
സ്വന്തം ലേഖകൻ: കൊവിഡ് 19 വ്യാപിക്കുന്ന പശ്ചാത്തലത്തിൽ ഫേസ് മാസ്ക് ധരിക്കൽ നിർബന്ധിത നിയമമായി തുടരുന്നതിനിടെ രോഗികളുൾപ്പെടെ അത്യാവശ്യക്കാർക്ക് മാസ്ക് ധരിക്കുന്നതിൽനിന്ന് ദുബായ്യിൽ ഇളവ് നൽകുന്നു.ദുബായ് ഹെൽത്ത് അതോറിറ്റി (ഡി.എച്ച്.എ) ദുബായ് പൊലീസുമായി സഹകരിച്ചാണ് പ്രത്യേക മെഡിക്കൽ അവസ്ഥകളുള്ള താമസക്കാർക്ക് മാസ്ക് ധരിക്കുന്നതിൽനിന്ന് ഇളവ് ലഭിക്കുന്നതിനുള്ള അനുമതിക്കായി അപേക്ഷിക്കാമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്.
മുഖത്ത് രക്തസ്രാവം, ചൊറിച്ചിൽ, പുറംതൊലിയിൽ വേദന തുടങ്ങിയ കടുത്ത ലക്ഷണങ്ങൾ കാട്ടുന്ന ഫംഗസ് ഡെർമറ്റൈറ്റിസ് ബാധിച്ചവർ, വായ, മൂക്ക് അല്ലെങ്കിൽ മുഖത്തെ ബാധിക്കുന്ന തരത്തിൽ കഠിനമായ ഹെർപസ് സിംപ്ലക്സ് അണുബാധയുള്ളവർ, കഠിനവും അനിയന്ത്രിതവും വിട്ടുമാറാത്തതുമായ സൈനസൈറ്റിസുഉള്ളവർ, അനിയന്ത്രിതമായ ആസ്ത്മയുള്ള രോഗികൾ, മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിക്കുന്ന നിശ്ചയദാർഢ്യ വിഭാഗക്കാർ എന്നിവർക്കാണ് മാസ്ക് ധരിക്കുന്നതിൽനിന്ന് ഇളവ് നൽകുന്നത്.
ഇത്തരക്കാർ ദുബായ് പൊലീസി െൻറ വെബ്‌സൈറ്റായ www.dxbpermit.gov.ae വഴി അപേക്ഷ നൽകണം. മെഡിക്കൽ റിപ്പോർട്ടുകൾക്ക് പുറമെ, അപേക്ഷകരുടെ എമിറേറ്റ്സ് ഐ.ഡിയും നൽകിയാണ് പെർമിറ്റിന് അപേക്ഷിക്കേണ്ടത്.ദുബായ് ഹെൽത്ത് അതോറിറ്റിയുടെ ജനറൽ മെഡിക്കൽ കമ്മിറ്റി ഓഫിസ് അപേക്ഷകൾ വിലയിരുത്തി, ഇളവ് ലഭിക്കുന്നതിന് ആവശ്യമായ ആരോഗ്യ പ്രശ്നങ്ങൾ അപേക്ഷകനുണ്ടെന്ന് സ്ഥിരീകരിക്കുന്ന ഒരു മെഡിക്കൽ റിപ്പോർട്ടി െൻറ കൂടി അടിസ്ഥാനത്തിൽ മാത്രമേ ഇളവ് അനുവദിക്കുകയുള്ളൂ.
അഞ്ചു ദിവസത്തിനുള്ളിൽ അപേക്ഷയിൽ തീരുമാനമെടുക്കും. ഒരു അപേക്ഷകന് അനുവദിച്ച ഇളവുകളുടെ സാധുത ആരോഗ്യസ്ഥിതിയെ ആശ്രയിച്ചിരിക്കും. പൊതുജനങ്ങളുടെ സുരക്ഷയും ക്ഷേമവും ഉറപ്പുവരുത്തുകയെന്ന ലക്ഷ്യത്തി െൻറ ഭാഗമായാണ് ചില വിഭാഗക്കാർക്ക് ഇളവുകൾ നൽകാനുള്ള തീരുമാനമെന്ന് ഡി.എച്ച്.എ ഉൗന്നിപ്പറഞ്ഞു. ഇളവുകളുള്ള ആളുകൾക്ക് മാസ്ക് ധരിക്കുന്നത് നിർബന്ധമല്ലെങ്കിലും തങ്ങളെയും മറ്റുള്ളവരേയും അണുബാധയുടെ അപകടത്തിൽനിന്ന് സംരക്ഷിക്കുന്നതിന് പൊതുസ്ഥലങ്ങളിൽ മാസ്ക് ധരിക്കുക തന്നെയാണ് നല്ലതെന്നും അതോറിറ്റി ഓർമിപ്പിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല