1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 21, 2020

സ്വന്തം ലേഖകൻ: അന്തരിച്ച മുൻ കുവൈത്ത് അമീർ ഷെയ്ഖ് സബാഹിന്റെ മകനും മുൻ ഉപപ്രധാനമന്ത്രിയുമായ ഷെയ്ഖ് നാസർ അൽ സബാഹ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ് (72) അന്തരിച്ചു. ഇപ്പോഴത്തെ അമീർ ഷെയ്ഖ് നവാഫ് പിതൃസഹോദരനാണ്. പ്രതിരോധമന്തിയുമായിരുന്ന ഷെയ്ഖ് നാസർ, കുവൈത്തിന്റെ വികസന, സാംസ്കാരിക, വ്യാപാര മേഖലയുടെ വളർച്ചയ്ക്കായി ഒട്ടേറെ സംഭാവനകൾ നൽകി.

ആസൂത്രണ-വികസന ഉന്നതാധികാര സമിതി മേധാവി, ആധുനിക കുവൈത്തിന്റെ അടയാളമായി മാറാനിരിക്കുന്ന സിൽക്ക് സിറ്റി- ബുബ്യാൻ ദ്വീപ് നിർമാണ പദ്ധതി മേധാവി എന്നീ പദവികളും വഹിച്ചു.

സാംസ്കാരിക കേന്ദ്രമായ ദാർ അൽ അത്താർ അൽ ഇസ്‌ലാമിയയുടെ സ്ഥാപകനും ന്യൂയോർക്കിലെ മെട്രോപ്പൊലിറ്റൻ മ്യൂസിയം ബോർഡ് ഓഫ് ട്രസ്റ്റീസ് ഓണററി അംഗവുമാണ്.മലയാളികളുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന ഷെയ്ഖ് നാസർ പലതവണ കേരളം സന്ദർശിച്ചിട്ടുണ്ട്.

2-3 മാസത്തിലൊരിക്കൽ കേരളത്തിൽ എത്തിയിരുന്ന അദ്ദേഹം ചെറായി ഉൾപ്പെടെയുള്ള വിനോദ സഞ്ചാരകേന്ദ്രങ്ങളിൽ പതിവ് സന്ദർശകനായിരുന്നു. കേരളത്തിലെ കായലുകളിൽ ആഡംബര ബോട്ടുകളിൽ ഉല്ലാസയാത്ര ഹരമായിരുന്ന ഷെയ്ഖ് നാസർ കേരളത്തിന്റെ പ്രകൃതി ഭംഗിയെക്കുറിച്ചു പലപ്പോഴും പറഞ്ഞിരുന്നു.

പിതാവും മുൻ അമീറുമായ ഷെയ്ഖ് സബാഹ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹിനെ കേരളത്തിൽ എത്തിക്കാനും അതീവ താത്പര്യമുണ്ടായിരുന്നു അദ്ദേഹത്തിന്. ഷെയ്ഖ് സബാഹ് 2017ൽ ചികിത്സാർഥം ന്യൂഡൽഹിയിൽ എത്തിയപ്പോൾ വിശ്രമം കേരളത്തിലാക്കാൻ ഒരുക്കങ്ങളെല്ലാം പൂർത്തിയായെങ്കിലും ഗൾഫ് മേഖലയിൽ ഖത്തറുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്നങ്ങൾ പരിഹരിക്കാൻ ഷെയ്ഖ് സബാഹ് അടിയന്തരമായി കുവൈത്തിലേക്കു തിരിച്ചതിനാൽ അത് നടന്നില്ല.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.