1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 27, 2020

സ്വന്തം ലേഖകൻ: ഇറ്റലിയിൽ കൊവിഡ് 19 പ്രതിരോധ വാക്സീൻ കുത്തിവപ്പിന് ഞായറാഴ്ച തുടക്കമായി. പകർച്ച വ്യാധികളെക്കുറിച്ചുള്ള പഠനവും ഗവേഷണവും നടത്തുന്ന, രാജ്യത്തെ പ്രത്യേക കേന്ദ്രമായ റോമിലെ സ്പല്ലൻസാനി ആശുപത്രിയിലെ രണ്ട് ഡോക്ടർമാർ, ഒരു വനിതാ നഴ്സ്, ഒരു ആരോഗ്യ സംരക്ഷണ സമൂഹ്യ പ്രവർത്തകൻ, ഒരു ഗവേഷകൻ എന്നിവരടങ്ങുന്ന അഞ്ച് സ്റ്റാഫ് അംഗങ്ങളാണ് രാജ്യത്ത് വാക്സീൻ സ്വീകരിക്കുന്ന ആദ്യ വ്യക്തികൾ.

വാക്സീൻ വിതരണത്തിനുള്ള അംഗീകാരം കഴിഞ്ഞ 21 ന് യൂറോപ്യൻ മെഡിസിൻസ് ഏജൻസി ഇറ്റലിക്ക് നൽകിയിരുന്നു. ഇറ്റലിയുടെ കൊറോണ വൈറസ് പ്രതിസന്ധിയെ നേരിടുന്നതിൽ പ്രധാന പങ്കുവഹിച്ച സ്പല്ലൻസാനി ആശുപത്രി, വാക്സീൻ വിതരണം ചെയ്യുന്നതിനുള്ള രാജ്യത്തിന്റെ മുഖ്യ കേന്ദ്രമായി പ്രവർത്തിക്കും. ഇറ്റാലിയൻ സൈന്യത്തിന്റെയും പൊലീസിന്റെയും നേതൃത്വത്തിലാവും വാക്സീൻ രാജ്യമെമ്പാടും എത്തിക്കുക.

തുടക്കത്തിൽ 300 വിതരണ കേന്ദ്രങ്ങളാണ് സജ്ജീകരിച്ചിട്ടുള്ളതെങ്കിലും വാക്സീനേഷൻ വിതരണം പൂർത്തിയായിക്കഴിഞ്ഞാൽ 1500 കേന്ദ്രങ്ങളിലൂടെ വിതരണം നടത്തുമെന്ന് രാജ്യത്തെ കൊറോണ വൈറസ് എമർജൻസി കമ്മീഷണർ ഡൊമെനിക്കോ അർക്കുരി പറഞ്ഞു. സൗജന്യമായാണ് വാക്സീൻ വിതരണം നടത്തുന്നതെന്നും അദ്ദേഹം അറിയിച്ചു.

അതിനിടെ യൂറോപ്പിലെ ഏറ്റവും കൊറോണ പകര്‍ച്ചയും കൊറോണ മ്യൂട്ടേഷനുമുള്ള രാജ്യമായി ജർമനി മാറിയതായി കണക്കുകൾ. ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാലയില്‍ നിന്നുള്ള കണക്കുകൾ പ്രകാരം രാജ്യത്തെ പകര്‍ച്ചാ നിരക്ക് ഗണ്യമായി കൂടുകയാണ്. താരതമ്യേന കുറഞ്ഞ കൊറോണ കേസുകളും കുറഞ്ഞ മരണങ്ങളുമായി കൊവിഡ് മഹാമാരിയെ നേരിടുന്നതിൽ ഒരു മാതൃകാ രാജ്യമായി ജർമനി കണക്കാക്കപ്പെട്ടിരുന്നു.

യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍ ഈ മാസം തന്നെ 12.5 മില്യന്‍ കൊവിഡ് വാക്സീന്‍ ഡോസുകളുടെ വിതരണം പൂര്‍ത്തിയാക്കുമെന്ന് ബയോണ്‍ടെക്. മിക്ക അംഗരാജ്യങ്ങളും ഈയാഴ്ച തന്നെ വാക്സീനേഷന്‍ ക്യാംപെയന്‍ ആരംഭിക്കും. മറ്റു രാജ്യങ്ങളും അടുത്ത ആഴ്ചയോടെയും. യുഎസ്, യുകെ, കാനഡ എന്നീ രാജ്യങ്ങള്‍ക്കു പിന്നാലെ ഫൈസര്‍–ബയോണ്‍ടെക് വാക്സിന്റെ ഉപയോഗത്തിന് യൂറോപ്യന്‍ യൂണിയനും തിങ്കളാഴ്ച അനുമതി നല്‍കിയിരുന്നു.

ജര്‍മനി, ഫ്രാന്‍സ്, ഓസ്ട്രിയ, ഇറ്റലി എന്നീ രാജ്യങ്ങളിലായിരിക്കും യൂറോപ്യന്‍ യൂണിയനില്‍ ആദ്യ ഘട്ടത്തില്‍ വാക്സീന്‍ വിതരണം തുടങ്ങുക. പിന്നാലെ സ്വിറ്റ്സര്‍ലന്‍ഡ്, നെതര്‍ലന്‍ഡ്സ് എന്നിവിടങ്ങളിലും വാക്സീന്‍ എത്തിക്കും.ഡിസംബര്‍ 26നാണ് ജര്‍മനിയിലും ഫ്രാന്‍സിലും ഇറ്റലിയും വാക്സീന്‍ എത്തിക്കുന്നത്. 27നു തന്നെ പൊതുജനങ്ങള്‍ക്ക് വാക്സീന്‍ നല്‍കിത്തുടങ്ങാന്‍ കഴിയുന്ന വിധത്തിലാണ് ആസൂത്രണം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.