
സ്വന്തം ലേഖകൻ: ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 50000 കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ മരിച്ചത് ഒരു മലയാളി ഉൾപ്പെടെ 595 പേരാണ്. കോവിഡിന്റെ രണ്ടാംവരവിൽ ദിവസംതോറും രോഗികളുടെ എണ്ണവും മരണനിരക്കും കൂടിവരുന്ന സ്ഥിതിയാണ് ബ്രിട്ടനിലെങ്ങും. ലോക്ക്ഡൗൺ രോഗവ്യാപനത്തിന്റെ തോത് കാര്യമായി കുറയ്ക്കുന്നില്ല എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
ബർമിങ്ങാമിൽ താമസിക്കുന്ന പത്തനംതിട്ട സ്വദേശി ഹർഷൻ ശശിയാണ് ഇന്നലെ കൊവിഡ് ബാധിച്ച് മരിച്ച മലയാളി. ഇദ്ദേഹത്തിന് 70 വയസായിരുന്നു. ബർമിങ്ങാമിലെ ഒരു പെട്രോൾ സ്റ്റേഷനിലും ഗ്രോസറി ഷോപ്പിലും ജോലി ചെയ്തിരുന്ന ഹർഷൻ ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്. കുടുബാംഗങ്ങൾ ലണ്ടനിലാണ്. ബ്രിട്ടനിൽ രണ്ടാം രോഗവ്യാപനത്തിനിടെ ജീവൻ നഷ്ടമാകുന്ന മൂന്നാമത്തെ മലയാളിയാണ് ഹർഷൻ. ഏപ്രിൽ – മേയ് മസങ്ങളിൽ 18 മലയാളികളുടെ ജീവനാണ് കോവിഡിൽ പൊലിഞ്ഞത്.
സർക്കാരിന്റെ ഔദ്യോഗിക കണക്കനുസരിച്ച് ബ്രിട്ടനിൽ ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത് 50,365 പേരാണ്. എന്നാൽ യഥാർഥ മരണസംഖ്യ ഇതിലും ഏറെയാണെന്നാണ് വിവിധ ചാരിറ്റികളുടെയും ഓഫിസ് ഓഫ് നാഷണൽ സ്റ്റാറ്റിസ്റ്റിക്സിന്റെയും മറ്റും കണക്ക്. കൊവിഡ് മരണങ്ങൾ 50,000 കടന്ന യൂറോപ്പിലെ ആദ്യത്തെയും ലോകത്തെ അഞ്ചാമത്തെയും രാജ്യമാണ് ബ്രിട്ടൻ. അമേരിക്ക, ബ്രസീൽ, ഇന്ത്യ, മെക്സിക്കോ എന്നീ രാജ്യങ്ങളാണ് മരണനിരക്കിൽ ബ്രിട്ടനേക്കാൾ മുന്നിലുള്ളത്.
ആശുപത്രി ചികിത്സയ്ക്കായി ഒരുവർഷത്തിലേറെയായി കാത്തിരിക്കുന്ന കൊവിഡ്-ഇതര രോഗികളുടെ എണ്ണം 2008 ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിലയിലാണെന്ന് പുതിയ കണക്കുകൾ. ഇംഗ്ലണ്ടിൽ 139,545 രോഗികൾ ആശുപത്രി ചികിത്സയ്ക്കായി 52 ആഴ്ചയിൽ കൂടുതൽ കാത്തിരിക്കുന്നു. 2019 സെപ്റ്റംബറിൽ ഇത് 1,305 ആയിരുന്നു. ഏറ്റവും പുതിയ കണക്ക് ഒരു ദശകത്തിലേറെയായി രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന കണക്കാണ്.
കൊറോണ വൈറസ് ബാധ മൂലമല്ലാത്ത പതിവ് ചികിത്സകൾക്കായി ഇംഗ്ലണ്ടിലെ ആശുപത്രികളിൽ പ്രവേശിപ്പിച്ച രോഗികളുടെ എണ്ണവും കഴിഞ്ഞ വർഷം ഇതേ സമയത്തേക്കാൾ 27% കുറഞ്ഞുവെന്ന് എൻഎച്ച്എസ് കണക്കുകൾ വ്യക്തമാക്കുന്നു. കഴിഞ്ഞ മാസം എ ആന്റ് ഇയിലേക്ക് പോകുന്നവരുടെ എണ്ണം 2019 ഒക്ടോബറിനെ അപേക്ഷിച്ച് 26.4 ശതമാനം കുറഞ്ഞുവെന്നും കണക്കുകൾ കാണിക്കുന്നു. “പരിശോധനയിൽ പങ്കെടുത്തവരുടെ എണ്ണം കഴിഞ്ഞ വർഷം ഇതേ മാസത്തേക്കാൾ വളരെ കുറവാണ്, ഇത് കൊവിഡ് വ്യാപനത്തിന്റെ ഫലമായിരിക്കാം,” റിപ്പോർട്ട് പറയുന്നു. പുതിയ ഡാറ്റ അനുസരിച്ച്, ഇംഗ്ലണ്ടിലെ എൻഎച്ച്എസ് ആശുപത്രികൾക്ക് അവരുടെ ക്യാൻസർ ടാർഗറ്റും താളം തെറ്റിയ നിലയിലാണ്.
ട്രാവൽ കോറിഡോർ പട്ടിക പുതുക്കുന്നതാണ് മറ്റൊരു പ്രധാന വാർത്ത. അതായത് സെൽഫ് ഐസോലേഷനിൽ പോകാതെ അവധിക്കാലം ആഘോഷിക്കാൻ കഴിയുന്ന സ്ഥലങ്ങളുടെ എണ്ണം കൂടാൻ സാധ്യതയുണ്ടെന്നാണ് സർക്കാർ വൃത്തങ്ങൾ നൽകുന്ന സൂചന. ഇക്കാര്യത്തിൽ ഔദ്യോഗിക പ്രഖ്യാപനം ഇന്നുണ്ടാകുമെന്നാണ് പ്രതീക്ഷ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല