
സ്വന്തം ലേഖകൻ: പുതുവർഷാഘോഷത്തിന് മുന്നോടിയായി മാറ്റിയ പൊതുഗതാഗത സമയക്രമം പുറത്തുവിട്ടു. ഡിസംബർ 31-ന് വൈകീട്ട് അഞ്ച് മുതൽ ജനുവരി ഒന്ന് രാവിലെ ആറുവരെ ബുർജ് ഖലീഫ മെട്രോ സ്റ്റേഷൻ അടച്ചിടുമെന്ന് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർ.ടി.എ) അറിയിച്ചു.
റെഡ് ലൈൻ ഡിസംബർ 31 രാവിലെ അഞ്ച് മണിമുതൽ ജനുവരി രണ്ട് പുലർച്ചെ ഒരുമണിവരെ ആകെ 44 മണിക്കൂർ പ്രവർത്തിക്കും. ഗ്രീൻ ലൈൻ 31-ന് പുലർച്ചെ 5.30 മുതൽ ജനുവരി രണ്ട് പുലർച്ചെ ഒരുമണിവരെ 43.5 മണിക്കൂർ പ്രവർത്തിക്കും. അതേസമയം ട്രാം സർവീസ് 31-ന് രാവിലെ ആറുമുതൽ ജനുവരി രണ്ട് പുലർച്ചെ ഒരു മണിവരെയും സേവനം നൽകും.
മറ്റ് വകുപ്പുകളുടെയും സ്ഥാപനങ്ങളുടെയും സഹകരണത്തോടെ ഡൗൺടൗണിൽ സുരക്ഷിതമായി പുതുവത്സരാഘോഷങ്ങൾ സംഘടിപ്പിക്കാനുള്ള പദ്ധതി ദുബായ് പോലീസ് പ്രഖ്യാപിച്ചിട്ടുണ്ട്. കൂടിയാലോചനകൾക്ക് ശേഷമാണ് ആഘോഷം നടത്താൻ അനുമതി നൽകിയതെന്ന് ദുബായ് പോലീസ് കമാൻഡർ ഇൻ ചീഫ് ലെഫ്റ്റനന്റ് ജനറൽ അബ്ദുല്ല ഖലീഫ അൽ മർറി പറഞ്ഞു. എല്ലാ കൊവിഡ് സുരക്ഷാ മുന്നൊരുക്കങ്ങളും പൂർത്തിയാക്കിയശേഷമാണ് ആഘോഷങ്ങൾ സംഘടിപ്പിക്കുന്നത്.
പുതുവർഷാഘോഷത്തിന്റെ ഒരുക്കങ്ങളുടെ ഭാഗമായി ഡൗൺടൗൺ ദുബായിലെ ചില സ്ട്രീറ്റുകൾ അടച്ചിടും. ഡിസംബർ 31-ന് അൽ അസയൽ റോഡ് അടച്ചിടും. ഊദ് സ്ട്രീറ്റിൽനിന്ന് അൽ മെയ്ദാൻ സ്ട്രീറ്റ് വരെയാണ് നാലുമുതൽ അടച്ചിടുക. പാർക്കിങ് പ്രദേശം നിറഞ്ഞാൽ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് ബൊളിവാർഡ് സ്ട്രീറ്റും വൈകീട്ട് നാലുമുതൽ അടയ്ക്കും. പ്രദേശത്ത് മുൻകൂട്ടി പാർക്കിങ് ബുക്ക് ചെയ്തവർക്ക് അസൗകര്യങ്ങൾ ഒഴിവാക്കാൻ വൈകീട്ട് നാലിന് മുമ്പ് എത്തിച്ചേരണമെന്ന് ആർ.ടി.എ. അറിയിച്ചു.
ഫിനാൻഷ്യൽ സെന്റർ റോഡ് വൈകീട്ട് നാല് മുതൽ അടച്ചിടും. അൽ സുക്കൂക്ക് സ്ട്രീറ്റ് രാത്രി എട്ടിന് അടയ്ക്കും. ബിസിനസ് ബേ സ്ട്രീറ്റിനും ഫിനാൻഷ്യൽ സെന്ററിനുമിടയിൽ ഫ്യൂച്ചർ സ്ട്രീറ്റ് വൈകീട്ട് ആറു മുതൽ എട്ടുവരെ പരിപാടികൾ അവസാനിക്കുംവരെ അടച്ചിടും. ദുബായ് പോലീസിന്റെ സഹകരണത്തോടെ ആർ.ടി.എയുടെ മേൽനോട്ടത്തിലായിരിക്കും നിയന്ത്രണങ്ങൾ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല