1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 22, 2020

സ്വന്തം ലേഖകൻ: കൊവിഡ് പ്രതിസന്ധി മറികടക്കാൻ കമിതാക്കൾക്ക് “ഫ്ലൈറ്റ് ടു നോവേര്‍“ ഓഫറുമായി വിമാന കമ്പനി. തയ്‌വാനിലെ ഇവിഎ എയര്‍ലൈന്‍സാണ് വിമാന യാത്രയ്ക്കിടെ പ്രണയം പങ്കുവയ്ക്കാനുള്ള വ്യത്യസ്തമായ അവസരം ഒരുക്കിയിരിക്കുന്നത്. വളരെ പെട്ടെന്നു തന്നെ ജനപ്രിയമായി മാറിയ ഫ്ലൈറ്റ് ടു നോവേര്‍ പരിപാടിക്ക്, കൊവിഡ് മൂലം തകര്‍ന്ന എയർലൈൻ വ്യവസായത്തിനു പുതുജീവന്‍ പകരാന്‍ സാധിച്ചു.

തയ്‌വാന്‍റെ രാജ്യാന്തര വിമാനക്കമ്പനിയായ ഇവിഎ ആകട്ടെ, സഞ്ചാരികളെ ആകര്‍ഷിക്കുന്നതിനായി ഇതിനൊപ്പം ഒരു ‘സ്പീഡ് ഡേറ്റിങ്’ കൂടി അവതരിപ്പിച്ചാണ് വ്യത്യസ്തമാകുന്നത്. ടിക്കറ്റ് ബുക്ക് ചെയ്‌താല്‍ മൂന്നു മണിക്കൂര്‍ യാത്രയാണ് സഞ്ചാരികള്‍ക്ക് ലഭിക്കുക. അവിവാഹിതരായ, ഇരുപതു വീതം പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും ഒരു തവണ വിമാനത്തില്‍ കയറാം. അടുത്ത വരികളില്‍ ഇരിക്കുന്ന ആളുകളുമായി ഇടപഴകാം. യാത്രക്കിടെ പ്രശസ്ത ഷെഫ് മോട്ടോകാസു നകമുര തയാറാക്കിയ അടിപൊളി വിഭവങ്ങളും കഴിക്കാം. ഭക്ഷണം കഴിക്കുന്ന സമയത്ത് മാത്രമേ മാസ്ക് മാറ്റാന്‍ പറ്റുകയുള്ളൂ. മൂന്നു മണിക്കൂര്‍ ആകാശയാത്ര കഴിഞ്ഞ് തിരിച്ചിറങ്ങിയ ശേഷം രണ്ടു മണിക്കൂര്‍ കൂടി പരസ്പരം ഇടപഴകാന്‍ അവസരം നല്‍കും.

യാത്രയില്‍ ആരുടെ കൂടെയാണ് ഇരിക്കേണ്ടത് എന്നത് ആദ്യമേ തിരഞ്ഞെടുക്കാന്‍ കഴിയില്ല എന്നതാണ് ഇതിന്‍റെ ആവേശകരമായ മറ്റൊരു സവിശേഷത. നറുക്കെടുപ്പിലൂടെയാണ് ഇത് തീരുമാനിക്കുന്നത്. തായ്‌പേയിലെ തയോവാൻ രാജ്യാന്തര വിമാനത്താവളത്തിൽനിന്നാണ് വിമാനങ്ങള്‍ പുറപ്പെടുക. പകല്‍യാത്രകളിൽ പർവതനിരകളുടെ കാഴ്ചകള്‍ നിറഞ്ഞ കിഴക്കൻ തീരത്തും രാത്രികളില്‍ പ്രകാശമാനമായ പടിഞ്ഞാറൻ തീരത്തും വിമാനം ചുറ്റിക്കറങ്ങും.

ട്രാവല്‍ എക്സ്പീരിയന്‍സ് കമ്പനിയായ മൊബിയസുമായി ചേര്‍ന്നാണ് ഇവിഎ ‘Fly! Love Is In the Air!’ എന്ന് പേരിട്ടിരിക്കുന്ന വ്യത്യസ്തമായ പറക്കല്‍ അനുഭവം ഒരുക്കുന്നത്. ക്രിസ്മസ്, ന്യൂ ഇയര്‍ ഈവ്, ന്യൂ ഇയര്‍ ഡേ ഇവന്‍റുകള്‍ക്കൊപ്പമായിരിക്കും ഇത് നടക്കുക. ബുക്കിങ് ആരംഭിച്ചപ്പോള്‍ത്തന്നെ അതിശയകരമായ പ്രതികരണമാണ് ആളുകളില്‍നിന്നു ലഭിച്ചത്. ആദ്യയാത്രയുടെ ടിക്കറ്റുകള്‍ ഒരാഴ്ചയ്ക്കകം തന്നെ വിറ്റുതീര്‍ന്നു. 28 നും 38 നും ഇടയിൽ പ്രായമുള്ള പുരുഷന്മാര്‍ക്കും 24 നും 35 നും ഇടയിൽ പ്രായമുള്ള സ്ത്രീകള്‍ക്കുമാണ് ഇപ്പോള്‍ യാത്ര ചെയ്യുവാനുള്ള അവസരം. എല്ലാവർക്കും യൂണിവേഴ്‌സിറ്റി ബിരുദവും തയ്‌വാൻ പൗരത്വവും ഉണ്ടായിരിക്കണമെന്നും നിഷ്കര്‍ഷിച്ചിട്ടുണ്ട്. എന്നാല്‍, യാത്രയ്ക്ക് പ്രത്യേക പ്രായം നിശ്ചയിച്ചത് ഓണ്‍ലൈനില്‍ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.