1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 16, 2020

സ്വന്തം ലേഖകൻ: ഡൽഹി വീണ്ടും കൊവിഡ് പിടിയിലായതോടെ, കഴിഞ്ഞ ഒരാഴ്ചയിൽ ഓരോ മണിക്കൂറിലും നാലു പേർക്കു വീതമാണു ജീവൻ നഷ്ടമായത്. നവംബറിൽ ഇതുവരെ 1103 മരണങ്ങളാണു ഡൽഹിയിലുണ്ടായത്. പ്രതിദിനം ശരാശരി 73.5 മരണം. ഇക്കഴിഞ്ഞ ആഴ്ച ഈ സംഖ്യ കൂടി, ദിവസം 90 പേരാണു മരിച്ചത്. ആകെ 7614 പേർക്കാണു കൊവിഡ് മൂലം ഡൽഹിയിൽ ജീവൻ നഷ്ടമായത്.

മാർച്ച് രണ്ടിനാണ് ആദ്യ കൊവിഡ് കേസ് റിപ്പോർട്ട് ചെയ്തത്. ആ മാസം രണ്ടു പേര്‍ മരിച്ചു. ഏപ്രിലിൽ ദിവസവും രണ്ടു പേർ മരിക്കുന്നതാണു കണ്ടത്. മേയിൽ 414 മരണങ്ങൾ. കൊവിഡ് ആഞ്ഞടിച്ച ജൂണിൽ 2269 മരണങ്ങളുണ്ടായി. ജൂലൈയിലും ഓഗസ്റ്റിലും മരണനിരക്ക് കുറഞ്ഞു. സെപ്റ്റംബറിൽ വീണ്ടും കൂടിത്തുടങ്ങി. ആ മാസം 917 പേർക്കു ജീവൻ നഷ്ടപ്പെട്ടു; പ്രതിദിന ശരാശരി 30.5. ഒക്ടോബറിൽ പ്രതിദിന മരണനിരക്ക് 37 ആയി.

ഇക്കഴിഞ്ഞ ഞായറാഴ്ച 3235 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. പോസിറ്റിവിറ്റി നിരക്ക് 15.3% ആയെന്ന് ഡൽഹി സർക്കാർ പറയുന്നു. നവംബറിലെ ആകെ പോസിറ്റിവിറ്റി നിരക്ക് 12.8 ശതമാനമാണ്. മുൻപുള്ള 4 മാസത്തേതിനേക്കാൾ കൂടുതലാണിത്. ‘പ്ലാസ്മ തെറപ്പി ഉൾപ്പെടെ സാധ്യമായ എല്ലാ ചികിത്സയും നൽകി ഓരോരുത്തരുടെയും ജീവൻ രക്ഷിക്കാനാണു ശ്രമിക്കുന്നത്. പലപ്പോഴും ആരോഗ്യം മോശമായ ശേഷമാണു പലരും ആശുപത്രിയിൽ എത്തുന്നത് എന്നതു സാഹചര്യം വഷളാക്കുന്നുണ്ട്’– ഡൽഹി സർക്കാർ ആശുപത്രിയിലെ ഒരു മുതിർന്ന ഡോക്ടർ പറഞ്ഞു.

ഡൽഹിയിൽ കൊവിഡ് രൂക്ഷമായതോടെ ഞായറാഴ്ച കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അടിയന്തര യോഗം വിളിച്ചു. കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ് വർധൻ, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ, ലഫ്.ഗവർണർ അനിൽ ബൈജാൾ തുടങ്ങിയവർ പങ്കെടുത്തു. നിലവിലെ ചികിത്സാ സൗകര്യങ്ങൾ യോഗം വിലയിരുത്തി. വെന്റിലേറ്റർ സഹായമുള്ള കിടക്കകളുടെ ലഭ്യതയും പരിശോധനയും കൂട്ടാനും കൊവി‍‍‍ഡ് രോഗികൾക്കായി ആശുപത്രികളിൽ കൂടുതൽ കിടക്കകൾ നീക്കിവയ്ക്കാനും തീരുമാനമായി. പാരാമിലിറ്ററിയിലെ ഡോക്ടർമാർ ഉൾപ്പെടെയുള്ളവരെ എയർലിഫ്റ്റ് ചെയ്യാനും തീരുമാനിച്ചതായും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.