1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 5, 2020

സ്വന്തം ലേഖകൻ: കേന്ദ്രം പാസാക്കിയ കാര്‍ഷിക നിയമത്തില്‍ പ്രതിഷേധിച്ച് ദിവസങ്ങളായി ദല്‍ഹിയില്‍ പ്രതിഷേധിക്കുന്ന കര്‍ഷകര്‍ ഭാരത് ബന്ദിന് ആഹ്വാനം ചെയ്തു. ചൊവ്വാഴ്ച നടക്കുന്ന ഭാരത് ബന്ദില്‍ ദല്‍ഹിയിലേക്കുള്ള റോഡുകള്‍ മുഴുവന്‍ അടയ്ക്കുമെന്നും കര്‍ഷക സംഘടനകള്‍ പറഞ്ഞു. ശനിയാഴ്ച ദേശ വ്യാപകമായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കോലം കത്തിക്കുമെന്നും സംഘടനകള്‍ അറിയിച്ചു.

കാര്‍ഷിക നിയമത്തിനെതിരെ ഒന്‍പത് ദിവസമായി കര്‍ഷകര്‍ തെരുവില്‍ പ്രതിഷേധിച്ച് കൊണ്ടിരിക്കുകയാണ്. കേന്ദ്രവുമായി നിരവധി തവണ കര്‍ഷക പ്രതിനിധികള്‍ ചര്‍ച്ചകള്‍ നടത്തിയെങ്കിലും എല്ലാം ഫലം കാണാതെ അവസാനിക്കുകയായിരുന്നു. ഡിസംബര്‍ അഞ്ചിന് വീണ്ടും ചര്‍ച്ച നടക്കാനിരിക്കെയാണ് ഭാരത് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

നിയമം പിന്‍വലിക്കാതെ പിറകോട്ടില്ലെന്ന നിലപാടിലാണ് കര്‍ഷകര്‍. എന്നാല്‍ മൂന്ന് കാര്‍ഷിക നിയമങ്ങളിലും ഭേദഗതി വരുത്താമെന്നാണ് സര്‍ക്കാര്‍ കര്‍ഷകരോട് പറയുന്നത്. സര്‍ക്കാരിന് ഈഗോ ഇല്ലെന്നും അതുകൊണ്ട് ശനിയാഴ്ചയും ചര്‍ച്ച നടത്താമെന്നാണ് വ്യാഴാഴ്ചത്തെ ചര്‍ച്ച പരിഹാരമില്ലാതെ അവസാനിച്ചതിന് പിന്നാലെ സര്‍ക്കാര്‍ പറഞ്ഞത്.

ദിനംപ്രതി പ്രതിഷേധ സ്ഥലത്തേക്ക് കര്‍ഷകര്‍ കൂടുതല്‍ എത്തിക്കൊണ്ടിരിക്കുകയാണ്. സമരം ശക്തിപ്പെടുന്ന സാഹചര്യത്തില്‍ എങ്ങനെയെങ്കിലും പ്രതിഷേധം ഒതുക്കിത്തീര്‍ക്കാനാണ് കേന്ദ്രവും ബി.ജെ.പിയും ശ്രമിക്കുന്നത്. അതിന്റെ ഭാഗമായിട്ടാണ് കര്‍ഷകരുമായി തിരക്കിട്ട് ചര്‍ച്ചകള്‍ നടത്തുന്നത്.

കര്‍ഷക പ്രതിഷേധം തണുപ്പിക്കാനാവാതെ കേന്ദ്രസര്‍ക്കാര്‍ പ്രതിരോധത്തിലായിരിക്കെ വിഷയത്തില്‍ നേരിട്ട് ഇടപെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെക്കൊണ്ടും കേന്ദ്രപ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങിനെ കൊണ്ടും വിഷയത്തില്‍ പരിഹാരം കാണാന്‍ കഴിയാതെ വന്നതോടെയാണ് പ്രധാനമന്ത്രി മന്ത്രിമാരെ ചര്‍ച്ചയ്ക്ക് വിളിപ്പിച്ചിരിക്കുന്നത്.

അമിത് ഷാ, രാജ്നാഥ് സിംഗ്, വാണിജ്യ വ്യവസായ മന്ത്രി പീയൂഷ് ഗോയല്‍, കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമര്‍ എന്നിവരെയാണ് ഇന്ന് രാവിലെ പ്രധാനമന്ത്രി അദ്ദേഹത്തിന്റെ വസതിയിലേക്ക് വിളിപ്പിച്ചത്. ഇന്ന് കര്‍ഷക സംഘടനകളുമായി വീണ്ടും ചര്‍ച്ച നടക്കുന്ന പശ്ചാത്തലത്തിലാണ് നിര്‍ണായക യോഗം.

കാര്‍ഷിക വിരുദ്ധ നിയമങ്ങള്‍ പിന്‍വലിക്കാതെ സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന നിലപാടില്‍ കര്‍ഷകര്‍ ഉറച്ചുനില്‍ക്കുന്ന പശ്ചാത്തലത്തിലാണ് ബദല്‍ നിര്‍ദേശങ്ങള്‍ തേടി പ്രധാനമന്ത്രി യോഗം വിളിച്ചിരിക്കുന്നത്.

തദ്ദേശതിരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ എട്ടിന് കര്‍ഷകര്‍ പ്രഖ്യാപിച്ച ഭാരത് ബന്ദില്‍നിന്ന് കേരളത്തെ ഒഴിവാക്കും. ആദ്യഘട്ടമായി അഞ്ചുജില്ലകളില്‍ തദ്ദേശതിരഞ്ഞെടുപ്പ് എട്ടിനാണ്. അന്ന് കേരളത്തില്‍ ബന്ദ് നടത്തുന്നത് ബുദ്ധിമുട്ടാകും.

ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുള്ള ബദല്‍ സമരമാര്‍ഗങ്ങള്‍ മറ്റു കര്‍ഷകസംഘടനകളുമായി ചര്‍ച്ചനടത്തി തീരുമാനിക്കുമെന്ന് കേരള കര്‍ഷകസംഘം സംസ്ഥാനസെക്രട്ടറി കെ.എന്‍. ബാലഗോപാല്‍ പറഞ്ഞു.

ബന്ദില്‍നിന്ന് കേരളത്തെ ഒഴിവാക്കേണ്ടിവരുമെന്നും മറ്റുമാര്‍ഗങ്ങളുമായി കര്‍ഷകകോണ്‍ഗ്രസ് മുന്നോട്ടുപോകുമെന്നും സംസ്ഥാന പ്രസിഡന്റ് ലാല്‍ വര്‍ഗീസ് കല്‍പ്പകവാടിയും പറഞ്ഞു.

കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാത്തതില്‍ പ്രതിഷേധിച്ച് കര്‍ഷക സംഘടനകള്‍ പ്രഖ്യാപിച്ച ഭാരത് ബന്ദിന് ഇടത് പാര്‍ട്ടികള്‍ പിന്തുണ പ്രഖ്യാപിച്ചു. കര്‍ഷകരുടെ പ്രക്ഷോഭത്തിനെതിരെ ബിജെപി നടത്തുന്ന അപകീര്‍ത്തിപരമായ പ്രചാരണത്തെ അപലപിക്കുന്നതായും ഇടത് പാര്‍ട്ടികള്‍ പ്രസ്താവനയില്‍ അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.