
സ്വന്തം ലേഖകൻ: കൊവിഡ് വ്യാപനം കുതിച്ചുയരുന്ന സാഹചര്യത്തിൽ ലണ്ടൻ നഗരത്തിലും സൗത്ത് ഈസ്റ്റ് ഇംഗ്ലണ്ടിലും ക്രിസ്മസിനായി നേരത്തെ അനുവദിച്ച അഞ്ചു ദിവസത്തെ ഇളവുകൾ റദ്ദാക്കി. ഇതോടെ ലണ്ടനിലും സൗത്ത് ഈസ്റ്റ് ഇംഗ്ലണ്ടിലും ലോക്ക്ഡൗണിനു സമാനമായ ടിയർ-4 നിയന്ത്രണങ്ങൾ ഇന്നലെ അർധരാത്രി മുതൽ നിലവിൽ വന്നു. അനിയന്ത്രിതമായി കൊവിഡ് പടരുന്ന സാഹചര്യം കണക്കിലെടുത്ത് ഹൃദയഭാരത്തോടെയാണ് ഈ തീരുമാനം എടുക്കേണ്ടി വന്നതെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ വിശദീകരിച്ചു.
ഇതോടൊപ്പം വെയിൽസിൽ പ്രാദേശിക ഭരണകൂടം ഇന്നലെ അർധരാത്രി മുതൽ ലോക്ക്ഡൗണും പ്രഖ്യാപിച്ചു. നോർത്തേൺ അയർലൻഡിലും ക്രിസ്മസ് പിറ്റേന്നു മുതൽ ലോക്ക്ഡൗൺ പ്രാബല്യത്തിലാകും. 26 മുതൽ സ്കോട്ട്ലൻഡിലും ടിയർ-4 നിയന്ത്രണങ്ങൾ നിലവിൽ വരും. സ്കോട്ട്ലൻഡിൽനിന്നും രാജ്യത്തിന്റെ മറ്റുഭാഗങ്ങളിലേക്കും തിരിച്ചുമുള്ള യാത്രകൾക്ക് ഇന്നു മുതൽ വിലക്കേർപ്പെടുത്തിയതായി സ്കോട്ടീഷ് ഫസ്റ്റ് മിനിസ്റ്റർ നിക്കോളാസ് സ്റ്റർജന്റ് അറിയിച്ചു.
ക്രിസ്മസിന് അഞ്ചുദിവസത്തേക്ക് കുടുംബാംഗങ്ങൾക്ക് ഒത്തുകൂടാനും ആഘോഷങ്ങൾ നടത്താനും നേരത്തെ അനുവദിച്ച ഇളവുകൾക്കാണ് നിയന്ത്രണം ഏർപ്പെടുത്താൻ സർക്കാർ ഇന്നലെ തീരുമാനിച്ചത്. പുതിയ തീരുമാനപ്രകാരം ടിയർ-4 നിയന്ത്രണങ്ങൾ നിലവിൽ ഇല്ലാത്ത സ്ഥലങ്ങളിൽ മാത്രം ക്രിസ്മസ് ദിനത്തിൽ മൂന്നുകുടുംബങ്ങൾക്ക് ഒത്തുചേരാം. അതും പരമാവധി എട്ടു പേർക്കു മാത്രം.
ടിയർ-4 നിയന്ത്രണം അനുസരിച്ച് ഇന്നു മുതൽ ലണ്ടൻ നഗരത്തിൽ അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ ഒഴികെ എല്ലാം അടയ്ക്കും. ജിമ്മുകളും പേഴ്സൊണൽ കെയർ സെന്ററുകളും പൂട്ടും. ഭവന സന്ദർശനങ്ങൾക്ക് പൂർണമായും വിലക്കുവീഴും. വ്യത്യസ്ത വീടുകളിൽ നിന്നുള്ള രണ്ടുപേർക്കു മാത്രം വീടിനു പുറത്ത് ഒത്തുചേരാം. അവശ്യയാത്രകൾക്ക് മാത്രമേ അനുമതി ഉണ്ടാകൂ. സ്റ്റേ അറ്റ് ഹോം അലേർട്ട് നിലവിലുള്ളതിനാൽ ക്രിസ്മസ് ദിനത്തിലെ പാതിരാ കുർബാനയും മറ്റ് തിരുക്കർമ്മങ്ങളും ഓൺലൈനിൽ കണ്ട് വിശ്വാസികൾക്ക് തൃപ്തിയടയേണ്ടിവരും. ലോക്ക്ഡൗൺ എന്ന വാക്ക് ഉപയോഗിച്ചിട്ടില്ലെങ്കിലും ലോക്ക്ഡൗണിലെ എല്ലാ നിയന്ത്രണങ്ങളും ഉൾക്കൊള്ളുന്നതാണ് ടിയർ-4.
ലണ്ടൻ നഗരത്തിലെ 32 ബറോകൾ, കെന്റ്, ബക്കിംങ്ങാംഷെയർ, , മിൽട്ടൺ കെയിൻസ്, ബർക്ക്ഷെയർ, സറൈ, പോർട്മോത്ത്, ബെഡ്ഫോർഡ്ഷെയർ, ഹെഡ്ഫർഡ്ഷെയർ, എസെക്സ്, പീറ്റർബറോ എന്നിവിടങ്ങളിലാണ് ഇന്നലെ അർധരാത്രി മുതൽ ടിയർ-4 നിയന്ത്രണങ്ങൾ നിലവിൽ വന്നത്.
മഹാമാരി നൽകിയ നഷ്ടങ്ങളും ദുഖങ്ങളും മറന്ന് ക്രസ്മസ് ദിവസങ്ങളിലെ ആഘോഷത്തിലേക്ക് പ്രതീക്ഷയോടെ കാത്തിരുന്നവർക്ക് അപ്രതീക്ഷിത തിരിച്ചടിയായി സർക്കാരിന്റെ ഇന്നലത്തെ കടുത്ത തീരുമാനം. എന്നാൽ കൊവിഡ് വ്യത്യസ്തമായ ആക്രമണശൈലി തുടരുമ്പോൾ വ്യത്യസ്തമായ പ്രതിരോധ മാർഗങ്ങൾ സ്വീകരിക്കാതെ നിവൃത്തിയില്ലെന്നായിന്നു ആഘോഷങ്ങൾ വിലക്കുന്നതിനുള്ള പ്രധാനമന്ത്രിയുടെ വിശദീകരണം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല