
സ്വന്തം ലേഖകൻ: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം നവംബർ 17 മുതൽ 24 മണിക്കൂറും പ്രവർത്തിക്കും. കമേഴ്സ്യൽ വിമാനങ്ങൾ നിലവിൽ രാത്രി സർവീസ് നടത്തുന്നില്ല. രാത്രി 10നും പുലർച്ച നാലിനുമിടയിലാണ് നിലവിൽ കമേഴ്സ്യൽ വിമാനങ്ങൾ സർവീസ് നടത്താത്തത്. ആവശ്യമായ ആരോഗ്യ പ്രതിരോധ നടപടികളും വേണ്ടത്ര ജീവനക്കാരെയും ഏർപ്പെടുത്തിയാൽ മുഴുവൻ സമയം പ്രവർത്തിക്കുന്നതിന് എതിർപ്പില്ലെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചിരുന്നു.
ആവശ്യമായ ജീവനക്കാരെ അനുവദിക്കാൻ നാസും കുവൈത്ത് എയർവേസും തയാറായിട്ടുണ്ട്. വിമാന സർവീസ് വേണ്ടത്രയില്ലാത്തതിനാൽ വിമാനക്കമ്പനികളുടെ പക്കൽ റിസർവ് ജീവനക്കാർ ഏറെയുണ്ട്. 17 മുതൽ വിമാനത്താവളം മുഴുവൻ സമയവും പ്രവർത്തിക്കുമെന്ന് സിവിൽ ഏവിയേഷൻ ഡയറക്ടർ ജനറൽ എൻജിനീയർ സുലൈമാൻ അൽ ഫൗസാൻ ആണ് അറിയിച്ചത്. ആരോഗ്യ മന്ത്രാലയത്തിെൻറ അന്തിമ അനുമതി അടുത്ത ദിവസം ലഭിച്ചേക്കും.
പ്രവർത്തന സമയം വർധിപ്പിക്കുന്നുവെങ്കിലും വിമാനങ്ങളുടെ എണ്ണം ഇപ്പോൾ വർധിപ്പിക്കില്ലെന്നാണ് റിപ്പോർട്ടുകൾ. 30 ശതമാനം ശേഷിയിലാണ് കുവൈത്ത് വിമാനത്താവളം ഇപ്പോൾ പ്രവർത്തിക്കുന്നത്. പ്രതിദിനം 100 വിമാന സർവീസുകളാണ് പരമാവധി ഉണ്ടാവുക. ആഗസ്റ്റ് ഒന്നിന് കമേഴ്സ്യൽ വിമാന സർവീസ് ആരംഭിച്ച ശേഷം ഈ തോതിലാണ് സർവീസുകൾ നടത്തുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല