
സ്വന്തം ലേഖകൻ: പ്രസിഡന്‍റായി ചുമതലയേല്‍ക്കുന്നതിന് ദിവസങ്ങള്‍ മാത്രം അവശേഷിക്കെ സുഗമമായ അധികാര കൈമാറ്റത്തിന് ട്രംപ് ടീം തടസങ്ങള്‍ സൃഷ്ടിക്കുന്നുവെന്ന പരാതിയുമായി നിയുക്ത പ്രസിഡന്‍റ് ജോ ബൈഡന്‍. നാഷണല്‍ സെക്യൂരിറ്റി ആന്‍ഡ് ഫോറിന്‍ പോളിസി ഏജന്‍സി ടീം അംഗങ്ങളുമായി ബൈഡന്‍ നടത്തിയ വെര്‍ച്വല്‍ മീറ്റിംഗിലാണ് ട്രംപിനെതിരെ ആക്ഷേപം ഉന്നയിച്ചത്.
കഴിഞ്ഞ നവംബര്‍ 23-നാണ് അധികാര കൈമാറ്റത്തിന് ട്രംപ് ഭരണകൂടം അനുവാദം നല്‍കിയത്. തെരഞ്ഞെടുപ്പില്‍ കൃത്രിമം നടന്നെന്ന് ആരോപിച്ച് അധികാര കൈമാറ്റത്തിന് വിമുഖത പ്രകടിപ്പിച്ചിരുന്നു ട്രംപ്. ഇപ്പോഴും അധികാരം കൈമാറുന്നതിനുള്ള നടപടികള്‍ വൈകിപ്പിക്കുകയാണെന്നാണ് ബൈഡന്‍ ചൂണ്ടിക്കാട്ടുന്നത്
എല്ലാ കോടതികളും ട്രംപിന്‍റെ തെരഞ്ഞെടുപ്പ് കേസുകള്‍ക്കെതിരേ മുഖംതിരിച്ചിരുന്നു. ജനുവരി ആറിന് നടക്കുന്ന ഇലക്ടറല്‍ വോട്ടുകള്‍ എണ്ണി തിട്ടപ്പെടുത്തി ബൈഡന്‍റെ വിജയം ഔദ്യോഗികമായി പ്രഖ്യാപിക്കുന്ന യുഎസ് കോണ്‍ഗ്രസിന്‍റെ മീറ്റിംഗ് ജനാധിപത്യ മര്യാദകള്‍ ലംഘിച്ച് അട്ടിമറിക്കാനാണ് ട്രംപ് ശ്രമിക്കുന്നതെന്നും ബൈഡന്‍ പറഞ്ഞു.
ജനുവരി 20-ന് നടക്കുന്ന അധികാര കൈമാറ്റ ചടങ്ങുകള്‍ക്ക് മുമ്പ് യു.എസ് ഹൗസും, സെനറ്റും സം യുക്തമായി വിജയിയെ പ്രഖ്യാപിക്കേണ്ടതുണ്ട്. ഇതുവരെ ട്രംപ് പരാജയം പരസ്യമായി അംഗീകരിക്കാത്ത സാഹചര്യത്തില്‍ ജനുവരി ആറിന് എന്തു സംഭവിക്കുമെന്ന് കാത്തിരുന്നു കാണേണ്ടി വരും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല