
സ്വന്തം ലേഖകൻ: ബ്രിട്ടനു പിന്നാലെ ഡെന്മാര്ക്ക്, ഓസ്ട്രേലിയ, ഇറ്റലി, നെതര്‍ലാന്റ്സ് തുടങ്ങിയ രാജ്യങ്ങളിലും വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തിയത് വലിയ ആശങ്കയിലാണ് ലോകം നോക്കി കാണുന്നത്. നിലവില്‍ നാല്പതോളം രാജ്യങ്ങള്‍ ബ്രിട്ടന് യാത്രാ വിലക്കേര്‍പ്പെടുത്തി കഴിഞ്ഞു. വൈറസ് വ്യാപനം നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട് പൊതു നയം രൂപീകരിക്കുന്നതിനായി യൂറോപ്യന്‍ യൂണിയന് പ്രത്യേക യോഗം ചേര്‍ന്നു. പെട്ടെന്ന് പടരുന്ന കൊറോണ വൈറസിന്റെ പുതിയ സ്ട്രെയിന്‍ റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെ ബ്രിട്ടണില്‍ കൊവിഡ് കേസുകള്‍ ഇരട്ടിയായി വര്‍ദ്ധിക്കുകയായിരുന്നു.
കഴിഞ്ഞ ഡിസംബറിലാണ് ചൈനയിലെ വുഹാനിൽ കൊവിഡ് എന്ന മഹാവ്യാധി ആദ്യമായി തലപൊക്കുന്നത്. പിന്നീടങ്ങോട്ട് അതിർത്തികൾ ഭേദിച്ച് ഈ വൈറസ് പടർന്നുപിടിക്കുന്ന കാഴ്ചക്കാണ് ലോകം സാക്ഷിയായത്. കൊവിഡ് എത്തിപ്പെടാത്ത ഒരു നാടുമില്ല എന്ന അവസ്ഥയിലായി കാര്യങ്ങൾ. മാസങ്ങളോളം അതിർത്തികളും വാതിലുകളും അടച്ചിട്ട് കോവിഡിനെ പ്രതിരോധിക്കാനുള്ള ശ്രമത്തിലായിരുന്നു രാജ്യങ്ങൾ. ഒടുവിൽ വൈറസിനെ തുരത്താൻ വാക്സിൻ എത്തുന്നുവെന്ന വാർത്ത ഏറെ സന്തോഷത്തോടെയാണ് ജനങ്ങൾ ഏറ്റെടുത്തത്. പല നാടുകളിലും വാക്സിൻ നൽകാനും തുടങ്ങി. ഇതിനിടയിലാണ് ലോകത്തെ വീണ്ടും ഭീതിയിലാക്കി ബ്രിട്ടനിൽ രൂപമാറ്റം സംഭവിച്ച കൊവിഡ് പടർന്നുപിടിക്കുന്നത്.
നിലവിലെ വൈറസിനെ അപേക്ഷിച്ച് (ഡി-614) വളരെവേഗം വ്യാപിക്കാനുള്ള ശേഷി പുതിയതിന് (ജി-614) ഉണ്ടെന്നാണ് വിലയിരുത്തൽ. കൂടുതൽ കാലയളവ് നിലനിൽക്കാനുള്ള അതിജീവന ശേഷിയുമുണ്ട്. മുൻ വൈറസിനേക്കാൾ 70 ശതമാനം വേഗത്തിലാണ് പുതിയത് വ്യാപിക്കുന്നത്. ഇതോടെ ജനം വീണ്ടും ഭീതിയിലായിരിക്കുകയാണ്. പല രാജ്യങ്ങളും ബ്രിട്ടനിലേക്കുള്ള വിമാന സർവീസ് അനിശ്ചിതമായി നിർത്തിവെച്ചു. കഴിഞ്ഞദിവസങ്ങളിൽ ഇതിനെക്കുറിച്ച് ആളുകൾ സെർച്ച് ചെയ്യുന്നത് വർധിച്ചതായി ഗൂഗിൾ കണക്കുകളും വ്യക്തമാക്കുന്നു.
ക്രിസ്മസ് ആഘോഷത്തിലേക്ക് അടുക്കവെയാണ് മഹാമാരി വീണ്ടും ഭീഷണിയാകുന്നത്. ഇതോടെ ആഘോഷങ്ങളുടെ പൊലിമയെല്ലാം കുറയും. യൂറോപ്പിലെ മിക്ക രാജ്യങ്ങളും ആഘോഷങ്ങൾ പരിമിതപ്പെടുത്തി. ലോക്ഡൗണുകളും തിരിച്ചുകൊണ്ടുവന്നിരിക്കുന്നു.
പുതിയ വകഭേദം പകരുന്നത് കൂടുതലാണെങ്കിലും നിലവിലെ കൊവിഡ് പോലെ അത്ര പ്രശ്നക്കാരനെല്ലെന്നാണ് അമേരിക്കയിലെ ആരോഗ്യ വിദഗ്ധർ പറയുന്നത്. രണ്ട് വകഭേദങ്ങളുടെയും ലക്ഷണങ്ങൾ ഒന്നുതന്നെയാണ്. ശരീരത്തിലെ ഉയർന്ന താപനില, സ്ഥിരമായ വരണ്ട ചുമ, രുചിയും ഗന്ധവും നഷ്ടപ്പെടൽ എന്നിവയെല്ലാം ആളുകളിൽ കണ്ടുവരുന്നു. ലണ്ടനിൽ ഈ മാസം ആദ്യം കണ്ടെത്തിയ കൊവിഡ് കേസുകളുടെ 62 ശതമാനവും പുതിയ വൈറസ് മൂലമാണ്.
അതേസമയം, വൈറസിന്റെ വ്യതിയാനങ്ങൾ പുതുമയുള്ള കാര്യമല്ലെന്നാണ് ഈ മേഖലയിലെ വിദഗ്ധർ പറയുന്നത്. മാത്രമല്ല നിലവിൽ കണ്ടെത്തിയ വകഭേദത്തെ തുരത്താൻ ഇതുവരെ പുറത്തിറക്കിയ വാക്സിൻ തന്നെ മതിയാകുമെന്നാണ് വിലയിരുത്തൽ.
പുതിയ വൈറസിൽ 23 മാറ്റങ്ങളാണ് വന്നിരിക്കുന്നത്. വൈറസ് ഉൽപ്പാദിപ്പിച്ച പ്രോട്ടീനിലാണ് കാര്യമായ മാറ്റങ്ങളുള്ളത്. സെപ്റ്റംബറിൽ ഇംഗ്ലണ്ടിലെ രോഗബാധിതരിൽ നിന്ന് ശേഖരിച്ച സാമ്പിളുകളിൽനിന്നാണ് പുതിയ വകഭേദത്തെ കുറിച്ച് ഗവേഷകർക്ക് സൂചന ലഭിക്കുന്നത്. ഇറ്റലി, ആസ്ട്രേലിയ, ഡെൻമാർക്ക്, നെതർലാൻഡ്സ് എന്നീ യൂറോപ്യൻ രാജ്യങ്ങൾക്ക് പുറമെ സൗത്ത് ആഫ്രിക്ക, ആസ്ട്രേലിയ എന്നിവിടങ്ങളിലും ഇതിന്റെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്.
കൊവിഡ് വീണ്ടും ദ്രുതഗതിയിൽ വ്യാപിച്ചതോടെ യു.എസ്.എ, ലാറ്റിനമേരിക്കൻ രാജ്യങ്ങൾ, യൂറോപ്യൻ യൂനിയൻ, ഗൾഫ് രാജ്യങ്ങൾ എന്നിവയെല്ലാം ബ്രിട്ടനിൽനിന്നുള്ള എല്ലാ വിമാന സർവീസുകളും വിലക്കി. ഗൾഫ് നാടുകളിലേക്ക് യൂറോപ്പിൽനിന്ന് വരുന്നവർക്ക് 15 ദിവസം ക്വാറന്റീൻ നിർബന്ധമാക്കുകയും ചെയ്തിട്ടുണ്ട്. ബ്രിട്ടനിൽനിന്ന് വരുന്നവർ ക്വാറന്റീനിൽ കഴിയണമെന്ന് ഇറ്റാലിയൻ സർക്കാറും അറിയിച്ചു. സൌദി അറേബ്യ ഒരാഴ്ചത്തേക്ക് എല്ലാ അതിർത്തികളും അടച്ചിടുകയും ചെയ്തു. റഷ്യയിലും തായ്ലാൻഡിലുമെല്ലാം ആഴ്ചകൾക്കുശേഷം കൊവിഡ് കേസുകൾ കൂടുന്ന കാഴ്ചയാണ് കഴിഞ്ഞിദിവസങ്ങളിൽ കാണുന്നത്.
തീവ്രവ്യാപന ശേഷിയുള്ള പുതിയ കൊവിഡ് വൈറസ് കണ്ടെത്തിതോടെ ബ്രിട്ടനിൽ നിന്നുള്ള എല്ലാ വിമാന സർവീസുകളും ഡിസംബർ 31 വരെ ഇന്ത്യയും വിലക്കിയിട്ടുണ്ട്. അവിടേക്കുള്ള എയർ ഇന്ത്യ വിമാന സർവീസുകൾ നിർത്തിവെച്ചു. ബുധനാഴ്ച മുതലാണ് വിലക്ക് നടപ്പാവുക. അതിനിടയിൽ അവിടെനിന്ന് വരുന്ന യാത്രക്കാരെ വിമാനത്താവളത്തിൽ ആർ.ടി-പി.സി.ആർ പരിശോധനക്ക് വിധേയരാക്കും. കൊവിഡ് പോസിറ്റീവെന്ന് കാണുന്നവരെ ക്വാറൻറീൻ കേന്ദ്രങ്ങളിലാക്കും. ആ വിമാനത്തിലെ മറ്റു യാത്രക്കാർ ഏഴു ദിവസം വീടിനുള്ളിൽ ക്വാറൻറീനിൽ കഴിയണം.
പുതിയ ഇനം കൊവിഡ് കണ്ടെത്തിയ പശ്ചാത്തലത്തിൽ കർക്കശമായ നിയന്ത്രണം ആവശ്യമായി വന്നിരിക്കുന്നുവെന്ന് ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ പറഞ്ഞു. കഴിഞ്ഞ രണ്ടു മാസമായി കൊവിഡ് കേസുകൾ ഇന്ത്യയിൽ കുറഞ്ഞു വരുന്നതാണ് കണക്കുകൾ കാണിച്ചത്. മരണസംഖ്യയും കുറഞ്ഞു. എന്നാൽ പുതിയ ഇനം വൈറസ് വിമാനയാത്രക്കാരിലൂടെ കടന്നുവന്നാൽ മഹാമാരി പ്രതിരോധം വീണ്ടും പ്രശ്നമായി മാറുമെന്ന് ആരോഗ്യ സെക്രട്ടറി പറഞ്ഞു. പുതിയ ഇനം വൈറസിെൻറ കാര്യത്തിൽ സർക്കാർ തികഞ്ഞ ജാഗ്രത പാലിക്കുന്നുണ്ടെന്നും പരിഭ്രാന്തി വേണ്ടെന്നും ആരോഗ്യമന്ത്രി ഡോ. ഹർഷ് വർധൻ പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല