
സ്വന്തം ലേഖകൻ: അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും ക്രൂരനായ പരമ്പര കൊലയാളിയെന്ന് വിശേഷിപ്പിക്കപ്പെടുന്ന സാമുവല്‍ ലിറ്റില്‍ ബുധനാഴ്ച ജയിലില്‍ മരിച്ചു. മരണകാരണം വ്യക്തമാക്കിയിട്ടില്ലെങ്കിലും അസ്വഭാവികതയില്ലെന്ന് കാലിഫോര്‍ണിയ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് കറക്ഷന്‍സ് ആന്‍ഡ് റിഹാബിലിറ്റേഷന്‍ അറിയിച്ചു. കാലിഫോര്‍ണിയ ജയിലില്‍ ജീവപര്യന്തത്തടവിലായിരുന്നു ഇയാള്‍.
സീരിയല്‍ കില്ലറെന്നും സീരിയല്‍ റേപ്പിസ്റ്റെന്നും വിളിക്കപ്പെട്ട സാമുവല്‍ ലിറ്റിലിന് മരിക്കുമ്പോള്‍ എണ്‍പത് വയസായിരുന്നു പ്രായം. സാമുവല്‍ ലിറ്റില്‍ കുറ്റസമ്മതം നടത്തിയ ഇനിയും തെളിയിക്കപ്പെട്ടിട്ടില്ലാത്ത കേസുകളില്‍ അന്വേഷണവും ചോദ്യം ചെയ്യലും തുടര്‍ന്ന് വരുന്നതിനിടെയായിരുന്നു മരണം.
2018 ല്‍ സാമുവല്‍ ലിറ്റില്‍ കുറ്റസമ്മതം നടത്താൻ ആരംഭിച്ചില്ലായിരുന്നെങ്കില്‍ അയാള്‍ നടത്തിയ ഭൂരിഭാഗം കൊലപാതകങ്ങളും തെളിയിക്കപ്പെടാതെ അവശേഷിക്കുമായിരുന്നു. സാമുവല്‍ ഏറ്റുപറഞ്ഞ കൊലപാതകങ്ങളിലെ ഇരകളില്‍ പകുതിയോളം പേരെ കുറിച്ചുള്ള വിവരം പോലീസിന് ഇതുവരെ കണ്ടെത്താന്‍ സാധിച്ചിട്ടല്ല. പ്രായാധിക്യത്താല്‍ ഒര്‍മക്കുറവ് പ്രകടിപ്പിച്ച സാമുവല്‍ പലപ്പോഴും മൊഴിമാറ്റിപ്പറയുകയും ചെയ്തിരുന്നത് അന്വേഷണസംഘത്തെ അനിശ്ചിതത്വത്തിലാക്കി.
ലൈംഗികത്തൊഴിലാളികള്‍, മയക്കമരുന്നിനടിമകള്, സമൂഹത്തിന്റെ താഴെത്തട്ടിലുള്ളവര്‍ എന്നിവരായിരുന്നു സാമുവലിന്റെ ഇരകള്‍. അപകടമരണമായി പലപ്പോഴും കൊലപാതകങ്ങള്‍ കണക്കാക്കപ്പെട്ടിരുന്നു. അതിബുദ്ധിമാനായ സോഷ്യോപാത്തായാണ് പോലീസുദ്യോഗസ്ഥനായ ഹോളണ്ട് ഇയാളെ വിശേഷിപ്പിച്ചത്. 2018 ല്‍ ഹോളണ്ടിനോടാണ് സാമുവല്‍ കുറ്റസമ്മതം നടത്തിയത്. കൊലപാതകങ്ങള്‍ നടത്തിയതിന്റെ വിശദീകരണം സാമുവല്‍ ഒരിക്കല്‍ പോലും നല്‍കിയിരുന്നില്ല.
2012 ലാണ് സാമുവല്‍ ആദ്യമായി പോലീസിന്റെ പിടിയിലായത്. ഡിഎന്‍എ തെളിവുകളുടെ അടിസ്ഥാനത്തില്‍ മൂന്ന് കൊലപാതകങ്ങള്‍ സാമുവലാണ് ചെയ്തതെന്ന് കണ്ടെത്തി.പിന്നീട് 2018 ലാണ് മറ്റു കൊലപാതകങ്ങളെ കുറിച്ച് സാമുവല്‍ വെളിപ്പെടുത്തിയത്. തെളിവുകളില്ലാത്ത കേസുകളില്‍ സാമുവലിന്റെ മൊഴികളുടെ അടിസ്ഥാനത്തിലായിരുന്നു പോലീസ് തെളിവുകള്‍ കണ്ടെത്തിയത്. 19 സംസ്ഥാനങ്ങളില്‍ സാമുവല്‍ തന്റെ ഇരകളെ തേടിയെത്തി. ഇരകളെല്ലാം തന്നെ കറുത്ത വര്‍ഗക്കാരായിരുന്നു.
“ഒരു മുന്തിരിവള്ളിയില്‍ നിന്ന് ഒരു മുന്തിരി മാത്രമല്ലല്ലോ നമുക്ക് ലഭിക്കുക, അതു കൊണ്ടു തന്നെ പലപ്പോഴും ഞാന്‍ ഒരേ നഗരത്തില്‍ വീണ്ടും ഇരകളെ തേടി പോകുമായിരുന്നു,” ഒരു അഭിമുഖത്തില്‍ സാമുവല്‍ പറഞ്ഞതിങ്ങനെ!
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല