
സ്വന്തം ലേഖകൻ: രൂപമാറ്റം സംഭവിച്ച കൊവിഡ് വൈറസിന്റെ വ്യാപനം അതിരൂക്ഷമായതോടെ, ബ്രിട്ടനിലേക്കും തിരിച്ചും വിമാന സർവീസുകൾക്ക് ഏർപ്പെടുത്തിയ നിരോധനം ജനുവരി ഏഴുവരെ നീട്ടി ഇന്ത്യ. ഇന്നുച്ചയ്ക്ക് ഡൽഹിയിൽ ചേർന്ന ഉന്നതതല യോഗമാണ് ഇതുസംബന്ധിച്ച് തീരുമാനമെടുത്തത്. ജനുവരി ഏഴിന് വീണ്ടും സ്ഥിതിഗതികൾ വിലയിരുത്തി പുതിയ തീരുമാനമെടുക്കും.
ഇതിനോടകം തന്നെ ബ്രിട്ടനിൽനിന്നും ഇന്ത്യയിലെത്തിയ പലരും വകഭേദം വന്ന പുതിയ വൈറസ് ബാധിച്ച് രോഗബാധിതരായ കാര്യം കണക്കിലെടുത്താണ് തൽകാലം വിമാനസർവീസ് പുനഃരാരംഭിക്കേണ്ടതില്ലെന്ന് തീരുമാനിച്ചത്. കൊച്ചിയിലേക്ക് നേരിട്ട്, ആഴ്ചയിൽ മൂന്നുദിവസം ഉൾപ്പെടെ, ഇന്ത്യയിലെ വിവിധ നഗരങ്ങളിലേക്കും തിരിച്ചും ഉണ്ടായിരുന്ന അറുപതിലേറെ സർവീസുകളാണ് വൈറസിന്റെ വകഭേദം മൂലം മുടങ്ങിപ്പോയത്.
വിമാന സർവീസുകൾ അപ്രതീക്ഷിതമായി മുടങ്ങിയതോടെ ക്രിസ്മസിനും മറ്റ് ആവശ്യങ്ങൾക്കുമായി നാട്ടിൽപോയ നൂറുകണക്കിന് മലയാളികളാണ് ബ്രിട്ടനിലേക്ക് മടങ്ങിവരാനാകാതെ കുടുങ്ങിയിരിക്കുന്നത്.
അതിനിടെ കൊവിഡ് ബാധിച്ച് ബ്രിട്ടനിൽ ഒരു മലയാളി കൂടി മരിച്ചു. പോർട്സ്മോത്തിൽ താമസിക്കുന്ന കോട്ടയം കല്ലറ സ്വദേശി വരപ്പടവിൽ അജി ജോസഫ് ആണ് (41) ചൊവ്വാഴ്ച കൊവിഡ് ബാധിച്ച് മരിച്ചത്. കോവിഡിനൊപ്പമെത്തിയ ഹൃദയാഘാതമാണ് അജിയുടെ ജീവൻ കവർന്നത്.
രോഗവ്യാപനത്തിന്റെ മൂന്നാം തരംഗത്തിൽ ബ്രിട്ടനിൽ കൊവിഡ് ബാധിച്ച് മരിക്കുന്ന ആദ്യത്തെ മലയാളിയാണ് അജി. ലിവർപൂൾ മലയാളി അസോസിയേഷൻ വൈസ് പ്രസിഡന്റ് അനിൽ ജോസഫിന്റെ സഹോദരനാണ് അജി. സംസ്കാരം പിന്നീട് ബ്രിട്ടനിൽ നടത്തും. ദീപമോളാണ് അജിയുടെ ഭാര്യ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല