
സ്വന്തം ലേഖകൻ: വീട്ടുജോലിക്കെന്ന പേരിൽ യു.എ.ഇ.യിലെത്തി കബളിപ്പിക്കപ്പെട്ട 12 യുവതികൾക്ക് ഒടുവിൽ നാട്ടിലേക്ക് മടങ്ങാൻ അവസരമൊരുങ്ങുന്നു. വീസ ഏജന്റിന്റെ ചതിയിൽപെട്ട് ദുരിതത്തിലായ ഇന്ത്യൻ വീട്ടുജോലിക്കാരെയാണ് ദുബായ് ഇന്ത്യൻ കോൺസുലേറ്റ് ഇടപെട്ട് രക്ഷപ്പെടുത്തിയത്.
സംഘത്തിൽ മലയാളികൾ ഉൾപ്പെടെ തെലങ്കാന, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിൽ നിന്നുള്ളവരുണ്ട്. നാട്ടിലെ ഇവരുടെ ബന്ധുക്കൾ ഇടപെട്ട് യു.എ.ഇ.യിലെ സാമൂഹിക പ്രവർത്തകരെ വിവരം ധരിപ്പിക്കുകയും പിന്നീട് കോൺസുലേറ്റ് സംഭവത്തിൽ ഇടപെടുകയുമായിരുന്നു.
വഞ്ചിക്കപ്പെട്ടവരുടെ ദുരവസ്ഥ ഇന്ത്യൻ നയതന്ത്ര അധികൃതരുടെ ശ്രദ്ധയിൽപെട്ടതിനെ തുടർന്നാണ് എളുപ്പത്തിൽ നടപടിയുണ്ടായത്. വ്യാജ തൊഴിൽ ഏജന്റുമാരാണ് ഇവരെ യു.എ.ഇ.യിൽ എത്തിച്ചത്. ഇതുമായി ബന്ധപ്പെട്ട് അന്വേഷണം പുരോഗമിക്കുകയാണ്. കുടുങ്ങിയവരിൽ ഏഴുപേർ പോലീസിൽ പരാതി നൽകിയിട്ടുണ്ട്. നിലവിൽ ഇവർക്കുവേണ്ട സംരക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്. ഇവരിൽ രണ്ടുപേർ തിങ്കളാഴ്ച നാട്ടിലേക്ക് മടങ്ങും.
അടുത്ത ദിവസങ്ങളിലായി ബാക്കിയുള്ളവരും സ്വദേശങ്ങളിലേക്ക് പോകുമെന്നും ഇന്ത്യൻ കോൺസുലേറ്റിലെ ഇൻഫർമേഷൻ ആൻഡ് കൾചർ കൺസൽ നീരജ് അഗർവാൾ പറഞ്ഞു. വ്യാജ തൊഴിൽ ഏജന്റുമാരുടെ തട്ടിപ്പിനിരയാകരുതെന്നും അധികൃതർ നിർദേശിച്ചു. അതേസമയം ഇനിയും ഒട്ടേറെപേർ അജ്മാനിൽ തട്ടിപ്പിനിരയായി ഉണ്ടെന്നാണ് വിവരം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല