1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 17, 2020

സ്വന്തം ലേഖകൻ: കൊവിഡ് പ്രതിരോധത്തിന് പ്രതീക്ഷയേകി മറ്റൊരു വാക്‌സിനും പരീക്ഷണ ഘട്ടത്തില്‍ അനുകൂല സൂചന നല്‍കി. അമേരിക്കന്‍ കമ്പനിയായ മോഡേണയുടെ വാക്‌സിന്‍ വൈറസ് ബാധയില്‍ നിന്നും 95 ശതമാനം സംരക്ഷണം നല്‍കുന്നെന്നാണ് പുതിയ കണ്ടെത്തല്‍.

30000 വളണ്ടിയര്‍മാരില്‍ പകുതി പേരില്‍ വാക്‌സിന്‍ കുത്തിവെച്ചും പകുതി പേരെ വാക്‌സിന്‍ കുത്തിവെക്കാതെയും നിരീക്ഷിച്ചാണ് പരീക്ഷണം നടത്തിയത്. ഇവരില്‍ കൊവിഡ് രോഗലക്ഷണം കാണിച്ച 95 പേരെ നിരീക്ഷിച്ചതിന്റെ അടിസ്ഥാനത്തിലാണ് കണ്ടെത്തല്‍. ഈ 95 പേരില്‍ വാക്‌സിന്‍ കുത്തി വെച്ച 5 പേര്‍ക്ക് മാത്രമാണ് കൊവിഡ് പിടിപെട്ടത്. ബാക്കി 90 പേരും വാക്‌സിന്‍ കുത്തിവെക്കാതെ നിരീക്ഷണത്തിലുള്ളവരായിരുന്നു.

അടുത്ത ആഴ്ചകളില്‍ തന്നെ വാക്‌സിന്‍ റെഗുലേഷനായി അമേരിക്കയില്‍ നടപടി ക്രമങ്ങള്‍ ആരംഭിക്കുമെന്ന് മോഡേണ അറിയിച്ചത്. അമേരിക്കയില്‍ 20 മില്ല്യണ്‍ വാക്‌സിന്‍ ഡോസുകള്‍ എത്തിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.

അടുത്ത വര്‍ഷത്തോടെ ലോകമെമ്പാടും ഒരു ബില്യണ്‍ ഡോസുകള്‍ വരെ ലഭ്യമാക്കാനാവുമെന്ന് കമ്പനി പ്രതീക്ഷിക്കുന്നു. ചില രാജ്യങ്ങളില്‍ വാക്‌സിന്‍ എത്തിക്കാനുള്ള അനുമതി കമ്പനി തേടുന്നുണ്ട്. യു.കെ സര്‍ക്കാര്‍ മോഡേണയുമായി ചര്‍ച്ച നടത്തി വരുന്നുണ്ട്. അതേസമയം വാക്‌സിന്റെ പ്രതിരോധ ശേഷി എത്ര കാലം നിലനില്‍ക്കുമെന്നതറിയാന്‍ വളണ്ടിയര്‍മാരെ ഇനിയും നിരീക്ഷിക്കേണ്ടതുണ്ട്. ഇതു സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല.

നേരത്തെ സമാനമായി ഫൈസറിന്റെ കൊവിഡ് വാക്‌സിനും അനുകൂല പ്രതികരണമായിരുന്നു പരീക്ഷണ ഘട്ടത്തില്‍ കാണിച്ചത്. കൊവിഡ് വാക്സിന്‍ 90 ശതമാനം ഫലപ്രദമെന്ന് പരീക്ഷണങ്ങളില്‍ നിന്ന് തെളിഞ്ഞതായി കമ്പനി അറിയിച്ചിരുന്നു. ജര്‍മ്മന്‍ മരുന്ന് കമ്പനിയായ ബയോണ്‍ടെക്കുമായി ചേര്‍ന്നാണ് ഫൈസര്‍ കൊവിഡ് വാക്സിന്‍ വികസിപ്പിക്കുന്നത്.

അടിയന്തര ഘട്ടത്തില്‍ വാക്സിന്‍ ഉപയോഗിക്കാന്‍ യു.എസ് ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്ട്രേഷനെ ഈ മാസം അവസാനം തന്നെ സമീപിക്കാന്‍ ഫൈസര്‍ ഒരുങ്ങുന്നെന്നാണ് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട്.

ഫൈസറും ബയോണ്‍ടെക്കും ചേര്‍ന്ന് വികസിപ്പിച്ച വാക്സിന്റെ മൂന്നാംഘട്ട പരീക്ഷണത്തില്‍ 43,538 പേരാണ് പങ്കാളിയായത്. അമേരിക്കയെ കൂടാതെ മറ്റു രാജ്യങ്ങളില്‍ നിന്നുള്ളവരിലും പരീക്ഷണം നടത്തിയിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.