
സ്വന്തം ലേഖകൻ: കർശന കൊവിഡ് സുരക്ഷയിൽ 18ന് ഖത്തർ ദേശീയ ദിനം ആഘോഷിക്കും. 18ന് ദോഹ കോർണിഷിൽ രാവിലെ 9.00നാണ് ഔദ്യോഗിക പരേഡ് നടക്കുക. രാത്രി 8.30ന് കോർണിഷിൽ വർണാഭമായ വെടിക്കെട്ട് പ്രദർശനമുണ്ടാകും. പരേഡ് കാണാൻ ക്ഷണിക്കപ്പെട്ടവർക്കു മാത്രമാണ് അനുമതിയെങ്കിലും കൊവിഡ് മുൻകരുതൽ വ്യവസ്ഥകൾ പാലിച്ച് വൈകിട്ടത്തെ വെടിക്കെട്ട് പ്രദർശനം പൊതുജനങ്ങൾക്കും കാണാം.
ക്ഷണിക്കപ്പെട്ട ആരോഗ്യ പ്രവർത്തകർക്കും അവരുടെ കുടുംബങ്ങൾക്കും പരേഡിൽ പങ്കെടുക്കുന്ന സ്ഥാപനങ്ങളിൽ നിന്നുളളവരും അവരുടെ കുടുംബങ്ങൾക്കും മാത്രമാണ് പരേഡ് കാണാൻ അനുമതി. ആരോഗ്യ സുരക്ഷ കണക്കിലെടുത്ത് കുട്ടികൾക്കും അംഗപരിമിതർക്കും 60 വയസ്സിന് മുകളിലുള്ള വയോധികർക്കും പ്രവേശനമില്ല. പരേഡ് കാണാൻ ലഭിച്ച ക്ഷണക്കത്ത് പ്രവേശന കവാടത്തിൽ കാണിച്ചാലേ പ്രവേശനം അനുവദിക്കൂ. കൊവിഡ് അപകട നിർണയ ആപ്ലിക്കേഷനായ ഇഹ്‌തെറാസിൽ പച്ചയെങ്കിൽ മാത്രമാണ് പ്രവേശനം.
പ്രവേശനകവാടത്തിൽ ശരീര താപനില പരിശോധിക്കും. ഗാലറിയിൽ കാണികളുടെ എണ്ണത്തിനൊപ്പം സീറ്റുകളുടെ എണ്ണവും കുറച്ചു. 2,569 സീറ്റുകളിൽ മാത്രമേ പ്രവേശനമുള്ളുവെന്ന് ആഭ്യന്തര മന്ത്രാലയം സുരക്ഷാ വകുപ്പിലെ എസ്റ്റാബ്ലിഷ്മെന്റ്സ് ആൻഡ് അതോറിറ്റീസ് ഡയറക്ടർ ബ്രിഗേഡിയർ ഡോ.അലി ഖുജെയിം അൽ അദ്ബി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
അൽ ബിദ പാർക്കിലാണ് വാഹനപാർക്കിങ് സൗകര്യം. പരേഡ് പൂർത്തിയായ ശേഷമേ ക്ഷണിക്കപ്പെട്ടവർക്ക് തിരികെ മടങ്ങാൻ അനുമതിയുള്ളു. ഗാലറിയിലെ സീറ്റ്, വാഹന പാർക്കിങ്ങിനുള്ള ബാർകോഡ് എന്നിവ ക്ഷണക്കത്തിലുണ്ടാകും.വ്യാഴാഴ്ച രാത്രി മുതൽ കോർണിഷിന്റെ വാട്ടർഫ്രന്റ് റോഡ് അടയ്ക്കും. കാൽനട യാത്രക്കാരെയും വാഹനങ്ങളെയും അനുവദിക്കില്ല. ഉച്ചയ്ക്ക് 2.00 മുതലേ ദോഹ മെട്രോ സ്‌റ്റേഷനുകൾ തുറക്കൂ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല