1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 4, 2020

സ്വന്തം ലേഖകൻ: കൊവിഡ് മൂലം ഒരു ദിവസം മരിച്ചവരുടെ എണ്ണത്തില്‍ അമേരിക്കയില്‍ ഏക്കാലത്തെയും വലിയ റെക്കോർഡ്. പകര്‍ച്ചവ്യാധിയുടെ തുടക്കത്തില്‍ മരിച്ചതിനേക്കാള്‍ കൂടുതല്‍ പേര്‍ ഇന്നലെ ഒരു ദിവസം മരിച്ചതോടെ രാജ്യം കടുത്ത ആശങ്കയിലായി. 2760 പേര്‍ക്കാണ് ഇന്നലെ മാത്രം കൊവിഡിനെ തുടര്‍ന്ന് ജീവന്‍ നഷ്ടപ്പെട്ടത്. കഴിഞ്ഞ ഒരാഴ്ചയായി ആശുപത്രികള്‍ നിറഞ്ഞതോടെ, മുന്നോട്ടുള്ള ദിവസങ്ങളില്‍ ഇതു സംഭവിക്കുമെന്നത് വളരെ വ്യക്തമായിരുന്നു.

“ഈ ആഴ്ച ആശുപത്രിയിലാണെന്ന് നിങ്ങള്‍ എന്നോട് പറഞ്ഞാല്‍, ആഴ്ചകളോളം റോഡിലൂടെ ഇറങ്ങിയതിന്റെ ഫലമാണിതെന്നു ഞാന്‍ നിങ്ങളോട് പറയും,” ബോസ്റ്റണിലെ ബ്രിഗാമിലെയും വിമന്‍സ് ഹോസ്പിറ്റലിലെയും എമര്‍ജന്‍സി മെഡിസിന്‍ ഫിസിഷ്യന്‍ ഡോ. ജെറമി ഫോസ്റ്റ് പറഞ്ഞു.

ഇപ്പോഴത്തെ ഈ ശൈത്യകാലം അതീവ വിനാശകരമാണെന്നും വരാന്‍ പോകുന്ന സ്‌ഫോടനത്തിനായി തയാറെടുക്കാനും ഡോ. റെഡ്ഫീല്‍ഡ് ചേംബര്‍ ഓഫ് കൊമേഴ്‌സ് ഫൗണ്ടേഷന്‍ മുന്നറിയിപ്പ് നല്‍കുന്നു. വാക്‌സീന്‍ വിതരണം നടന്നാല്‍ തന്നെയും ഈ ഫെബ്രുവരി ആകുമ്പോഴേക്കും 450,000 അമേരിക്കക്കാര്‍ മരിച്ചിരിക്കാമെന്നും അവര്‍ വെളിപ്പെടുത്തുന്നു.

ഈ മാസം പകുതിയോടെ വാക്‌സീന്‍ വിതരണം നടന്നില്ലെങ്കില്‍ വൈറസ് വ്യാപനം ഭീകരമാകുമെന്നാണ് വിദഗ്ദർ നൽകുന്ന മുന്നറിയിപ്പ്. ബ്രിട്ടനില്‍ ഫൈസര്‍ വാക്‌സീന് നല്‍കിയ അനുമതി അമേരിക്കയിലും അടിയന്തിരമായി നടപ്പാക്കണമെന്നാണ് വിവിധ സംസ്ഥാനങ്ങളില്‍ നിന്നും ഉയരുന്ന ആവശ്യം. ഇതു സംബന്ധിച്ച് ഈ മാസം പന്ത്രണ്ടോടെയോ ചിലപ്പോള്‍ അടിയന്തരസ്വഭാവം പരിഗണിച്ച് അതിനു മുന്‍പോ തീരുമാനമെടുത്തേക്കും.

അമേരിക്കയിൽ തൊഴിലില്ലായ്മ വേതനത്തിന് അപേക്ഷിക്കുന്ന അമേരിക്കക്കാരുടെ എണ്ണം കഴിഞ്ഞയാഴ്ച 712,000 ആയി. യുഎസ് സമ്പദ്‌വ്യവസ്ഥയും തൊഴിൽ വിപണിയും ബിസ്സിനസ്സ് – വ്യവസായ മേഖലകളും കൊവിഡ് വ്യാപനത്തിന്റെ വൈറൽ പൊട്ടിത്തെറിമൂലം സമ്മർദ്ദത്തിലാണെന്നതിന്റെ ഏറ്റവും പുതിയ സൂചനയാണിത്.

യുഎസ് സമ്പദ്‌വ്യവസ്ഥയെ വൈറസ് തളർത്തുന്നതിനു മുൻപ്, കഴിഞ്ഞ മാർച്ചിൽ ഓരോ ആഴ്ചയും തൊഴിലില്ലായ്മ ആനുകൂല്യങ്ങൾക്കായി അപേക്ഷിക്കുന്നവരുടെ എണ്ണം ഏകദേശം 2,25,000 ആയിരുന്നു. പകർച്ചവ്യാധി കാരണം കഴിഞ്ഞ ഒൻപത് മാസത്തിന് ശേഷവും നിരവധി തൊഴിൽ രംഗങ്ങൾ മന്ദഗതിയിലായതിനാൽ പലതും നഷ്ടത്തിലാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്. തന്മൂലം തൊഴിലുടമകൾ തൊഴിലാളികളുടെ ജോലി സമയം വെട്ടിക്കുറയ്ക്കുകയോ, ജോലിക്കാരെ താൽക്കാലിക അവധിയിൽ പ്രവേശിപ്പിക്കുവാനോ നിർബന്ധിതരാവുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.