
സ്വന്തം ലേഖകൻ: ഒമാനില്‍ വീണ്ടും സന്ദര്‍ശക വീസ അനുവദിച്ചു തുടങ്ങി. ഫാമിലി വീസിറ്റ്, എക്സ്പ്രസ് വീസകള്‍ എന്നിവയാണ് അനുവദിക്കുന്നത്. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മാര്‍ച്ച് പകുതിയോടെയാണ് രാജ്യത്ത് സന്ദര്‍ശക വീസകള്‍ നിര്‍ത്തിവെച്ചത്. കൊവിഡ് കാരണം രാജ്യത്ത് കുടുങ്ങിയ സന്ദര്‍ശന വീസയില്‍ എത്തിയവര്‍ക്ക് അധികൃതര്‍ വീസാ കാലാവധി സൗജന്യമായി നീട്ടി നല്‍കിയിരുന്നു.
ഈ ആനുകൂല്യം ഇടയ്ക്ക് ഒഴിവാക്കിയെങ്കിലും വീസാ കാലാവധി കഴിഞ്ഞവര്‍ക്ക് ഓണ്‍ലൈന്‍ വഴി പുതുക്കുന്നതിന് സൗകര്യം ഏര്‍പ്പെടുത്തിയിരുന്നു. ഈ സേവനം ഇപ്പോഴും ലഭ്യമാണ്. ഇതിനിടെയാണ് ഈ മാസം എട്ട് മുതല്‍ വീണ്ടും സന്ദര്‍ശക വീസകള്‍ അനുവദിച്ചു തുടങ്ങിയത്. പ്രവാസികള്‍ക്ക് കുടുംബങ്ങളെ കൊണ്ടുവരുന്നതിനും എക്സ്പ്രസ് വീസകളില്‍ ആളുകളെ രാജ്യത്തേക്ക് കൊണ്ടുവരുന്നതിനും ഇതിലൂടെ അവസരം ലഭിക്കും.
ബുധനാഴ്ച മുതൽ ഒമാനിലെത്തുന്ന വിമാനയാത്രക്കാരുടെ കൈവശം അംഗീകൃത സ്ഥാപനങ്ങളിൽ നിന്നുള്ള നെഗറ്റിവ് പി.സി.ആർ പരിശോധന ഫലം ഉണ്ടാകണം. നവംബർ ഒന്നിന് നടന്ന സുപ്രീം കമ്മിറ്റി യോഗത്തിലെ തീരുമാനപ്രകാരമുള്ള നിബന്ധനയാണ് പ്രാവർത്തികമാകുന്നത്. വിമാനത്താവളത്തിൽ പതിവുപോലെ പി.സി.ആർ പരിശോധനയുണ്ടാകും.
ക്വാറൻറീൻ വ്യവസ്ഥകളിലും സുപ്രീം കമ്മിറ്റി മാറ്റം വരുത്തിയിട്ടുണ്ട്. ക്വാറൻറീൻ വ്യവസ്ഥയിലെ മാറ്റം കഴിഞ്ഞ ദിവസങ്ങളിൽതന്നെ പ്രാവർത്തികമായിട്ടുണ്ട്. ഇതുപ്രകാരം വിമാനത്താവളത്തിൽ നടത്തുന്ന പരിശോധനയിലും ഒമാനിലെത്തി എട്ടാം ദിവസം നടത്തുന്ന പി.സി.ആർ പരിശോധനയിലും നെഗറ്റിവ് റിപ്പോർട്ട് ഉള്ളവർക്ക് ക്വാറൻറീൻ അവസാനിപ്പിക്കാവുന്നതാണ്. എട്ടാമത്തെ ദിവസം പി.സി.ആർ പരിശോധനക്ക് വിധേയമാകാൻ താൽപര്യമില്ലാത്തവർക്ക് നേരത്തേയുള്ളത് പോലെ 14 ദിവസം എന്ന രീതി തുടരുകയും ചെയ്യാം.
15 വയസ്സും അതിൽ താഴെയും പ്രായമുള്ളവർക്ക് പി.സി.ആർ പരിശോധന ആവശ്യമില്ല. കോവിഡ് ട്രാക്കിങ് ബാൻഡ് ധരിക്കുന്നതിൽ നിന്നും ഇവരെ ഒഴിവാക്കിയിട്ടുണ്ട്. യാത്രക്കാർക്കായുള്ള മറ്റ് ആരോഗ്യ സുരക്ഷ നടപടിക്രമങ്ങൾ മാറ്റമില്ലാതെ തുടരുകയും ചെയ്യും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല