1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 24, 2020

സ്വന്തം ലേഖകൻ: കേരളത്തില്‍ ഇന്ന് 5177 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തൃശൂര്‍ 591, കൊല്ലം 555, എറണാകുളം 544, കോഴിക്കോട് 518, കോട്ടയം 498, മലപ്പുറം 482, പത്തനംതിട്ട 405, തിരുവനന്തപുരം 334, പാലക്കാട് 313, ആലപ്പുഴ 272, കണ്ണൂര്‍ 263, വയനാട് 165, ഇടുക്കി 153, കാസര്‍ഗോഡ് 84 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 56,073 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.23 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 75,64,562 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 22 മരണങ്ങളാണ് കൊവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 2914 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 108 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4542 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 475 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. തൃശൂര്‍ 577, കൊല്ലം 544, എറണാകുളം 412, കോഴിക്കോട് 483, കോട്ടയം 473, മലപ്പുറം 469, പത്തനംതിട്ട 310, തിരുവനന്തപുരം 241, പാലക്കാട് 186, ആലപ്പുഴ 268, കണ്ണൂര്‍ 200, വയനാട് 159, ഇടുക്കി 142, കാസര്‍ഗോഡ് 78 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

52 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. തിരുവനന്തപുരം 8, കോഴിക്കോട് 7, പത്തനംതിട്ട, എറണാകുളം, കണ്ണൂര്‍ 6 വീതം, കൊല്ലം 5, തൃശൂര്‍ 4, കോട്ടയം, വയനാട് 3 വീതം, പാലക്കാട് 2, മലപ്പുറം, കാസര്‍ഗോഡ് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 4801 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 310, കൊല്ലം 215, പത്തനംതിട്ട 228, ആലപ്പുഴ 202, കോട്ടയം 493, ഇടുക്കി 241, എറണാകുളം 979, തൃശൂര്‍ 292, പാലക്കാട് 272, മലപ്പുറം 419, കോഴിക്കോട് 599, വയനാട് 179, കണ്ണൂര്‍ 279, കാസര്‍ഗോഡ് 93 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 63,155 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 6,60,445 പേര്‍ ഇതുവരെ കൊവിഡില്‍ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,70,725 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,57,013 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 13,712 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1645 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ഇന്ന് 3 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. പത്തനംതിട്ട ജില്ലയിലെ ഇരവിപേരൂര്‍ (കണ്ടെന്‍മെന്റ് സോണ്‍ സബ് വാര്‍ഡ് 5, 6), പാലക്കാട് ജില്ലയിലെ നാഗലശേരി (7), അമ്പലപ്പാറ (16) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.

ഇന്ന് 4 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി. ഇതോടെ ആകെ 459 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

രണ്ടാം ഘട്ട നൂറു ദിന പരിപാടി പ്രഖ്യാപിച്ച് മുഖ്യമന്ത്രി

കേരളത്തില്‍ എല്ലാ ക്ഷേമ പെന്‍ഷനുകളും നൂറുരൂപ വര്‍ധിപ്പിച്ച് കേരള സര്‍ക്കാര്‍. അടുത്ത മാസം മുതല്‍ വര്‍ധിച്ച തുക 1500 രൂപ ലഭിക്കുമെന്നും രണ്ടാം ഘട്ട നൂറുദിന പരിപാടി പ്രഖ്യാപിച്ച് കൊണ്ട് മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് കാലം മുതല്‍ നല്‍കി വരുന്ന സൗജന്യ കിറ്റ് വിതരണം നാല് മാസത്തേക്ക് കൂടി നീട്ടി. എല്ലാ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും ഭഷ്യക്കിറ്റ് നല്‍കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.

സര്‍ക്കാരിന്റെ ആദ്യ ഘട്ട നൂറുദിന പരിപാടിക്ക് മികച്ച പ്രതികരണം നേടാനായെന്നും രണ്ടാം ഘട്ട നൂറുദിന പരിപാടിയില്‍ 50,000 പേര്‍ക്ക് തൊഴില്‍ വാഗ്ദാനം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

അവയവമാറ്റ ശസ്ത്രക്രിയ കഴിഞ്ഞവര്‍ക്ക് സ്ഥിരമായി കഴിക്കേണ്ട മരുന്ന് അഞ്ചിലൊന്ന് വിലയ്ക്ക് നല്‍കും. കേരളത്തിന്റെ ഇന്റര്‍നെറ്റ് സംരംഭമായ കെ ഫോണിന്റെ ഒന്നാം ഘട്ട ഉദ്ഘാടനം ഫെബ്രുവരിയില്‍ നടക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഒന്‍പത് വ്യവസായ പദ്ധതികളുടെ ഉദ്ഘാടനം ഉടന്‍ നടത്തുമെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ സര്‍ക്കാര്‍ പാലിച്ചുവെന്നും വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി പറഞ്ഞു. സര്‍ക്കാരിന്റെ അറുപത് ഇന പരിപാടിയില്‍ 570 എണ്ണവും പൂര്‍ത്തിയായതായും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.