
സ്വന്തം ലേഖകൻ: യുകെയില്‍ കൊവിഡ് വാക്‌സിന്‍ ഡോസ് സ്വീകരിക്കുന്ന ആദ്യയാളുകളില്‍ 94കാരിയായ എലിസബത്ത് രാജ്ഞിയും 99 കാരനായ ഫിലിപ്പ് രാജകുമാരനും. ഫൈസർ കൊവിഡ് വാക്‌സിന്‍ നല്‍കാന്‍ ആദ്യം അനുമതി നല്‍കുന്ന രാജ്യമാണ് ബ്രിട്ടന്‍. ഈ പ്രഖ്യാപനത്തിനു പിന്നാലെയാണ് എലിസബത്ത് രാജ്ഞിയും ഫിലിപ്പ് രാജകുമാരനും വാക്‌സിനേഷന് തയ്യാറാവുന്നത്
വാക്‌സിനെതിരേയുള്ള സമൂഹമാധ്യമങ്ങളിലെ പ്രചരണങ്ങള്‍ വലിയ ആശങ്ക സൃഷ്ടിക്കുന്ന സാഹചര്യത്തിലാണ് രാജ്യത്തിന്റെ പ്രഥമ പൗരന്‍മാരായ എലിസബത്ത് രാജ്ഞിയും ഫിലിപ്പ് രാജകുമാരനും വാക്‌സിന്റെ ആദ്യ സ്വീകര്‍ത്താക്കളാകുന്നത്.
രാജ്യത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വാക്‌സിനേഷന്‍ പദ്ധതി ആസൂത്രണം ചെയ്യുന്ന ആരോഗ്യ ഉദ്യോഗസ്ഥര്‍ നേരിടുന്ന പ്രധാന വെല്ലുവിളിയാണ് വാക്‌സിനെതിരേയുള്ള പ്രചാരണങ്ങള്‍. എലിസബത്ത് രാജ്ഞിയെപ്പോലെയുള്ള പ്രമുഖര്‍ വാക്‌സിന്‍ എടുക്കുന്നത് അത്തരം ഉത്കണ്ഠകളെ മറികടക്കാന്‍ സഹായിക്കുമെന്നാണ് ആരോഗ്യ രംഗത്തുള്ളവരുടെ പ്രതീക്ഷ. വാക്‌സിനെതിരേയുള്ള കാമ്പയിന്‍ നടക്കുന്നതുകൊണ്ട് തന്നെ തങ്ങൾ വാക്‌സിനേഷന്‍ സ്വീകരിച്ച കാര്യം ജനങ്ങളറിയട്ടെ എന്നാണ് എലിസബത്ത് രാജ്ഞിയുടെയും ഫിലിപ്പ് രാജകുമാരന്റെയും നിലപാട്.
ബെല്‍ജിയത്തില്‍ നിന്ന് ലഭിച്ച പ്രാരംഭ ബാച്ചില്‍ എട്ട് ലക്ഷം ഡോസുകളാണുള്ളത്. ഫൈസര്‍ / ബയേൺടെകില്‍ നിന്ന് നാല് കോടി ഡോസുകളാണ് യുകെ ആവശ്യപ്പെട്ടത്. രണ്ട് ഡോസ് വെച്ച് 21 ദിവസത്തിനുള്ളില്‍ രണ്ട് കോടി ആളുകള്‍ക്ക് വാക്‌സിനേഷന്‍ നല്‍കാന്‍ പര്യാപ്തമാണിത്.
ബെല്‍ജിയന്‍ നഗരമായ പൂഷിലെ ഫൈസര്‍ പ്ലാന്റില്‍ നിര്‍മ്മിക്കുന്ന കൊവിഡ് വാക്‌സിന്‍ യാതൊരുതടസ്സങ്ങളുമില്ലാതെ യുകെയിലെത്തിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. ഡ്രൈ ഐസിന്റ സഹായത്തോടെ താപ നിയന്ത്രിത സംവിധാനങ്ങളിലാണ് ബ്രിട്ടനില്‍ എത്തുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല