1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 14, 2020

സ്വന്തം ലേഖകൻ: ലണ്ടനിൽ കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ നഗരത്തിലെ എല്ലാ സ്‌കൂളുകളും അടച്ചിടണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ട് മേയർ സാദിഖ് ഖാന്‍. കൊവിഡ് കണക്കുകള്‍ പരിധി വിട്ട് കുതിച്ചതോടെ ലണ്ടന്‍ ടിയര്‍ 3 നിയന്ത്രണങ്ങൾക്ക് കീഴിലാകുമെന്ന ആശങ്ക ശക്തമായതിടെയാണ് മേയറുടെ ആവശ്യം. നിര്‍ദ്ദേശം നടപ്പിലായാൽ ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ വീട്ടിലിരുന്ന് ഓണ്‍ലൈന്‍ വിദ്യാഭ്യാസം നടത്താൻ നിര്‍ബന്ധിതരാകും.

ഗ്രീന്‍വിച്ചിലെ ലേബര്‍ നേതൃത്വത്തിലുള്ള കൗണ്‍സില്‍ ബറോയിലെ എല്ലാ സ്‌കൂളുകളും അടയ്ക്കുന്നതായി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ലണ്ടന്‍ മേയറും ഈ ആവശ്യം മുന്നോട്ട് വെച്ചത്. നഗരത്തിലെ വ്യാപന നിരക്ക് ടിയര്‍ 3യിലുള്ള വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സ് പോലുള്ള മേഖലകളേക്കാള്‍ കൂടുതലാണെന്ന് ലണ്ടനില്‍ നിന്നുള്ള എംപിമാരെ ബോധ്യപ്പെടുത്തും.

“സ്കൂളുകള്‍ നേരത്തെ അടയ്ക്കണമെന്ന ആവശ്യത്തെ മേയര്‍ പിന്തുണയ്ക്കുന്നു. ചൊവ്വാഴ്ച മുതല്‍ സ്‌കൂളുകള്‍ അടയ്ക്കുന്ന കാര്യം സര്‍ക്കാര്‍ പരിഗണിക്കണം. തിങ്കളാഴ്ച സ്‌കൂളുകളുടെ അവസാന പ്രവൃത്തി ദിനമാകണം,” മേയർ വക്താവ് വ്യക്തമാക്കി.

അതേസമയം സ്‌കൂളുകള്‍ യാതൊരു കാരണവശാലും അടച്ചിടില്ലെന്ന് വാദിക്കുന്ന എഡ്യുക്കേഷന്‍ സെക്രട്ടറി ഗാവിന്‍ വില്ല്യംസണുമായി ഒരു പോരാട്ടത്തിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്. മേയറുടെ ആവശ്യം നിയമനടപടികളിലും എത്തിച്ചേര്‍ന്നേക്കാം. ഡിസംബര്‍ 6ന് ലണ്ടനിലെ ഇന്‍ഫെക്ഷന്‍ നിരക്ക് 1 ലക്ഷം പേരില്‍ 191.8 എന്ന നിലയിലാണ്. ലണ്ടന്‍ ഏത് സമയത്ത് വേണമെങ്കിലും സര്‍ക്കാരിന്റെ ഉയര്‍ന്ന ലോക്ക്ഡൗണ്‍ ടിയറില്‍ പെടാമെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്.

ടിയര്‍ 3 വിലക്കുകള്‍ നിലവിൽ വന്നാല്‍ ബാറുകളും, പബ്ബുകളും, റെസ്റ്റൊറന്റുകളും അടച്ചിടേണ്ടിവരും. ക്രിസ്മസ് ഇളവുകളുടെ ഭാഗമായി ഡിസംബര്‍ 23 മുതല്‍ 27 വരെ മാത്രമാകും തുറന്ന് പ്രവര്‍ത്തിക്കാന്‍ കഴിയുക. ഗ്രീന്‍വിച്ച് ബറോയില്‍ കൊവിഡ്-19 സ്ഥിതിഗതികള്‍ അപകടകരമായ നിലയില്‍ കുതിച്ചതോടെയാണ് ക്രിസ്മസ് അവധിയ്ക്ക് നാല് ദിവസം മുന്‍പ് സ്‌കൂളുകള്‍ അടയ്ക്കാന്‍ തീരുമാനിച്ചതെന്ന് കൗണ്‍സില്‍ നേതാവ് ഡാന്നി തോര്‍പ്പെ വ്യക്തമാക്കി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.