
സ്വന്തം ലേഖകൻ: ലോകം കാണുന്ന അവസാനത്തെ മഹാമാരി ആയിരിക്കില്ല കൊവിഡെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) തലവൻ ടെഡ്രോസ് അദാനോം ഗെബ്രിയേസസ്. കാലാവസ്ഥാ വ്യതിയാനത്തിനെതിരെയും മൃഗസംരക്ഷണത്തിനു വേണ്ടിയും നിലകൊണ്ടില്ലെങ്കിൽ മനുഷ്യന്റെ വിധി വീണ്ടും നാശത്തിലേക്കായിരിക്കുമെന്നും ടെഡ്രോസ് പറഞ്ഞു.
പകർച്ചവ്യാധി പ്രതിരോധ–മുന്നൊരുക്ക നടപടികൾക്കായുള്ള ആദ്യ രാജ്യാന്തര ദിനാചരണത്തിന്റെ ഭാഗമായി വിഡിയോ സന്ദേശത്തിൽ സംസാരിക്കുകയായിരുന്നു ടെഡ്രോസ്. പെട്ടെന്നു പൊട്ടിപ്പുറപ്പെടുന്ന മഹാമാരിക്കെതിരെ പണം ചെലവഴിക്കുന്നത് യാതൊരു ദീർഘവീക്ഷണവുമില്ലാതെയാണ്. വരാനിരിക്കുന്ന മഹാമാരിയെ പ്രതിരോധിക്കാൻ യാതൊന്നും ചെയ്യുന്നുമില്ല.
ഇത്രയുംകാലം പല പ്രശ്നങ്ങൾ വരുമ്പോഴും ലോകം ഭയക്കുകയും പിന്നീട് ആ പ്രശ്നത്തിനെ അവഗണിക്കുകയുമാണ് പതിവ്. തുടക്കത്തിൽ വൻതോതിൽ പണം ചെലവഴിക്കും. രോഗം മാറുമ്പോൾ അതിനെക്കുറിച്ച് എല്ലാവരും മറക്കും. അടുത്ത മഹാമാരി തടയാൻ യാതൊരു ശ്രദ്ധയും കാണിക്കുകയുമില്ല. ഇതെന്തു കൊണ്ടാണെന്ന് മനസ്സിലാവുന്നില്ല. കൊവിഡിൽനിന്നു നാം പാഠങ്ങൾ ഉൾക്കൊള്ളേണ്ട സമയമാണിതെന്നും ടെഡ്രോസ്പറഞ്ഞു.
കൊറോണ വൈറസ് പൊട്ടിപ്പുറപ്പെടുന്നതിനു മുൻപ്, ദ് ഗ്ലോബൽ പ്രിപ്പേഡ്‌നസ് മോണിറ്ററിങ് ബോർഡിന്റെ 2019 സെപ്റ്റംബറിലെ റിപ്പോർട്ടിൽ ഒരു പരാമർശമുണ്ടായിരുന്നു. വൻ നാശം സൃഷ്ടിക്കാവുന്ന മഹാമാരി പൊട്ടിപ്പുറപ്പെട്ടാൽ അതിനെ പ്രതിരോധിക്കാൻ ലോകം ഒട്ടും സജ്ജമല്ലെന്നായിരുന്നു അത്. ചരിത്രം നമ്മോടു പറയുന്നുണ്ട് ഒരു മഹാമാരിയും അവസാനത്തേതല്ലെന്നും പകർച്ചവ്യാധികളെന്നത് നമുക്കൊപ്പമുള്ള യാഥാർഥ്യമാണെന്നും.
ഭൂമിയിൽ മനുഷ്യരുടെ മാത്രമല്ല മൃഗങ്ങളുടെ ആരോഗ്യവും എങ്ങനെ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു എന്നു വ്യക്തമാക്കുന്നതാണ് മഹാമാരികൾ. അതോടൊപ്പം ഭൂമിയെ ജീവിക്കാൻ അനുയോജ്യമല്ലാതാക്കുംവിധമുള്ള കാലാവസ്ഥാ വ്യതിയാനം തുടരുന്നതിനെക്കുറിച്ചും ശ്രദ്ധ വേണം. ഏതുതരത്തിലുള്ള പ്രതിസന്ധി വന്നാലും അതിനെ തിരിച്ചറിയാനും അടിയന്തരമായി ഇടപെടാനും തടയാനുമുള്ള സംവിധാനം എല്ലാ രാജ്യങ്ങളും ഇനിയെങ്കിലും ഒരുക്കണമെന്നും ടെഡ്രോസ് കൂട്ടിച്ചേർത്തു.
പകർച്ചവ്യാധികളെ കൃത്യമായി കണ്ടെത്തി പ്രതിരോധിക്കാനുള്ള നടപടികൾ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് യുഎന്നിന്റെ നേതൃത്വത്തിൽ രാജ്യാന്തര പകർച്ചവ്യാധി പ്രതിരോധമുന്നൊരുക്ക ദിനം ആചരിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല