1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 15, 2020

സ്വന്തം ലേഖകൻ: യുഎഇയിൽ ശൈത്യകാലത്തിന് അടുത്ത ആഴ്ച തുടക്കമാകും. ഫെബ്രുവരി രണ്ടാം വാരം വരെ നീളുന്ന തണുപ്പു സീസണിൽ ശരാശരി താപനില 15 ഡിഗ്രി സെൽഷ്യസായിരിക്കും. ചില സമയങ്ങളിൽ അഞ്ചു ഡിഗ്രിയിലേക്കു വരെ താഴുമെന്നും മുന്നറിയിപ്പുണ്ട്. ഈ വർഷത്തെ ദൈർഘ്യമേറിയ രാത്രി ഡിസംബർ 21നായിരിക്കും. തണുപ്പുകാലത്തിനു വരവറിയിച്ച് താപനില കുറഞ്ഞുവരികയാണ്.

ഇന്നലെ യുഎഇയിൽ അനുഭവപ്പെട്ട കൂടിയ താപനില 22 ഡിഗ്രിയും കുറഞ്ഞ താപനില 6.1 (ജബൽജെയ്സ്) ‍ഡിഗ്രി സെൽഷ്യസുമാണ്. യുഎഇയിൽ ചൂടുകാലം സെപ്റ്റംബർ 21ന് അവസാനിച്ചെങ്കിലും പിന്നീട് കാര്യമായ ചൂടോ തണുപ്പോ ഇല്ലാത്ത മിതമായ കാലാവസ്ഥയായിരുന്നു.

ശൈത്യകാല വിനോദസഞ്ചാരത്തിനും യുഎഇയിൽ തുടക്കം കുറിച്ചു. ലോകത്തിലെ ഏറ്റവും മനോഹരമായ ശൈത്യകാലമായിരിക്കും യുഎഇയിലേതെന്ന് വൈസ് പ്രസിഡന്റും പ്രധാന മന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ ‍മക്തൂം കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

വായും മൂക്കും മറയത്തക്കവിധം മാസ്ക്കിടുകയും കഴുത്തും ചെവിയും മൂടത്തക്കവിധം വസ്ത്രം ധരിക്കുകയും ചെയ്താൽ ഒരുപരിധിവരെ രോഗങ്ങളെ അകറ്റാം. അലർജിയുള്ളവർ മൂക്കിലും ചെവിയിലും കാറ്റടിക്കാതെ നോക്കണം. കൈകൾ ഇടയ്ക്കിടെ സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകണം. പ്രായമായവരും കുട്ടികളും തണുപ്പ് ഏൽക്കാത്തവിധമുള്ള വസ്ത്രം ധരിക്കണം.

തണുപ്പുകാലം രോഗപ്പകർച്ചയ്ക്ക് സാധ്യത ഏറെയുള്ളതിനാൽ ഫ്ലൂ/കൊവിഡ് വാക്സീനുകൾ എടുത്ത് പ്രതിരോധം ഉറപ്പാക്കുന്നതാണ് അഭികാമ്യം. ഫ്ളൂ വാക്സിൻ എടുത്തവർ 2 ആഴ്ചയ്ക്കു ശേഷമേ കൊവിഡ് വാക്സീൻ എടുക്കാവൂ. ആദ്യം കൊവിഡ് വാക്സീൻ എടുക്കുന്നവരും ഈ കാലയളവ് പാലിക്കണം.

തിരക്കു വർധിച്ചതോടെ കൊവിഡ് വാക്സീൻ ലഭിക്കുന്ന സ്വകാര്യ ആശുപത്രികളുടെ എണ്ണം വർധിപ്പിച്ചു. എൻഎംസി ഗ്രൂപ്പിനു കീഴിൽ അബുദാബി, അൽഐൻ, റുവൈസ് എന്നിവിടങ്ങളിലെ 16 ആശുപത്രികളിൽ കൂടി ലഭ്യമാകും. വിപിഎസ് ഗ്രൂപ്പിന്റെ 18 ശാഖകളിലേതു ഉൾപ്പെടെ 34 കേന്ദ്രങ്ങളിൽ വാക്സീൻ ലഭിക്കും. കൂടാതെ മുഹമ്മദ് ബിൻ സായിദ് സിറ്റിയിലെ ബരീൻ ഇന്റർനാഷനൽ ആശുപത്രിയിലും ലഭിക്കും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.