1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 9, 2020

സ്വന്തം ലേഖകൻ: ബ്രെക്സിറ്റ് പൂർണമായും പ്രാബല്യത്തിൽ വരുന്നതിനുള്ള അവസാന തിയ്യതി തോട്ടടുത്തെത്തിയ സാഹചര്യത്തിൽ യൂറോപ്യൻ യൂണിയനുമായുള്ള ചർച്ചകൾ വീണ്ടും തുടങ്ങാൻ യുകെ. ഇയുവുമായി ബ്രെക്‌സിറ്റിനു ശേഷമുള്ള വ്യാപാര കരാറിന് ഉടൻ അന്തിമ രൂപം നൽകണമെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ വ്യക്തമാക്കി. അതിർത്തി കടന്നുള്ള ചരക്കുനീക്കത്തിനായി മാറ്റങ്ങൾ വരുത്താൻ നവംബർ പകുതിയോടെ കരാർ അംഗീകരിക്കേണ്ടതുണ്ട്.

എന്നാൽ കഴിഞ്ഞ കുറച്ചു മാസങ്ങളായി ചർച്ചകൾ തീരെ മുന്നോട്ട് പോകാത്ത സ്ഥിതിയാണ്. കുറഞ്ഞത് രണ്ട് പ്രധാന തർക്ക വിഷയങ്ങളിലെങ്കിലും ധാരണയിലെത്താൻ ഇരുപക്ഷവും പാടുപെട്ടതിനെ തുടർന്നാണ് ചർച്ചകൾ നിലച്ചത്. എന്തായാലും യൂറോപ്യൻ യൂണിയനുവേണ്ടി മൈക്കൽ ബാർനിയറും യുകെക്ക് വേണ്ടി ഡേവിഡ് ഫ്രോസ്റ്റും ഈ ആഴ്ച ലണ്ടനിൽ ചർച്ച പുനരാരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ.

ഞായറാഴ്ച ലണ്ടനിലെത്തിയ ബാർനിയർ മടങ്ങിയെത്തിയതിൽ വളരെ സന്തോഷമുണ്ടെന്നും കരാർ യാഥാർഥ്യമാക്കുന്നതിനുള്ള ശ്രമം തുടരുകയാണെന്നും പറഞ്ഞു. ജോൺസണും യൂറോപ്യൻ യൂണിയൻ മേധാവി ഉർസുല വോൺ ഡെർ ലെയ്‌നും ശനിയാഴ്ച ഫോണിൽ സംസാരിച്ചതിന് ശേഷമാണ് പുതിയ നീക്കം.

“ഞങ്ങളുടെ യൂറോപ്യൻ സുഹൃത്തുക്കളുമായും പങ്കാളികളുമായും ഒരു വ്യാപാര കരാർ ഉണ്ടാക്കുന്ന കാര്യത്തിൽ യുകെ പ്രതിജ്ഞാബദ്ധമാണ്,” ചർച്ചകൾക്ക് മുന്നോടിയായി ജോൺസൺ പറഞ്ഞു.

സർക്കാർ സഹായം ലഭിക്കുന്ന മേഖലകളിലും ഫിഷറീസിലും ഫെയർ കോ‌മ്പറ്റിഷൻ എന്നതാണ് ചർച്ചകളിൽ കീറാമുട്ടിയായി നിൽക്കുന്നത്. ബ്രെക്സിറ്റ് അനുകൂലികൾ ഏറെ പ്രാധ്യാന്യം നൽകുന്ന മേഖല കൂടിയാണ് ഫിഷറീസ് എന്നത് പ്രശ്നത്തിന്റെ ഗൌരവം വർധിപ്പിക്കുന്നു.

അമേരിക്കൻ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ജോ ബൈഡന്റെ മുന്നറിയിപ്പുകൾ അവഗണിച്ച് വിവാദ ബില്ലായ ഇന്റേണൽ മാർക്കറ്റ് ബില്ലുമായി മുന്നോട്ട് പോകാനുള്ള ജോൺസന്റെ തീരുമാനമാണ് ചർച്ചകളിലെ മറ്റൊരു കല്ലുകടി. ഈയാഴ്ച വോട്ടിനിടാനിരിക്കുന്ന മാർക്കറ്റ് ബിൽ, വടക്കൻ അയർലൻഡുമായി ബന്ധപ്പെട്ട വിത്ത്ഡ്രോവൽ എഗ്രീമെന്റിനെ അസാധുവാക്കും. ബിൽ അന്താരാഷ്ട്ര നിയമങ്ങൾ ലംഘിക്കുന്നതായി ബ്രിട്ടീഷ് സർക്കാർ ഇതിനകം സമ്മതിച്ചിട്ടുണ്ട്.

ബ്രെക്സിറ്റ് കരാർ ഗുഡ് ഫ്രൈഡേ കരാറിന്റെ അന്തകനാകരുത് എന്നാണ് ഐറിഷ് കുടുംബ വേരുകളുള്ള ബൈഡന്റെ പരസ്യ നിലപാട്‌. കൂടാതെ ബ്രെക്സിറ്റാനന്തര യുകെ – യുഎസ് വ്യാപാര കരാർ ഇക്കാര്യത്തെ ആശ്രയിച്ചിരിക്കുമെന്നും വൈറ്റ് ഹൌസ് വ്യക്തമായ സൂചന നൽകിക്കഴിഞ്ഞു.

വെയിൽസിന്റെ 17 ദിവസത്തെ ഫയർബ്രേക്ക് ലോക്ക്ഡൌൺ അവസാനിച്ചതോടെ കൊവിഡിനെ ചെറുക്കുന്നതിനുള്ള പുതിയ ദേശീയ നടപടികൾ പ്രാബല്യത്തിൽ വന്നു. ഇതോടെ വ്യത്യസ്ത വീടുകളിൽ നിന്നുള്ള നാലു പേർക്ക് പബ്ബുകൾ, കഫേകൾ, റസ്റ്റോറന്റുകൾ എന്നിവിടങ്ങളിൽ ഒത്തുചേരാം. ഷോപ്പുകൾ, ജിമ്മുകൾ, ഹെയർഡ്രെസ്സർമാർ, ആരാധനാലയങ്ങൾ എന്നിവ വീണ്ടും തുറക്കാനും അനുമതിയുണ്ട്.

സൂപ്പർമാർക്കറ്റുകൾക്ക് അവശ്യമല്ലാത്ത ഇനങ്ങളും വിൽക്കാൻ കഴിയും. എന്നാൽ മദ്യ വിൽപ്പനയുടെ കാര്യത്തിൽ രാത്രി 10 മണിയ്ക്കുള്ള കർഫ്യൂ തുടരും. വെയിൽസിനുള്ളിലെ യാത്രയ്ക്ക് നിയന്ത്രണങ്ങളൊന്നുമില്ല, പക്ഷേ ജോലി പോലുള്ള കാരണങ്ങളാൽ മാത്രമേ ആളുകൾക്ക് രാജ്യം വിടാൻ അനുവാദമുള്ളൂ.

പൊതുഗതാഗതവും ടാക്സികളും ഉൾപ്പെടെ പൊതുസ്ഥലങ്ങളിൽ രണ്ട് മീറ്റർ സാമൂഹിക അകലം പാലിക്കുകയും മുഖംമൂടി ധരിക്കുകയും ചെയ്യുണമെന്നും മാർഗനിർദേശങ്ങളിൽ ഓർമിപ്പിക്കുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.