1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 15, 2020

സ്വന്തം ലേഖകൻ: കൊവിഡ് വ്യാപനത്തെ തുടർന്ന് അടച്ച യുഎഇ–ഒമാൻ കര അതിർത്തി നാളെ തുറക്കും. ഒമാൻ സ്വദേശികൾക്കു യുഎഇയിൽ പ്രവേശിക്കുന്നതിനു പ്രത്യേക അനുമതി വേണ്ട. എന്നാൽ വിദേശികൾ ഐസിഎ അനുമതി എടുക്കണം. കൊവിഡ് പശ്ചാത്തലത്തിൽ യാത്രാ നടപടി പൂർത്തിയാക്കാൻ അതിർത്തിയിൽ പ്രത്യേക സൗകര്യം ഒരുക്കിയിട്ടുണ്ട്.

ദേശീയ അത്യാഹിത, ദുരന്ത നിവാരണ അതോറിറ്റി, ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ് (ഐസിഎ), വിദേശകാര്യ, രാജ്യാന്തര മന്ത്രാലയം എന്നിവ സംയുക്തമായാണ് അതിർത്തി തുറക്കുന്ന കാര്യത്തിൽ തീരുമാനമെടുത്തത്.

ഇത് ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരം മെച്ചപ്പെടുത്താനും ചരക്കുനീക്കത്തിനും ആക്കംകൂട്ടും. കൊവിഡ് മൂലം നിലച്ച സൗഹൃദ സന്ദർശനവും വിനോദസഞ്ചാരവും ഇതോടെ പുനരാരംഭിക്കും. ഒമാനിൽ ജോലി ചെയ്യുന്ന മലയാളികൾ അടക്കമുള്ള വിദേശികൾ യുഎഇയിലും തിരിച്ചും യാത്ര ചെയ്യുന്നത് പതിവാണ്. ബന്ധുക്കളെ സന്ദർശിക്കാനും വിനോദ സഞ്ചാരത്തിനുമായാണ് പ്രധാനമായും യാത്ര.

അതിർത്തി കടക്കാൻ അംഗീകൃത ലബോറട്ടറികളിൽനിന്നു 48 മണിക്കൂറിനകം എടുത്ത പിസിആർ നെഗറ്റീവ് ഫലം നിർബന്ധം. മാസ്ക് ധരിക്കുക, അകലം പാലിക്കുക തുടങ്ങി കൊവിഡ് മാനദണ്ഡം പാലിച്ചാണ് അതിർത്തി കവാടത്തിൽ എത്തേണ്ടത്. അതിർത്തിയിലെ പരിശോധനയിൽ കൊവിഡ് പോസിറ്റീവ് ആകുന്നവരെ തിരിച്ചയക്കും.

സ്മാർട് ഫോണിൽ അൽഹൊസൻ ആപ്പ് ഡൗൺലോഡ് ചെയ്ത് ആക്ടീവ് ആക്കണം. ഫലമറിയാനും ഓരോ എമിറേറ്റിലെയും കൊവിഡ് നിയമങ്ങൾ അറിയാനും സമ്പർക്കത്തിൽ ഏർപ്പെട്ടവരിൽനിന്നു അകലം പാലിക്കാനും ഇതു സഹായിക്കും. തുടർച്ചയായി 4 ദിവസം യുഎഇയിൽ താമസിക്കുന്നവർ നാലാം ദിവസം പിസിആർ ടെസ്റ്റ് എടുക്കണം. യുഎഇയിൽ എത്തുന്നവർ എമിറേറ്റുകളിലെ ക്വാറന്റീൻ നിയമം പാലിക്കണം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.