
സ്വന്തം ലേഖകൻ: പരിമിതമായ സ്ഥലങ്ങളില്‍ അമ്പതിലധികം ആളുകളുടെ കുടുംബേതര ഒത്തുചേരലുകള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് സൌദി ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. ഒത്തുചേരലുകളില്‍ പങ്കെടുക്കുന്നവര്‍, ക്ഷണിതാക്കള്‍, സൗകര്യം ചെയ്തു കൊടുക്കുന്നവര്‍ എന്നിവര്‍ക്കെതിരെയെല്ലാം നടപടി സ്വീകരിക്കും.
കൊറോണ വൈറസ് നിയന്ത്രണ മാനദണ്ഡങ്ങള്‍ ലംഘിച്ചതിന്റെ പേരിലായിരിക്കും ഇവര്‍ക്കെതിരെ നടപടി സ്വീകരിക്കുക എന്ന് സൌദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. വീടുകള്‍, വിശ്രമ കേന്ദ്രങ്ങള്‍, ഫാമുകള്‍, ക്യാമ്പുകള്‍, 50 ഉം അതില്‍ കൂടുതലും പേര്‍ ഒത്തുചേരുന്ന തുറസ്സായ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ ഒത്തുചേരലുകള്‍ക്ക് സൗകര്യമൊരുക്കി നല്‍കുന്നവര്‍ക്ക് 15,000 റിയാല്‍ പിഴ ചുമത്തും.
അതേസമയം ഇവിടങ്ങളില്‍ സംഗമത്തിനെത്തുന്ന ഓരോ വ്യക്തിക്കും 5,000 റിയാല്‍ വീതം പിഴ ചുമത്തുമെന്നും സൌദി മന്ത്രാലയം വ്യക്തമാക്കി. നിയമ ലംഘനം ആവര്‍ത്തിക്കുന്നപക്ഷം ഒത്തുചേരലിന് സൗകര്യമൊരുക്കുന്നവര്‍ക്ക് 30,000 റിയാലായി പിഴ വര്‍ധിപ്പിക്കും. പങ്കെടുക്കുന്നവര്‍ക്കുള്ള പിഴ ശിക്ഷ 10,000 റിയാലായും വര്‍ധിപ്പിക്കും.
മൂന്നാം തവണയും നിയമലംഘനം ആവര്‍ത്തിക്കുന്ന ഒത്തുചേരലുകള്‍ക്ക് സൗകര്യമൊരുക്കുന്നവരില്‍നിന്ന് വീണ്ടും ഇരട്ടിയായി പിഴ ഈടാക്കുകയും പബ്ലിക് പ്രോസിക്യൂഷന് കൈമാറുകയും ചെയ്യും. അതേസമയം ഇത്തരം സംഗമത്തില്‍ പങ്കെടുക്കാനെത്തുന്നവര്‍ മൂന്നാം തവണയും നിയമലംഘനം ആവര്‍ത്തിച്ചാല്‍ അറസ്റ്റ് ചെയ്യുകയും ചെയ്യും.
സ്വകാര്യമേഖലയിലുള്ളവരാണ് നിയമലംഘനത്തിന് സൗകര്യമൊരുക്കുന്നതെങ്കില്‍ ആദ്യ തവണ മൂന്ന് മാസത്തേക്ക് സ്ഥാപനം അടച്ചുപൂട്ടും. നിയമലംഘനത്തിന് ആവര്‍ത്തിച്ച് സൗകര്യമൊരുക്കിയാല്‍ രണ്ടാമത്തെ പ്രവിശ്യം ആറു മാസത്തേക്ക് സ്ഥാപനം അടച്ചുപൂടേണ്ടിവരുമെന്നും ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല