1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 4, 2020

സ്വന്തം ലേഖകൻ: ബ്രെക്‌സിറ്റ് ചർച്ച ഇഴഞ്ഞു നീങ്ങുന്നുവെന്ന ആരോപണവുമായി ബ്രിട്ടൻ. ഫ്രഞ്ച് ലോബി യൂറോപ്യൻ യൂണിയനോട് വൈകി ആവശ്യങ്ങൾ ഉന്നയിച്ചതിനെ തുടർന്ന് അവസാന നിമിഷങ്ങളിൽ പുതിയ നിബന്ധനകളുമായി അവർ മുന്നോട്ട് വരികയാണെന്നും ബ്രിട്ടീഷ് നെഗോഷ്യേറ്റർമാർ ആരോപിച്ചു. ഇയു നിലപാട് മാരത്തണ ചർച്ചകളെ അസ്ഥിരമാക്കിയതായും ആരോപണമുണ്ട്.

ബ്രെക്സിറ്റിന് ശേഷം ആഭ്യന്തര സബ്‌സിഡികൾക്കായി ആഭ്യന്തര റെഗുലേറ്ററുടെ പങ്ക് സംബന്ധിച്ച് യൂറോപ്യൻ യൂണിയൻ കൂടുതൽ നിബന്ധനകൾ മുന്നോട്ട് വയ്ക്കുകയാണെന്ന് യുകെ വൃത്തങ്ങൾ അറിയിച്ചു. മുൻ ധാരണകളിൽ നിന്ന് വിഭിന്നമായ നിലപാടുകൾ ഫ്രഞ്ച് ലോബിയുടെ ശക്തമായ ഇടപെടലുകൾ മൂലമാണെന്നും അധികൃതർ കുറ്റപ്പെടുത്തി.

പതിനൊന്നാം മണിക്കൂറിൽ യൂറോപ്യൻ യൂണിയൻ ചർച്ചയിലേക്ക് പുതിയ ഘടകങ്ങൾ കൊണ്ടുവരുന്നു. അടുത്ത കുറച്ച് ദിവസങ്ങളിൽ ഒരു വഴിത്തിരിവ് ഇപ്പോഴും സാധ്യമാണ്, പക്ഷേ ആ പ്രതീക്ഷ കുറയുകയാണെന്ന് യുകെ സർക്കാർ വൃത്തങ്ങൾ വെളിപ്പെടുത്തി. ഏറ്റവും പുതിയ സംഭവ വികാസങ്ങളെക്കുറിച്ച് ഇയു ഉദ്യോഗസ്ഥരോടും നയതന്ത്രജ്ഞരോടും ചർച്ച നടത്താൻ മൈക്കൽ ബർനിയർ വെള്ളിയാഴ്ച ബ്രസൽസിലേക്ക് മടങ്ങുമെന്ന് യൂറോപ്യൻ യൂണിയൻ വൃത്തങ്ങൾ അറിയിച്ചു.

ബുധനാഴ്ച ഫ്രാൻസിന്റെ ഇയു അംബാസഡറും അംഗരാജ്യങ്ങളുടെ 11 പ്രതിനിധികളും ബാർനിയർ ഇയു നിലപാടുകളിൽ ഉറച്ച് നിൽക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ചർച്ചയിൽ ഇയു നെഗോഷ്യേറ്റർ മൈക്കിൽ ബർണിയർ ചില ചുവപ്പ് നാടകൾ മറികടക്കാൻ ശ്രമിക്കുന്നതായി യൂറോപ്യൻ യൂണിയൻ നയതന്ത്രജ്ഞർ വ്യാഴാഴ്ച കുറ്റപ്പെടുത്തിയിരുന്നു. തുടർന്നായിരുന്നു ചർച്ചകളിൽ കല്ലുകടി.

ഫ്രാൻസിന്റെ പ്രധാനമന്ത്രി ജീൻ കാസ്റ്റെക്സ് രാജ്യത്തെ ഏറ്റവും വലിയ മത്സ്യബന്ധന തുറമുഖം സന്ദർശിച്ച ശേഷം മത്സ്യബന്ധന മേഖലകളിൽ വിട്ടുവീഴ്ച ചെയ്യേണ്ടതില്ലെന്ന നിലപാടിലാണ്. ഫ്രാൻസും ബ്രിട്ടനും പ്രധാനമായും തർക്കം നിലനിൽക്കുന്നതും ഈയൊരു കാര്യത്തിലാണ്. ബ്രെക്സിറ്റ് ചർച്ചകൾ നിർണ്ണായക ദിവസങ്ങളിലേക്ക് കടക്കുമ്പോൾ ഒരു കരാർ സാധ്യമാക്കാമെന്ന പ്രതീക്ഷകൾക്ക് മങ്ങുന്നതായാണ് വിലയിരുത്തൽ.

കൊവിഡ് വാക്സീന്റെ വിതരണം ബ്രിട്ടനിൽ ചൊവ്വാഴ്ച ആരംഭിക്കും. സ്കോട്ട്ലൻഡിലാവും വാക്സീൻ വിതരണത്തിന്റെ ഉദ്ഘാടനം. 95 %വും ഫലപ്രദമാണെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ട വാക്സീൻ ലഭിക്കാൻ പോകുന്നതിന്റെ ആഹ്ലാദത്തിലാണ് രാജ്യത്തെ മഹാഭൂരിപക്ഷം ജനങ്ങളും. എന്നാൽ ചെറിയൊരു ശതമാനം പേർ, പെട്ടെന്ന് വികസിപ്പിച്ച വാക്സീന്റെ ഫലപ്രാപ്തിയിൽ ആശങ്കയും രേഖപ്പടുത്തുന്നു.

വാക്സീൻ വരുന്നതു കൊണ്ട് എല്ലാം ഭദ്രമായി എന്നു കരുതരുതെന്നും മഹാമാരിയുടെ അന്ത്യം കുറിക്കാനുള്ള ആരംഭം മാത്രമാണിതെന്നുമാണ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ തന്നെ അഭിപ്രായപ്പെടുന്നത്. ലോകത്ത് ആദ്യമായി വാക്സീൻ ലഭ്യമാക്കുന്ന രാജ്യമെന്ന ഖ്യാതിയിൽ അഭിമാനം കൊള്ളുമ്പോഴും സ്വന്തമായി വികസിപ്പിക്കുന്ന ഓക്സ്ഫഡ് വാക്സീനു മുമ്പേ അമേരിക്കൻ-ജർമൻ കമ്പനികൾ ചേർന്നു നിർമിച്ച വാക്സീൻ വിതരണത്തിന് എടുക്കേണ്ടി വന്നതിന്റെ അൽപം സങ്കോചവും ബ്രിട്ടീഷ് നേതാക്കളുടെ വാക്കുകളിൽ വ്യക്തമാണ്.
കെയർ ഹോമുകളിലെ പ്രായം ചെന്ന അന്തേവാസികൾക്കും അവരെ പരിചരിക്കുന്നവർക്കുമാണ് വാക്സീൻ വിതരണത്തിൽ ഏറ്റവും മുന്തിയ പരിഗണന. എൺപത് വയസ് കഴിഞ്ഞവർക്കും ഫ്രണ്ട് ലൈൻ ഹെൽത്ത് ആൻഡ് സോഷ്യൽ കെയർ സ്റ്റാഫിനുമാണ് രണ്ടാമത്തെ പരിഗണന. മൂന്നാമതായി ലഭിക്കുക 75 വയസ് പൂർത്തിയായവർക്കാകും.

70 വയസ് കഴിഞ്ഞവർക്കും വിവിധ രോഗങ്ങൾ അലട്ടുന്നവർക്കും രോഗം പിടിപെട്ടാൽ അപകട സാധ്യതയേറിയവർക്കുമാണ് പിന്നീടുള്ള പരിഗണന. അതിനു ശേഷം 65 വയസ് കഴിഞ്ഞവരെ പരിഗണിക്കും. പിന്നീട് 16നും 64നും മധ്യേ പ്രായമുള്ള രോഗികളെ ഉള്ളവരെ കണ്ടെത്തി വാക്സീൻ നൽകും.

പിന്നീട് ഘട്ടങ്ങളായി 60,55,50 എന്നിങ്ങനെ പ്രായപരിധി നിർണയിച്ച് മുൻഗണനാക്രമം നിശ്ചയിക്കും. ഇതിനെല്ലാം ശേഷമാകും 50 വയസിൽ താഴെയുള്ള ആരോഗ്യമുള്ളവരെ വാക്സീനായി ക്ഷണിക്കുക. മേൽപറഞ്ഞ മുൻഗണനാ ക്രമത്തിൽ രാജ്യത്തെ ഓരോരുത്തരുടെയും ഊഴമാകുമ്പോൾ അപ്പോയ്മെന്റിനായി ആരോഗ്യവകുപ്പിൽനിന്നും അറിയിപ്പ് ലഭിക്കും.

ഫൈസർ- ബയോ എൻടെക് വാക്സീന്റെ 40 മില്യൺ ഡോസുകളാണ് (നാല് കോടി) ബ്രിട്ടൺ ഓർഡർ നൽകിയിരിക്കുന്നത്. രണ്ട് ഡോസുവീതം രണ്ടുകോടി ആളുകൾക്ക് വിതരണം ചെയ്യാനുളളതാണിത്. ഇതിനു പുറമേ പരീക്ഷണങ്ങൾ അവസാനഘട്ടത്തിലെത്തി 90 ശതമാനം ഫലപ്രദമെന്ന് കണ്ടെത്തിയ ഇ ഓക്സ്ഫെഡ്- അസ്ട്രാസെനിക്ക വാക്സീന്റെ 100 മില്യൺ ഡോസിനും (പത്തുകോടി) സർക്കാർ ഓർഡർ നൽകി.

ഇവയ്ക്കൊപ്പം അമേരിക്കയിലെ തന്നെ മൊഡേണ വാക്സീന്റെ അഞ്ച് മില്യൺ ഡോസും ബ്രിട്ടൻ വാങ്ങും. എന്നാൽ റഷ്യ ഇതിനോടകം നിർമിച്ച സ്പുട്നിക്ക് വാക്സീൻ വാങ്ങാൻ ബ്രിട്ടനു തൽകാലം പദ്ധതിയില്ല. വൽനേവ, നൊവാക്സ്, ജാൻസെൻ എന്നീ കമ്പനികളുടെ വാക്സീനുകളും ബ്രിട്ടൻ വാങ്ങുന്നുണ്ട്.

ഒരാൾക്ക് രണ്ട് ഡോസ് വാക്സീനാണ് നൽകേണ്ടത്. ഒന്നാമത്തെ വാക്സീൻ സ്വീകരിച്ച് 12 ദിവസത്തിനകം ശരീരത്തിന് വൈറസിനോടുള്ള ഇമ്മ്യൂണിറ്റി ലഭിക്കാൻ തുടങ്ങും.21 ദിവസത്തിനുശേഷം രണ്ടാമത്തെ ഡോസുകൂടി നൽകുന്നതോടെ വൈറസിനെതിരേ പൂർണമായ ഇമ്യൂണിറ്റി അഥവാ പ്രതിരോധശേഷി ലഭിക്കും. ചുരുക്കിപ്പറഞ്ഞാൽ 21 ദിവസത്തെ ഇടവേളകളിൽ എടുക്കുന്ന രണ്ട് ഡോസ് കുത്തിവയ്പിലൂടെയാണ് ഫൈസർ വാക്സീൻ ഫലപ്രദമായി പ്രവർത്തിച്ചുതുടങ്ങുന്നത്.

ഇറ്റലിയിൽ ക്രിസ്മസിന് കർശന കൊവിഡ് നിയന്ത്രണങ്ങൾ

കൊവിഡ് -19 വൈറസ് വ്യാപനം തുടരുന്നതിനിടെ, ക്രിസ്മസ് അവധി ദിവസങ്ങളോടനുബന്ധിച്ച് ഇറ്റലിയിൽ കൂടുതൽ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 993 എന്ന ഏറ്റവും ഉയർന്ന മരണനിരക്ക് രേഖപ്പെടുത്തിയതോടെ പഴുതില്ലാത്ത പ്രതിരോധ നടപടികൾക്ക് .സർക്കാർ നിർബന്ധിതരായിരിക്കുകയാണ്.

ഡിസംബർ 21 മുതൽ ജനുവരി ആറുവരെയുള്ള ദിവസങ്ങളിൽ റീജിയനുകൾക്ക് പുറത്തേയ്ക്കുള്ള എല്ലാ യാത്രകളും നിരോധിച്ചതായി പ്രധാനമന്ത്രി ജൂസപ്പേ കോൺതേ പ്രഖ്യാപിച്ചു. കൊവിഡിന്റെ മൂന്നാം തരംഗത്തെ ഒഴിവാക്കുന്നതിന് കർശന നിയന്ത്രണങ്ങൾ അനിവാര്യമാണെന്ന് അദ്ദേഹം പാഞ്ഞു.

കൊറോണ വൈറസുമായി ബന്ധപ്പെട്ട് ഇന്നലെ (വ്യാഴം) 993 പേരാണ് മരണത്തിന് കീഴടങ്ങിയത്. കൊവിഡ് വ്യാപന കാലയളവിൽ ഒരു ദിവസം ഇറ്റലിയിൽ ഏറ്റവും കൂടുതൽ പേർ മരിച്ചത് ഇന്നലെയായിരുന്നു. മർച്ച് 27 ന് 919 പേർ മരിച്ചതായിരുന്നു ഇതുവരെയുണ്ടായ ഉയർന്ന നിരക്ക്. ആരോഗ്യ മന്ത്രാലയത്തിൻ്റെ കണക്കുകളനുസരിച്ച് ഇന്നലെ 23,225 പേരിൽ രോഗം സ്ഥിരീകരിച്ചു.

പുതിയ ഉത്തരവു പ്രകാരം, ജോലി, ആരോഗ്യം, അത്യാവശ്യമുള്ള മറ്റു സാഹചര്യങ്ങൾ എന്നീ കാരണങ്ങളാൽ മാത്രമേ യാത്ര അനുവദിക്കൂ. ക്രിസ്മസിന് വിദേശത്തേക്ക് പോകുന്നവർ ഇറ്റലിയിലേക്ക് മടങ്ങുമ്പോൾ സ്വയം ക്വാറന്റീനിൽ പ്രവേശിക്കണം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.