവ് കനാലിലേക്കു ചാടി കാറിൽ നിന്നു നിതയെ പുറത്തെടുത്തു. ബോധം നഷ്ടപ്പെട്ട നിതയെ കരയ്ക്കെത്തിക്കുന്നതിനിടെ ചീങ്കണ്ണികൾ പാഞ്ഞെത്തി. കരയിൽ നിന്ന ഭാര്യ അലറിക്കരഞ്ഞതോടെ അദ്ദേഹം ശ്രമം ഉപേക്ഷിച്ചു കരയ്ക്കു കയറി.
ഫ്ലോറിഡയെയും നേപ്പിൾസിനെയും ബന്ധിപ്പിക്കുന്ന ഐ 75 ഹൈവേയുടെ വശങ്ങളിലാണ് കനാലുകൾ സ്ഥിതി ചെയ്യുന്നത്. ചീങ്കണ്ണികൾ നിറഞ്ഞ ഈ മേഖലയിൽ അതീവ ജാഗ്രതാ നിർദേശമുണ്ട്. എക്സൈസിൽ നിന്നു വിരമിച്ച എ.സി.തോമസ് 15 വർഷമായി കുടുംബത്തോടൊപ്പം അമേരിക്കയിലാണ് താമസം. പത്താംക്ലാസ് വരെ കേരളത്തിൽ പഠിച്ച നിത മയാമിയിൽ സർജറി പിജി വിദ്യാർഥിയായിരുന്നു. സംസ്കാരം പിന്നീട് ഷിക്കാഗോ എസ്എച്ച് ക്നാനായ കത്തോലിക്ക പള്ളിയിൽ നടക്കും. നിതിൻ, നിമിഷ എന്നിവർ സഹോദരങ്ങളാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല