
സ്വന്തം ലേഖകൻ: ദേശീയ ദിനത്തെ എതിരേൽക്കാൻ ബഹ്റൈൻ ഒരുങ്ങി. നാടെങ്ങും ദീപാലങ്കാര പ്രഭയിൽ മുങ്ങിനിൽക്കുകയാണ്. ചുവപ്പും വെളുപ്പും നിറത്തിൽ നഗരങ്ങളും ഗ്രാമങ്ങളും അണിഞ്ഞൊരുങ്ങി.വ്യാപാര സ്ഥാപനങ്ങളും ജനങ്ങളും ആവേശത്തോടെയാണ് 49ാമത് ദേശീയ ദിനത്തെ വരവേൽക്കുന്നത്. കൊവിഡ് സൃഷ്ടിച്ച ആഘാതങ്ങളിൽനിന്ന് മെല്ലെ കരകയറി വരുന്നതിനിടെയാണ് ദേശീയ ദിനാഘോഷം.
ആഘോഷങ്ങളുടെ ഭാഗമായി ഡിസംബര്‍ 16 ഹൈവേയില്‍ ബഹ്റൈന്‍ പതാക കൊണ്ട് അലങ്കരിച്ചതായി ദക്ഷിണ മേഖല മുനിസിപ്പാലിറ്റി അറിയിച്ചു. പ്രധാന നിരത്തുകളും റൗണ്ട് എബൗട്ടുകളും ദീപാലങ്കരത്തിലൂടെയാണ് ബഹ്റൈന്‍ പതാക രൂപകല്പന നടത്തിയിട്ടുള്ളത്. 1600 മീറ്റര്‍ നീളത്തില്‍ 10 മീറ്റര്‍ ഉയരത്തിലാണ് ഏറ്റവും വലിയ ദീപാലങ്കാര പതാക സ്ഥാപിച്ചിട്ടുള്ളത്. ഇതിെൻറ നടുവിലൂടെയാണ് വാഹനങ്ങള്‍ കടന്നുപോകുന്നത്.
സല്ലാഖ് ഹൈവേ മുതല്‍ ഗള്‍ഫ് ബേ ഹൈവേ വരെയും അവിടെ നിന്നും ബഹ്റൈന്‍ ഇൻറര്‍നാഷനല്‍ സര്‍ക്യൂട്ട് വരെയും പതാക നീണ്ടുകിടക്കുന്നു. ലോകത്തിലെ ഏറ്റവും വലിയ ദീപാലങ്കാര പതാകയെന്ന ഖ്യാതി ഇതിലൂടെ നേടിയെടുക്കാന്‍ സാധിക്കും.ഈസ ടൗണ്‍ ഗേറ്റ്, അല്‍ഖുദുസ് ഹൈവേ, റിഫ േക്ലാക് റൗണ്ട് എബൗട്ട്, വലിയ്യുല്‍ അഹ്ദ് അവന്യു, ഇസ്തിഖ്ലാൽ വാക് വേ, എജുക്കേഷന്‍ ഏരിയയിലെ ശൈഖ് സല്മാന് റോഡ് എന്നിവിടങ്ങളിലും അലങ്കരിച്ചിട്ടുണ്ട്.
‘മാതൃരാജ്യത്തെക്കുറിച്ച് നീ അഭിമാനിക്കൂ’ എന്ന പ്രമേയത്തില്‍ അല്‍ ഖുദുസ് അവന്യൂവില്‍ 30 മീറ്റര്‍ നീളത്തിലും ആറ് മീറ്റര്‍ ഉയരത്തിലും പ്രത്യേക ഫലകങ്ങളും സ്ഥാപിച്ചിട്ടുണ്ട്. വിവിധ റോഡുകളില്‍ ബഹ്റൈന്‍ പതാകയുടെ നിറങ്ങളിലുള്ള പൂക്കള്‍ നിറഞ്ഞ ചെടികളും നട്ടു പിടിപ്പിച്ചിട്ടുണ്ട്. സല്ലാഖ് ഹൈവേയില്‍ 5,000 ചതുരശ്ര മീറ്ററില്‍ പുല്ല് വെച്ചുപിടിപ്പിച്ചിട്ടുണ്ട്. 42,000 സീസണല്‍ പൂച്ചെടികള്‍, 100 വൃക്ഷങ്ങളും 700 തൈകളും 180 ഈന്തപ്പനകളും നട്ടിട്ടുണ്ട്.
ദേശീയ ദിനത്തിെൻറ പശ്ചാത്തലത്തില്‍ ഭരണാധികാരി കിങ് ഹമദ് ബിന്‍ ഈസ ആല് ഖലീഫക്കും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്മാന് ബിന്‍ ഹമദ് ആല് ഖലീഫക്കും ബഹ്റൈന്‍ ജനതക്കും മന്ത്രിസഭ ആശംസകള്‍ നേര്‍ന്നു. ഉപപ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ മുബാറക് ആല് ഖലീഫയുടെ അധ്യക്ഷതയില്‍ ഓണ്‍ൈലനില്‍ ചേര്‍ന്ന യോഗത്തില്‍ ഹമദ് രാജാവ് അധികാരമേറ്റെടുത്തതിെൻറ 20ാം വാര്‍ഷികവും സമുചിതമായി ആഘോഷിക്കുന്നത് അഭിമാനകരമാണെന്ന് വിലയിരുത്തി.
വിവിധ മേഖലകളില്‍ രാജ്യം കൈവരിച്ച നേട്ടം അത്ഭുതാവഹമാണെന്നും ഹമദ് രാജാവിെൻറ ഭരണ കാലത്ത് ബഹ്റൈന്‍ പുരോഗതി പ്രാപിക്കുന്നതായും വ്യക്തമാക്കി. രാജ്യത്തെ ജനങ്ങള്‍ക്കും പ്രവാസി സമൂഹത്തിനും കൊവിഡ് വാക്സിന് സൗജന്യമായി നല്‍കാനുള്ള ഹമദ് രാജാവിെൻറ നിര്‍ദേശത്തെ കാബിനറ്റ് പിന്തുണച്ചു. രാജ്യത്തുള്ള മുഴുവനാളുകളുടെയും ആരോഗ്യ സംരക്ഷണത്തിന് കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്മാന് ബിന്‍ ഹമദ് ആല് ഖലീഫയുടെ നേതൃത്വത്തിലുള്ള കൊവിഡ് പ്രതിരോധസമിതി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് അകമഴിഞ്ഞ പിന്തുണയും നന്ദിയും രേഖപ്പെടുത്തി.
ബഹ്റൈന്‍ പൊലീസ് ദിനത്തോടനുബന്ധിച്ച്, ആഭ്യന്തര മന്ത്രാലയത്തില്‍ സേവനം ചെയ്യുന്ന മുഴുവനാളുകള്‍ക്കും കാബിനറ്റ് ആശംസകള്‍ നേര്‍ന്നു. ഇസ്രായേലും മൊറോക്കോയും തമ്മില്‍ നയതന്ത്ര ബന്ധം സ്ഥാപിക്കാനുള്ള തീരുമാനത്തെയും കാബിനറ്റ് സ്വാഗതം ചെയ്തു. മേഖലയില്‍ സമാധാനം സ്ഥാപിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഇത് കരുത്തുപകരുമെന്നും മന്ത്രിസഭ പ്രതീക്ഷ പ്രകടിപ്പിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല