
സ്വന്തം ലേഖകൻ: യുഎഇയിൽ സ്വകാര്യ മേഖലയിലെ പുതിയ തൊഴിലാളികൾക്ക് മെഡിക്കൽ അവധിക്കു വേതനമുണ്ടാകില്ലെന്ന് അധികൃതർ. പ്രബേഷൻ പൂർത്തിയാക്കിയ ശേഷമേ വേതനത്തോടു കൂടിയ അവധിയും ചികിത്സയ്ക്കുള്ള അവധിയും ലഭിക്കൂ. ആദ്യ 6 മാസ തൊഴിൽ പരിശീലനം കഴിഞ്ഞാൽ പ്രതിമാസം 2 ദിവസത്തെ അവധിക്ക് അർഹതയുണ്ടെന്നു മാനവ വിഭവശേഷി – സ്വദേശിവൽക്കരണ മന്ത്രാലയം അറിയിച്ചു.
സേവനം ഒരു വർഷം തികഞ്ഞാൽ 30 ദിവസം അവധി.വെള്ളിയാഴ്ച സ്വകാര്യ മേഖലയിലെ മുഴുവൻ തൊഴിലാളികൾക്കും അവധിയാണ്. ഈ ദിവസം തൊഴിലെടുപ്പിച്ചാൽ മറ്റൊരു ദിവസം വേതനം സഹിതം അവധി നൽകണം. ദിവസക്കൂലിക്കു ജോലിചെയ്യുന്നവരെ ഒഴികെ 2 വാരാന്ത്യ അവധികൾ തുടർച്ചയായി തൊഴിലെടുപ്പിക്കരുതെന്നും അധികൃതർ നിർദേശിച്ചു.
തൊഴിൽ നിയമമനുസരിച്ച് 90 ദിവസമാണ് മെഡിക്കൽ ലീവ്. ഇതിൽ ആദ്യ 15 ദിവസം പൂർണ ശമ്പളത്തോടൊപ്പം അവധി കിട്ടും. അവധി കൂടിയാൽ വ്യത്യാസം വരും. ഒരു മാസം അവധിയാണെങ്കിൽ പകുതി വേതനമാണ് ലഭിക്കുക. 45 ദിവസം വരെ പകുതി വേതനം. അവധിക്കാലത്ത് താമസ അലവൻസും നൽകണം. അവധിക്ക് പുറപ്പെടും മുൻപ് വേതനം നൽകണം.
അവധി തുടങ്ങുന്ന ദിവസം തീരുമാനിക്കാൻ സ്പോൺസർക്ക് അധികാരമുണ്ടെങ്കിലും തടയാൻ അവകാശമില്ല. നിർബന്ധമെങ്കിൽ അവധി 2 ഘട്ടമായി നൽകാം. വാർഷിക അവധി നൽകാതെ 2 വർഷത്തിൽ കൂടുതൽ ജോലി ചെയ്യിക്കരുത്. ജോലിയിൽ പ്രവേശിച്ച ദിവസം മുതലാണു അവധിക്കുള്ള ദിവസം കണക്കാക്കുക. ആദ്യത്തെ 6 മാസം വാർഷിക അവധിക്ക് അർഹതയില്ല. ആവശ്യമെങ്കിൽ വേതനരഹിത മെഡിക്കൽ അവധി ലഭിക്കും. 6 മാസം കഴിഞ്ഞാൽ ശമ്പളത്തോടൊപ്പം മെഡിക്കൽ അവധിക്ക് അർഹതയുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല