1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 11, 2020

സ്വന്തം ലേഖകൻ: ഖത്തറില്‍ വിദേശ നിക്ഷേപം വര്‍ധിപ്പിക്കാന്‍ പുതിയ സാധ്യതകള്‍. രാജ്യത്ത് ഇനി നിശ്ചിത തുകയുടെ പ്രോപ്പര്‍ട്ടി വാങ്ങുന്നവര്‍ക്ക് സ്‌പോണ്‍സര്‍ഷിപ്പ് ഇല്ലാതെ തന്നെ താമസവീസ സ്വന്തമാക്കാനാവും. ഫോസില്‍ ഇന്ധനത്തിന്‍ മേലുള്ള ഖത്തര്‍ സാമ്പത്തിക മേഖലയുടെ ആശ്രതത്വം കുറയ്ക്കുന്നതിന്റെയും രാജ്യത്ത് വിദേശ നിക്ഷേപം കൂട്ടുന്നതിന്റെയും ഭാഗമായാണ് തീരുമാനം. കഴിഞ്ഞ സെപ്റ്റംബറിലാണ് ഈ പദ്ധതി മുന്നോട്ടുകൊണ്ടുവന്നത്.

നേരത്തെ ഖത്തറില്‍ റെസിഡന്‍സിക്കായി രാജ്യത്തെ ഒരു ബിസിനസ് ഓര്‍ഗനൈസേഷനില്‍ നിന്നോ ഖത്തര്‍ പൗരന്‍മാരില്‍ നിന്നോ ഉള്ള സ്‌പോണ്‍സര്‍ഷിപ്പ് ആവശ്യമായിരുന്നു. ഇനി 200,000 ഡോളറിന് ഒരു പ്രോപ്പര്‍ട്ടി വാങ്ങുന്നത് വഴി താല്‍ക്കാലിക താമസ അനുമതി ലഭിക്കും. 1 മില്യണ്‍ ഡോളറിന് പ്രോപ്പര്‍ട്ടി വാങ്ങുന്നത് വഴി പെര്‍മനന്റ് റെസിഡന്‍സി വീസയുടെ എല്ലാ ആനുകൂല്യങ്ങളും ലഭിക്കും. സൗജന്യ വിദ്യഭ്യാസവും ചികിത്സയും ഇവര്‍ക്ക് നേടാനാവും.

സമാനമായ രീതി നേരത്തെ യു.എ.ഇയും നടപ്പിലാക്കിയിട്ടുണ്ട്. 2.7 മില്ല്യണ്‍ ഡോളര്‍ നിക്ഷേപം ദുബായില്‍ നടത്തുന്നവര്‍ക്ക് 10 വര്‍ഷത്തെ റെസിഡന്‍സി വീസ ലഭിക്കും. അതേസമയം 2.7 മില്യണ്‍ നിക്ഷേപത്തില്‍ 40 ശതമാനം നിക്ഷേപം ഭൂസ്വത്തിലായിരിക്കണം.

അതേസമയം യു.എ.ഇ ആകര്‍ഷിക്കുന്നയത്ര വിദേശ നിക്ഷേപത്തെ ഖത്തറിന് ലഭിക്കുമോ എന്നതില്‍ ബിസിനസ് നിരീക്ഷകര്‍ക്ക് സംശയമുണ്ട്. മദ്യത്തിനും മറ്റു വിലക്കുള്ള യഥാസ്ഥിതിക ചട്ടങ്ങള്‍ ഖത്തറിലേക്കുള്ള വിദേശനിക്ഷേപത്തിന് തടസ്സമായി വന്നേക്കാം. അതേസമയം ഖത്തര്‍ വേള്‍ഡ്കപ്പ് 2022 ന് ആതിഥേയത്വം വഹിക്കുന്നത് ഇപ്പോഴത്തെ നീക്കത്തിന് ഗുണമാവും. ഇതിനിടെ യു.എ.ഇ വിദേശ നിക്ഷേപ സാധ്യതകള്‍, ടൂറിസ വളര്‍ച്ച തുടങ്ങിയവ മുന്നില്‍ കണ്ട് വമ്പന്‍ പരിഷ്‌കാരങ്ങളാണ് രാജ്യത്ത് നടപ്പിലാക്കുന്നത്.

രാജ്യത്തെ ഇസ്ലാമിക വ്യക്തിഗത നിയമങ്ങളില്‍ മാറ്റങ്ങള്‍ വരുത്താന്‍ കഴിഞ്ഞ ദിവസം യു.എ.ഇ തീരുമാനിച്ചിരുന്നു. 21 വയസ്സ് പൂര്‍ത്തിയായവരുടെ മദ്യപാനം, അവിവാഹിതരായ സ്ത്രീയും പുരുഷനും ഒരുമിച്ച് താമസിക്കുന്നത് എന്നിവ കുറ്റകരമല്ലാതാക്കി കൊണ്ടുള്ള മാറ്റങ്ങളാണ് നടപ്പില്‍ വരുത്തുന്നത്.

ലൈംഗിക കേസുകളുമായി ബന്ധപ്പെട്ട നടപടികള്‍, അനന്തരാവകാശം, വിവാഹം, വിവാഹമോചനം എന്നിവയുമായി ബന്ധപ്പെട്ട നിയമങ്ങളിലും കാര്യമായ മാറ്റങ്ങളുണ്ടാകും. അതോടൊപ്പം രാജ്യത്തുള്ള വിദേശികളുമായി ബന്ധപ്പെട്ട വ്യക്തി നിയമങ്ങളില്‍ ഇസ്ലാമിക നിയമങ്ങളുടെ ഉപയോഗം പരിമിതപ്പെടുത്തുന്നതിനും പുതിയ പരിഷ്‌കാരം ലക്ഷ്യമിടുന്നുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.