
സ്വന്തം ലേഖകൻ: തദ്ദേശീയമായി നിർമിച്ച പരീക്ഷണാത്മക കൊവിഡ് വാക്സിനുകൾ വലിയ തോതിൽ ജനങ്ങളിൽ കുത്തിവയ്ക്കാൻ ചൈന തയ്യാറെടുക്കുന്നു. ചൈനയിലുടനീളമുള്ള പ്രവിശ്യാ ഗവൺമെന്റുകൾ പരീക്ഷണാത്മക വാക്സിന് ഓർഡൽ നൽകി. അതേസമയം വാക്സിൻ ഗുണമേൻമയെക്കുറിച്ചോ രാജ്യത്തെ 140 കോടി ജനങ്ങളിലേക്ക് വാക്സിൻ എങ്ങനെ എത്തിക്കുമെന്നോ ആരോഗ്യ വിദഗ്ധർ ഇതുവരെ വ്യക്തമാക്കിയിട്ടില്ല.
ചൈനയിലെ കൊവിഡ് വാക്സിന്റെ അന്തിമ പരീക്ഷണം വേഗത്തിലാക്കിയിട്ടുണ്ടെന്ന് കഴിഞ്ഞ ആഴ്ച യു.എൻ യോഗത്തിനിടെ ചൈനീസ് വിദേശകാര്യ മന്ത്രി വ്യക്തമാക്കിയിരുന്നു. പരീക്ഷണം പൂർത്തിയാക്കിയ ഫൈസർ വാക്സിന്റെ ഉപയോഗത്തിന് ബ്രിട്ടൺ അനുമതി നൽകിയതിന് തൊട്ടുപിന്നാലെയാണ് ചൈനയുടെ നടപടി.
അതേസമയം അന്തിമ അനുമതി നൽകുന്നതിന് മുമ്പുതന്നെ ചൈനയിലെ പത്ത് ലക്ഷത്തോളം ആരോഗ്യ പ്രവർത്തകർക്കും മറ്റും പരീക്ഷണാത്മക വാക്സിൻ ഇതിനോടകം നൽകിയിട്ടുണ്ട്. എന്നാൽ ഇതിന്റെ പാർശ്വഫലങ്ങളെക്കുറിച്ച് ചൈനീസ് അധികൃതരോ വാക്സിൻ നിർമാതാക്കളോ ഇതുവരെ പ്രതികരിച്ചിട്ടില്ല. കൊവിഡ് വ്യാപനം നിയന്ത്രണ വിധേയമായ ചെനയിൽ ഇത്രവലിയ തോതിൽ ഒരു പരീക്ഷണാത്മക വാക്സിൻ കുത്തിവയ്ക്കുന്നത് എന്തിനാണെന്ന ചോദ്യം ആരോഗ്യ വിദഗ്ധർ ഉന്നയിക്കുന്നു.
വികസ്വര രാജ്യങ്ങൾക്ക് താങ്ങാവുന്ന വിലയിലാണ് വാക്സിൻ എത്തുകയെന്ന് ചൈന അവകാശപ്പെടുന്നു. റഷ്യ, ഈജിപ്ത്, മെക്സിക്കോ ഉൾപ്പെടെയുള്ള രാജ്യങ്ങളിലായി അഞ്ച് വാക്സിനുകൾ ചൈനീസ് മരുന്ന് കമ്പനികൾ പരീക്ഷിച്ചിരുന്നു. ഇവയുടെ പരീക്ഷണം വിജയകരമായാൽ പേലും യുഎസ്, യൂറോപ്പ്, ജപ്പൻ ഉൾപ്പെടെയുള്ള വികസിത രാജ്യങ്ങളിൽ ഇവ ഉപയോഗിക്കാനുള്ള നടപടികൾ സങ്കീർണമാണെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു.
അന്തിമ വാക്സിൻ ഉപയോഗത്തിന് അനുമതി തേടിയതായി ചൈനീസ് മരുന്ന് കമ്പനിയായ സിനോഫാം നവംബറിൽ വ്യക്തമാക്കിയിരുന്നു. സിനോഫാം, സിനോവാക് എന്നീ കമ്പനികളുടെ വാക്സിനുകളുടെ അടിയന്തര ഉപയോഗത്തിന് ജൂലായിൽ തന്നെ ചൈന അനുമതി നൽകിയിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. ഈ വർഷം അവസാനത്തോടെ 61 കോടി ഡോസ് വാക്സിനും അടുത്ത വർഷത്തോടെ 100 കോടി ഡോസും ഉത്‌പാദിപ്പിക്കാൻ സാധിക്കുമെന്ന് നേരത്തെ ചൈനീസ് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല