
സ്വന്തം ലേഖകൻ: ജനിതക മാറ്റത്തിലൂടെ കൂടുതൽ കരുത്ത് നേടിയെത്തിയ കൊവിഡിന്റെ മൂന്നാം വരവിൽ വിറച്ച് യുകെ. രൂപമാറ്റം സംഭവിച്ച കൊവിഡ് വൈറസ് ഒരോ മണിക്കൂറിലും രോഗികളാക്കി മാറ്റുന്നത് ആയിരങ്ങളെ. കഴിഞ്ഞ ദിവസം മാത്രം പുതുതായി രോഗം സ്ഥിരീകരിച്ചത് 41,385 പേർക്കാണ്. 24 മണിക്കൂറിനിടെ മരിച്ചത് 357 പേരും. ഇംഗ്ലണ്ടിലെ മാത്രം കണക്കാണിത്.
അവധി ദിവസങ്ങളായതിനാൽ രാജ്യത്തെ മറ്റു പ്രാദേശിക ഭരണകൂടങ്ങളിൽ നിന്നുള്ള കണക്കുകൾ വ്യക്തമല്ല. രാജ്യത്ത് പ്രതിദിനം രോഗികളാകുന്നവരുടെ എണ്ണം ആദ്യമായാണ് നാൽപതിനായിരത്തിനു മുകളിലാകുന്നത്. ഇംഗ്ലണ്ടിലെ എൻഎച്ച്എസ് ആശുപത്രികളെല്ലാം രോഗികളെക്കൊണ്ട് നിറഞ്ഞു കവിയുന്ന സ്ഥിതിയാണ്. ഇപ്പോൾതന്നെ 20,426 പേർ കൊവിഡ് രോഗികളായി ആശുപത്രികളിലുണ്ട്.
ഏപ്രിൽ മാസത്തിൽ കൊവിഡ് മഹാമാരിയുടെ മൂർധന്യാവസ്ഥയിൽ പോലും പരമാവധി 19,000 രോഗികളായിരുന്നു ആശുപത്രികളിൽ ചികിത്സ തേടിയത്. വെയിൽസ്, സ്കോട്ട്ലൻഡ് എന്നിവിടങ്ങളിലെ ആശുപത്രികളിൽ നിന്നുള്ള കണക്കുകളും ആശങ്കാജനകമാണ്. അത്യാവശ്യമല്ലാത്ത എല്ലാ ചികിൽസകളും ആശുപത്രികളിൽ നിർത്തിവച്ചിരിക്കുകയാണ്. അടിയന്തരമല്ലാത്ത ശസ്ത്രക്രിയകളും റദ്ദാക്കി.
ലണ്ടനിൽ കഴിഞ്ഞ ഒറ്റരാത്രി മാത്രം ആംബുലൻസ് സർവീസിന്റെ സഹായം തേടിയത് ഒമ്പതിനായിരത്തിലധികം രോഗികളാണ്. ലണ്ടൻ ആംബുലൻസ് സർവീസിന്റെ ചരിത്രത്തിലെ സർവകാല റെക്കാർഡാണിത്. രോഗവ്യാപനം അതിഗൗരവമായി തുടരുമ്പോഴും ക്രിസ്മസ് അവധി കഴിഞ്ഞ് സ്കൂളുകൾ പതിവുപോലെയോ ഭാഗികമായോ തുറക്കാനുള്ള തയാറെടുപ്പിൽ തന്നെയാണ് സർക്കാർ.
കുറഞ്ഞത് ജിസിഎസ്ഇ, എ.ലെവൽ ക്ലാസുകളെങ്കിലും മുടക്കം കൂടാതെ നടത്താനുള്ള തയാറെടുപ്പിലാണ് സർക്കാരിന്റെ മുന്നൊരുക്കങ്ങൾ. കുട്ടികളിൽ കൊവിഡ് അപകടകാരിയല്ലെന്ന് കണ്ടെത്തിയിട്ടുള്ള സാഹചര്യത്തിൽ പരീക്ഷാ തയാറെടുപ്പു നടത്തുന്ന കുട്ടികളെ സ്കൂളിൽനിന്നും വിലക്കുന്നതിൽ അർധമില്ലെന്നാണ് സർക്കാരിന്റെ നിലപാട്.
ആശുപത്രികൾ രോഗികളെക്കൊണ്ടു നിറയുമ്പോൾ ഇവരെ ചികിൽസിക്കാൻ ആവശ്യത്തിന് ഡോക്ടർമാരോ നഴ്സുമാരോ മറ്റു കെയർ സ്റ്റാഫോ ഇല്ലാത്ത സ്ഥിതിയാണ് പലയിടങ്ങളിലും. നല്ലൊരു ശതമാനം സ്റ്റാഫും രോഗികളായിക്കഴിഞ്ഞു. എൻഎച്ച്എസിലെ പത്തിലൊന്ന് ജീവനക്കാരോളം സിക്ക് ലീവിലോ ഐസലേഷനിലോ ആണെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
കൊവിഡിന്റെ ഒന്നാം വരവിൽ തന്നെ അടിയന്തരമായി നിർമിച്ച നേറ്റിംങ്ങേൽ ആശുപത്രികൾ വീണ്ടും തുറക്കാൻ സർക്കാർ ആലോചിക്കുന്നുണ്ടെങ്കിലും ഈ താൽകാലിക ആശുപത്രികൾ പ്രവർത്തിപ്പിക്കാൻ മതിയായ സ്റ്റാഫിനെ കിട്ടാത്ത സ്ഥിതിയാണ്. അടുത്തിടെ റിട്ടയർ ചെയ്ത നഴ്സുമാരെയും ഡോക്ടർമാരെയും ഇവിടെ സേവനത്തിനായി എത്തിക്കാനുള്ള ശ്രമം ആദ്യഘട്ടത്തിലേ പരാജയപ്പെട്ടിരുന്നു.
അതിനിടെ കൊവിഡ് ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ കടുപ്പിച്ചില്ലെങ്കിൽ സ്ഥിതി കൂടുതൽ മോശമാകുമെന്ന് സേജ് കമ്മിറ്റി മുന്നറിയിപ്പ് നൽകി. ടിയർ5 നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ വരുത്തണമെന്നാണ് കമ്മിറ്റിയുടെ ശുപാർശ. പുതിയ നടപടികളെ ടിയർ 5 എന്ന് വിളിക്കുമോയെന്ന് വ്യക്തമല്ലെങ്കിലും, നിലവിലെ ടയർ 4 നേക്കാളും നവംബറിലെ ദേശീയ ലോക്ക്ഡൗണിനേക്കാളും കർശനമായിരിക്കണമെന്നാണ് കമ്മിറ്റിയുടെ നിലപാട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല