
സ്വന്തം ലേഖകൻ: ഇംഗ്ലണ്ടിലെ ദേശിയ ലോക്ക്ഡൗൺ അവസാനിക്കുന്നതോടെ ജിമ്മുകളും ഷോപ്പുകളും വീണ്ടും തുറക്കാൻ അനുമതി. ഡിസംബർ 2 ന് ലോക്ക്ഡൗൺ അവസാനിക്കുന്നതോടെ യുകെയിൽ ത്രിതല ലോക്ക്ഡൗൺ സംവിധാനം നിലവിൽ വരും. ടയർ സിസ്റ്റത്തിന്റെ ഭാഗങ്ങൾ കർശനമാക്കുമ്പോൾ, പബ്ബുകൾക്കും റെസ്റ്റോറന്റുകൾക്കും രാത്രി 11 മണി വരെ തുറന്ന് പ്രവർത്തിക്കാം. അതേസമയം ഓർഡറുകൾ സ്വീകരിക്കുന്നത് പത്ത് മണി വരെ മാത്രമാകും.
ത്രിതല ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ പ്രാബല്യത്തിലാകുമ്പോൾ മൂന്ന് തലങ്ങളിലും മാസ് ടെസ്റ്റിംഗ് ഏർപ്പെടുത്തുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ലിവർപൂളിൽ നടപ്പിലാക്കിയതു പോലെ സൈനിക പിന്തുണയോടെ ദ്രുതഗതിയിലുള്ള പരിശോധനയാകും സർക്കാർ സ്വീകരിക്കുകയെന്നും ജോൺസൺ കൂട്ടിച്ചേർത്തു. വൈറസിനെ നിയന്ത്രണത്തിലാക്കാനും വ്യാപനം തടയാനും ഇത് സഹായിക്കുമെന്ന് അദ്ദേഹം എംപിമാരോട് പറഞ്ഞു. അതേസമയം, കായിക വിനോദത്തിനുള്ള വിലക്കും നീക്കാൻ തീരുമാനിച്ചിട്ടുണ്ട്.
ക്രിസ്മസിന് മൂന്ന് കുടുംബങ്ങൾക്ക് ഒത്തുചേരാനുള്ള അനുമതിയാകും ലഭിക്കുക. നേരത്തെ നാല് കുടുംബങ്ങൾക്ക് വരെ ഒരുമിച്ച് ചേരാനുള്ള അനുമതി നൽകണമെന്ന് ആവശ്യമുയർന്നിരുന്നെങ്കിലും അത് മൂന്ന് കുടുംബങ്ങൾക്ക് മാത്രമായി ചുരുക്കി. ക്രിസ്മസ് രാവിൽ തുടങ്ങി ഡിസംബർ 28 ന് ബാങ്ക് ഹോളിഡേ തിങ്കളാഴ്ച വരെ നീണ്ടുനിൽക്കുന്ന അവധി അഞ്ച് ദിവസത്തേക്ക് നീണ്ടുനിൽക്കും. ക്രിസ്മസ് അവധിക്കായി സുഹൃത്തുക്കളെയും കുടുംബങ്ങളെയും ഒന്നിപ്പിക്കാൻ യുകെയിലുടനീളം യാത്രയും രാത്രി താമസവും അനുവദിക്കും. എന്നാൽ പുതുവർഷത്തിൽ നിയമങ്ങളിൽ ഇളവ് ഉണ്ടാകില്ല.
ഇന്നലെ രാത്രി മന്ത്രിസഭ അംഗീകരിച്ച പദ്ധതി പ്രകാരം രാജ്യത്തിന്റെ ഭൂരിഭാഗവും പുതിയ സംവിധാനത്തിന്റെ കീഴിൽ വരും. എന്നാൽ ഹോസ്പിറ്റാലിറ്റി മേഖല കനത്ത നിയന്ത്രണങ്ങൾക്ക് വിധേയമായി തുടരും. നിയന്ത്രണം ഏർപ്പെടുത്തിയ മേഖലകളിൽ മിക്ക ആളുകളെയും’ രണ്ടും മൂന്നും തലങ്ങളിൽ ഉൾപ്പെടുത്തും, മറ്റ് വീടുകളുമായി ഒരുമിച്ച് ചേരുന്നത് വസന്തകാലം വരെ നിരോധിക്കും.
ത്രിതല ലോക്ക് ഡൗൺ സംവിധാനം മുമ്പത്തേതിനേക്കാൾ കടുപ്പമേറിയതായിരിക്കുമെന്ന് ചാൻസലർ റിഷി സുനക് പറഞ്ഞു. വാക്സിനുകൾ പൂർണതോതിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്ന വസന്തകാലം വരെ ഇത് നിലനിൽക്കുമെന്ന് കരുതപ്പെടുന്നു. രാജ്യത്തിന്റെ ഏതെല്ലാം മേഖലകൾ ഏത് തലങ്ങളിലേക്ക് പോകുമെന്ന് മന്ത്രിമാർ വ്യാഴാഴ്ച പ്രഖ്യാപിക്കും.
സർക്കാറുകൾ കൃത്യമായ ജാഗ്രത പാലിച്ചില്ലെങ്കിൽ യൂറോപ്പിൽ 2021 ആദ്യം കോവിഡിെൻറ മൂന്നാംവരവുണ്ടാകുമെന്ന് ലോകാരോഗ്യ സംഘടനയുടെ കോവിഡ് കാര്യ പ്രത്യേക ദൂതൻ ഡേവിഡ് നബാറോ. മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. കോവിഡിെൻറ ഒന്നാംവരവിനുശേഷം, വേനൽക്കാലത്ത് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിൽ സർക്കാറുകൾ പരാജയപ്പെട്ടതായും അദ്ദേഹം പറഞ്ഞു.
ഇപ്പോൾ രണ്ടാം വരവാണ് രാജ്യങ്ങൾ നേരിടുന്നത്. അത് നേരിടുന്നതിൽ പരാജയപ്പെട്ടാൽ മൂന്നാം വരവ് ഉറപ്പാണ്. പർവതപ്രദേശങ്ങൾ വീണ്ടും ടൂറിസത്തിന് തുറന്നുകൊടുത്ത സ്വിറ്റ്സർലൻഡ് നടപടിയെ അദ്ദേഹം വിമർശിച്ചു. ഇതുവഴി ആ രാജ്യത്ത് ഉയർന്ന രോഗ-മരണ നിരക്കുണ്ടാകാം. കോവിഡിനെതിരെ ദക്ഷിണ കൊറിയയെപ്പോലുള്ള രാജ്യങ്ങൾ നടത്തിയ പ്രവർത്തനം മാതൃകാപരമാണ്. അവിടെ ഇപ്പോൾ രോഗവ്യാപനം കുറവാണ്. വൈറസ് ബാധ പൂർണമായും തടയുംവിധമാണ് ജനങ്ങൾ പെരുമാറുന്നത്. ഇക്കാര്യത്തിൽ യൂറോപ്പിെൻറ നിലപാട് ആശാസ്യമല്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല