1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 19, 2020

സ്വന്തം ലേഖകൻ: കൊവിഡ് വ്യാപനം തുടരുന്ന രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ക്രിസ്മസ്, ന്യൂ ഇയർ ആഘോഷങ്ങളുമായി ബന്ധപ്പെട്ട ദിവസങ്ങൾ ഇറ്റലിയിൽ റെഡ് സോൺ ലോക്ഡൗൺ പ്രഖ്യാപിച്ചു. ജനങ്ങൾ കൂട്ടം കൂടാൻ സാധ്യതയുള്ള ദിവസങ്ങളിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി കൊവിഡ് -19 ന്റെ മൂന്നാം തരംഗത്തെ ഒഴിവാക്കാനുള്ള ശ്രമത്തിലാണ് രാജ്യം.

ഡിസംബർ 24, 25, 26, 27, 31, ജനുവരി 1, 2, 3, 5, 6 എന്നീ ദിവസങ്ങളിൽ റെഡ്സോൺ നിയന്ത്രണങ്ങൾ ബാധകമായിരിക്കുമെന്നു പ്രധാനമന്ത്രി ജൂസപ്പേ കോൺതെ പറഞ്ഞു. മന്ത്രിമാർ, പ്രാദേശിക നേതാക്കൾ, വിദഗ്ധ ഉപദേഷ്ടാക്കൾ എന്നിവരുമായി നിരവധി ദിവസത്തെ നീണ്ട ചർച്ചകളെ തുടർന്ന് ഇന്നലെയാണ് പ്രധാനമന്ത്രി പുതിയ നടപടികൾ പ്രഖ്യാപിച്ചത്.

റെഡ് സോൺ ആക്കുന്ന പ്രദേശത്ത് ബാറുകൾ, റസ്റ്ററന്റുകൾ, അത്യാവശ്യമല്ലാത്ത കടകൾ എന്നിവ തുറന്നു പ്രവർത്തിക്കില്ല. ജോലി, ആരോഗ്യം പോലുള്ള അടിയന്തിര പ്രാധാന്യമുള്ള കാരണങ്ങളാൽ അല്ലാതെ ആളുകൾ വീടിനു വെളിയിൽ പോകുന്നത് തടയും.

സൂപ്പർമാർക്കറ്റുകൾ, ഫാർമസികൾ, ബാങ്കുകൾ, പോസ്റ്റോഫീസുകൾ, ബാർബർ ഷോപ്പുകൾ, ഹെയർഡ്രെസ്സർമാർ, ഡ്രൈ ക്ലീനർമാർ, ന്യൂസ്‌ സ്റ്റാൻഡുകൾ തുടങ്ങിയവ തുറന്നു പ്രവർത്തിക്കും. ആളുകൾക്ക് പള്ളിയിൽ മതപരമായ ശുശ്രൂഷകളിൽ പങ്കെടുക്കാനും അവരവരുടെ വീടുകൾക്ക് സമീപം ജോഗിംഗിനോ സൈക്ലിംഗിനോ പോകാനും അനുവദിക്കും.

അയ്യായിരത്തിൽ താഴെ ജനസംഖ്യയുള്ള ചെറിയ പട്ടണങ്ങളിൽ 30 കിലോമീറ്റർ ചുറ്റളവിൽ നിന്ന് പുറത്തുപോകാൻ കഴിയുമെങ്കിലും, ഈ ദൂരപരിധിക്കുള്ളിൽ ആളുകൾക്ക് അവരുടെ റീജിയനുകൾക്കുള്ളിലെ പ്രധാന പട്ടണങ്ങളിലേക്കോ നഗരങ്ങളിലേക്കോ യാത്ര ചെയ്യാൻ കഴിയില്ല. വീട് വിട്ടിറങ്ങുന്ന ആളുകൾ യാത്രയുടെ ലക്ഷ്യം വെളിപ്പെടുത്തി സ്വയം സാക്ഷ്യപ്പെടുത്തിയ ഫോമും തിരിച്ചറിയൽ രേഖയും കൈവശം കരുതണം.

റെഡ് സോൺ നിയന്ത്രണങ്ങൾ നിലവിലില്ലാത്ത ദിവസങ്ങളിൽ (ഡിസംബർ 28, 29, 30, ജനുവരി നാല്) രാജ്യം ഓറഞ്ച് സോൺ പരിധിയിലായിരിക്കും. ഓറഞ്ച് സോണിൽ കടകൾ തുറക്കുമെങ്കിലും ബാറുകളും റെസ്റ്റോറന്റുകളും പ്രവർത്തിക്കില്ല.

റെഡ് സോൺ – ഓറഞ്ച് സോൺ കാലയളവിൽ, ഒരുമിച്ച് താമസിക്കുന്നവരല്ലാത്ത രണ്ടുപേർക്ക് ഒരു ദിവസം ഒരുതവണ മാത്രമേ മറ്റു വീടുകൾ സന്ദർശിക്കാൻ അനുവാദമുള്ളൂ. ഈ നടപടി 14 വയസ്സിന് താഴെയുള്ള കുട്ടികൾക്കോ ​​വൈകല്യമുള്ളവർക്കോ സ്വയംപര്യാപ്തതയില്ലാത്തവർക്കോ ബാധകമല്ല. ഡിസംബർ 21 മുതൽ ജനുവരി ആറുവരെ ഇറ്റലിയിലെ റീജിയനുകൾക്ക് വെളിയിലേക്കുള്ള സഞ്ചാരത്തിന് അനുവാദമില്ല.

ഇത്തരത്തിൽ അടച്ചുപൂട്ടുവാൻ നിർബന്ധിതരായ ബാറുകൾക്കും റസ്റ്ററന്റുകൾക്കുമായി സാമ്പത്തിക സഹായത്തിന്റെ പുതിയ പാക്കേജും ജൂസപ്പേ കോൺതെ പ്രഖ്യാപിച്ചു.

റെഡ്സോൺ പ്രദേശങ്ങളിൽ പ്രവേശിക്കുന്നതിനോ അവിടെനിന്നു പുറത്തുപോകുന്നതിനോ റെഡ് സോണിനുള്ളിലെ മറ്റ് പട്ടണങ്ങളിലേക്കോ നഗരങ്ങളിലേക്കോ പോകുന്നതിനോ ആളുകൾക്ക് വിലക്കേർപ്പെടുത്തിയിരിക്കുന്നു. ജോലി, ആരോഗ്യം, കുട്ടികളെ സ്കൂളിൽ കൊണ്ടുപോകുക തുടങ്ങിയ ആവശ്യകതകൾക്കായി മാത്രമേ ആളുകൾക്ക് വീടിന് വെളിയിൽ പോകാൻ അനുവാദമുള്ളൂ.

ബാറുകൾ, പബ്ബുകൾ, റസ്റ്ററന്റുകൾ, അത്യാവശ്യമല്ലാത്ത ഷോപ്പുകൾ എന്നിവ അടച്ചിരിക്കും. രാത്രി 10 വരെ ടേക്ക്‌ എവേ ഭക്ഷണം അനുവദനീയമാണ്. ഹോം ഡെലിവറികൾക്ക് സമയപരിധിയുമില്ല. ഫുഡ് ഷോപ്പുകൾ, ഫാർമസികൾ, ഹെയർഡ്രെസിംഗ്‌ കടകൾ എന്നിവ തുറന്നിരിക്കാൻ അനുവദിക്കും.

ഓറഞ്ച് സോണുകളിൽ റസ്റ്ററന്റുകളും ബാറുകളും പ്രവർത്തിക്കില്ല. കടകൾ തുറന്നു പ്രവർത്തിക്കും. ആളുകൾക്ക് അവരവരുടെ പട്ടണങ്ങളിലും നഗരങ്ങളിലും സ്വതന്ത്രമായി സഞ്ചരിക്കാൻ കഴിയും. മറ്റു റീജിയണിൽ പ്രവേശിക്കുന്നതിനോ പുറത്തുപോകുന്നതിനോ അനുവദിക്കില്ല.

ഒരു ദേശീയ ദുരന്തം ഒഴിവാക്കാൻ കൊറോണ വൈറസ് നിയന്ത്രണങ്ങൾ കർശനമായി പാലിക്കണമെന്ന് ഇറ്റലിയിലെ ആരോഗ്യ മന്ത്രാലയ ഉപദേഷ്ടാവ് പ്രഫ. വാൾട്ടർ റിച്ചിയാർഡ് നിർദ്ദേശിച്ചു.

യൂറോപ്യൻ മെഡിസിൻസ് ഏജൻസിയുടെ അനുമതി ലഭിച്ചാൽ ക്രിസ്മസിനും പുതുവൽസര ദിനത്തിനും ഇടയിൽ വാക്സിൻ വിതരണം ആരംഭിക്കാനാനുള്ള എല്ലാ സജ്ജീകരണങ്ങളും പൂർത്തിയായി കഴിഞ്ഞതായി സർക്കാർ വൃത്തങ്ങൾ അറിയിച്ചു.

ഇഎംഎയുടെ അനുമതിയോടെ 1.83 മില്യൺ ഡോസ് വാക്സിനുകൾ ആദ്യഘട്ടത്തിൽ സ്വീകരിക്കാനാണ് രാജ്യം ലക്ഷ്യമിടുന്നത്. ആംസ്റ്റർഡാം ആസ്ഥാനമായുള്ള ഏജൻസി 21 ന് ചേരുന്ന യോഗത്തിൽ വാക്സിൻ വിതരണത്തിന് അനുമതി നൽകുന്ന കാര്യത്തിൽ തീരുമാനമെടുക്കുമെന്നാണ് പ്രതീക്ഷ.

കൊറോണ വൈറസ് എമർജൻസി കമ്മീഷണർ ഡൊമെനിക്കോ അർക്കുരി അവതരിപ്പിച്ച കൊറോണ പ്രതിരോധ കുത്തിവയ്പ്പ് പദ്ധതിക്ക് ഇറ്റാലിയൻ സർക്കാര്യം പ്രാദേശിക നേതാക്കളും പൂർണ പിന്തുണ നൽകിക്കഴിഞ്ഞു.

കെയർ ഹോമുകളിലെ ജീവനക്കാർക്കും രോഗികൾക്കുമായിരിക്കും വാക്സിൻ ആദ്യം നൽകുക. വാക്സിൻ വിതരണം സൗജന്യമാണെങ്കിലും ആർക്കും നിർബന്ധിതമായി നൽകില്ല. ആരംഭ ഘട്ടത്തിൽ 300 വിതരണ പോയിൻ്റുകൾ എന്ന രീതിയിൽ തുടങ്ങി വാക്സിൻ ലഭ്യതയുസരിച്ച് 1500 കേന്ദ്രങ്ങൾ വരെയായി ഉയർത്തുവാനാണ് ലക്ഷ്യമിടുന്നതെന്നും ഡൊമെനിക്കോ അർക്കുരി പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.