1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 31, 2020

സ്വന്തം ലേഖകൻ: സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ, ഭാരത് ബയോടെക് എന്നിവയുടെ കൊവിഡ് വാക്‌സിനുകളുടെ അടിയന്തര ഉപയോഗത്തിന് ഇന്ത്യയില്‍ ഉടന്‍ അനുമതിയില്ല. വാക്‌സീന്റെ ഫലപ്രാപ്തി സംബന്ധിച്ച് കൂടുതല്‍ വ്യക്തത വേണമെന്ന വിദഗ്ധ സമിതിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് നടപടി.

നേരത്തെ ഇംഗ്ലണ്ടില്‍ ഓക്സ്ഫഡ് വാക്സിന്റെ അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കിയിരുന്നു. ഇതോടെ ഇന്ത്യയിലും ഉടനെ വാക്‌സിന് അനുമതി ലഭിച്ചേക്കുമെന്ന് വിലയിരുത്തല്‍ ഉണ്ടായിരുന്നു. ഓക്സ്ഫഡ് സര്‍വകലാശാലയും ആസ്ട്ര സെനക്കയും സംയുക്തമായി ചേര്‍ന്നു നിര്‍മിക്കുന്ന വാക്‌സിന്‍ ഇന്ത്യയില്‍ ഉല്‍പാദിപ്പിക്കുന്നത് പൂണെയിലെ സിറം ഇന്‍സ്റ്റിറ്റ്യൂട്ടാണ്.

വാക്സിന് 62% മുതല്‍ 90% വരെ ഫലപ്രാപ്തിയുണ്ടെന്നായിരുന്നു യുകെ, ബ്രസീല്‍ എന്നിവിടങ്ങളിലായി നടന്ന ട്രയല്‍ഫലം. അതേസമയം ബ്രിട്ടണില്‍ കണ്ടെത്തിയ ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസിനെതിരെ നിലവിലുള്ള വാക്സിനുകള്‍ ഫലപ്രദമാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. പുതിയ കൊറോണ വൈറസിനെതിരെ നിലവില്‍ കണ്ടെത്തിയ വാക്സിനുകള്‍ ഫലപ്രദമല്ലെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് വിശദീകരണവുമായി ആരോഗ്യമന്ത്രാലയം രംഗത്തെത്തിയത്.

ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസിനെതിരെ ഇപ്പോള്‍ കണ്ടെത്തിയ വാക്സിന്‍ ഫലപ്രദമല്ലെന്ന പ്രചരണങ്ങള്‍ക്ക് തെളിവുകളൊന്നുമില്ലെന്ന് കേന്ദ്രസര്‍ക്കാരിന്റെ ശാസ്ത്ര ഉപദേഷ്ടാവായ കെ.വിജയരാഘവന്‍ പറഞ്ഞു. വൈറസിനുണ്ടാകുന്ന ചെറിയ ജനിതക മാറ്റങ്ങള്‍ വാക്സിനുകളുടെ ഫലപ്രാപ്തിയെ ഇല്ലാതാക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ബ്രിട്ടണില്‍ കണ്ടെത്തിയ കൊറോണ വൈറസിന്റെ അതിവേഗം പടരുന്ന പുതിയ സ്‌ട്രെയിന്‍ ഇന്ത്യയിലും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വെെറസിന്റെ അപകടകരമായ സ്‌ട്രെയിനുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെ ഇന്ത്യ ബ്രിട്ടനില്‍ നിന്നുള്ളവര്‍ക്ക് യാത്രാ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു.

ലോകത്തെ ഏറ്റവും വലിയ കൊവിഡ് പ്രതിരോധ കുത്തിവെപ്പ് പദ്ധതിക്ക് രാജ്യം തയ്യാറെടുക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഗുജറാത്തിലെ രാജ്‌കോട്ടില്‍ എയിംസിന്റെ ശിലാസ്ഥാപനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്തെ പുതിയ കൊവിഡ് കേസുകളുടെ എണ്ണം കുറഞ്ഞു കൊണ്ടിരിക്കുകയാണ്. അടുത്ത വര്‍ഷം ലോകത്തെ ഏറ്റവും വലിയ പ്രതിരോധ കുത്തിവെപ്പ് പദ്ധതിക്ക് രാജ്യം തയ്യാറെടുക്കുകയാണ്. വിതരണത്തിനുളള തയ്യാറെടുപ്പ് അന്തിമഘട്ടത്തിലാണെന്നും അടുത്തവര്‍ഷം അവസാനത്തോടെ എല്ലാവര്‍ക്കും വാക്‌സിന്‍ ലഭ്യമാക്കുമെന്നും മോദി പറഞ്ഞു.

19 കേന്ദ്രമന്ത്രിമാര്‍ക്കാണ് വിതരണത്തിന്റെ ചുമതല. വാക്‌സിന്‍ ഉപയോഗത്തിനുളള അപേക്ഷകള്‍ പരിശോധിക്കാന്‍ സെന്റര്‍ ഡ്രഗ്‌സ് സ്റ്റാന്‍ഡേര്‍ഡ് ഓര്‍ഗനൈസേഷന്റൈ വിദഗ്ധ സമിതി നാളെ യോഗം ചേരും. കോവിഷീല്‍ഡ് കോവാക്‌സിന്‍ നിര്‍മാതാക്കളായ സിറം ഇന്‍സ്റ്റിറ്റ്യൂട്ടും ഭാരത്ബയോടെക്കും സമര്‍പ്പിച്ച ക്ലിനിക്കല്‍ ട്രയല്‍ റിപ്പോര്‍ട്ടും സമിതി പരിശോധിക്കും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.