
സ്വന്തം ലേഖകൻ: പ്രതിസന്ധികളുടെ പേമാരി പെയ്തെങ്കിലും ഇച്ഛാശക്തിയുടെ ബലത്തിൽ അതിജീവനത്തുരുത്തിലേറിയ സംഭവബഹുലമായ വർഷത്തെ ഓർത്തെടുത്ത് യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം. 2020ലെ അവസാന സായാഹ്നത്തിൽ ട്വിറ്റർ ഹാൻഡിലാണ് ശൈഖ് മുഹമ്മദ് കൊവിഡ് നിറഞ്ഞുനിന്ന കാലത്തെ കുറിപ്പുകൾ പങ്കുവെച്ചത്.
“2020 വെല്ലുവിളികളുടെ മാത്രമല്ല നേട്ടങ്ങളുടെയും വർഷമായിരുന്നു. രാജ്യത്തിെൻറ യഥാർഥ മൂല്യങ്ങൾ ഉയർന്നുവന്ന വർഷമാണ്. ഐക്യവും സഹിഷ്ണുതയും പകർന്നു നൽകുന്നതിൽ ശക്തരാണെന്ന് തെളിയിച്ച ഒരു വർഷം. ഞങ്ങളുടെ കുടുംബങ്ങളെ ഒരുമിച്ച് കൊണ്ടുവന്ന് ഞങ്ങളുടെ ഹൃദയങ്ങളെ ഒന്നിപ്പിച്ച ഒരു വർഷം. വലിയ വെല്ലുവിളികളെ നേരിടാൻ എല്ലാവരെയും ഒരുമിച്ചുനിർത്തിയ വർഷം. പ്രതിസന്ധി പൂർണമായും കൈകാര്യം ചെയ്യുന്നതിൽ യു.എ.ഇ മികച്ച വിജയം തെളിയിച്ച ഒരു വർഷം കൂടിയാണിത്,” ട്വിറ്ററിൽ ശൈഖ് മുഹമ്മദ് കുറിച്ചു.
2020 എന്ന വർഷം ഒരുപാട് പാഠങ്ങളാണ് നമ്മെ പഠിപ്പിച്ചത്. ഐക്യത്തിലാണ് ശക്തിയെന്ന് ഞങ്ങൾ മനസ്സിലാക്കിയതും സന്തോഷം കുടികൊള്ളുന്നത് കുടുംബത്തിലാണെന്ന് നാം തിരിച്ചറിഞ്ഞതും പ്രതിസന്ധി താണ്ഡവമാടിയ ഇൗ വർഷത്തിലായിരുന്നു. എല്ലാം വാരിക്കോരി നൽകുന്നതിലാണ് ഏറ്റവും മികവ് ഒളിഞ്ഞു കിടക്കുന്നതെന്ന് നമെല്ലാം തിരിച്ചറിഞ്ഞതും 2020ലാണ്. രാഷ്ട്രീയത്തിനും സമ്പദ്‌വ്യവസ്ഥക്കും മുമ്പ് പരിഗണിക്കപ്പെടേണ്ടത് ആരോഗ്യമാണ്.
യുവത്വത്തെ നാം വിശ്വസിച്ചതുകൊണ്ട് ബഹിരാകാശത്തിൽ വരെ നമുക്ക് യാത്രചെയ്യാനായി. യു.എ.ഇ മറ്റെല്ലാറ്റിനും ഉപരിയാണെന്നും യൂനിയനെക്കുറിച്ചുള്ള ആശയം എല്ലാവരേക്കാളും ശക്തമാണെന്നും ഈ വർഷം ഞങ്ങളെ പഠിപ്പിച്ചുവെന്നും മഹാമാരിക്കാലത്തെ അതിജീവിക്കാൻ മുന്നിൽനിന്ന് പടനയിച്ച പ്രിയ ഭരണാധികാരി ട്വിറ്റർ പേജിൽ ചേർത്തുവെച്ചു.
കണ്ണുകൾക്ക് വർണവീസ്മയമൊരുക്കിയ കരിമരുന്ന് പ്രയോഗത്തിലൂടെയാണ് യുഎഇ പുതുവത്സരത്തെ വരവേറ്റത്. അബുദാബിയിൽ 35 മിനിറ്റ് നീണ്ട കരിമരുന്ന് പ്രയോഗങ്ങളടക്കം 33 സ്ഥലങ്ങളിലാണ് ആകാശത്ത് വർണപ്പൂക്കൾ വിടർന്നത്. കൊവിഡ്19 സുരക്ഷാ ക്രമീകരണങ്ങൾ പാലിച്ചായിരുന്നു എല്ലായിടത്തും ആളുകൾ കരിമരുന്ന് പ്രയോഗം ആസ്വദിച്ചത്.
ലോകത്തെ ഏറ്റവും ഉയരം കൂടിയ മനുഷ്യ നിർമിത കെട്ടിടമായ ദുബായിലെ ബുർജ് ഖലീഫയിൽ പൂച്ചവാൽ പോലെ അടിമുതൽ മുടി വരെ തിരി തെളിഞ്ഞപ്പോൾ വളരെ അകലെ നിന്നു പോലും ആളുകൾക്ക് അത് ആസ്വദിക്കാനായി. അബുദാബി അൽ വത് ബയിൽ നടന്ന 35 മിനിറ്റ് നീണ്ട കരിമരുന്ന് പ്രയോഗം ലോക റെക്കോർഡിൽ ഇടംപിടിച്ചു.
ബുർജ് അൽ അറബ്, ലാ മെർ, ദുബായ് ഫ്രെയിം, ഷാർജ അൽ മജാസ് വാട്ടർഫ്രണ്ട്, റാസൽഖൈമ, അൽ മർജാൻ ദ്വീപ്, അജ്മാൻ കോർണിഷ്, ഫുജൈറ കോർണിഷ് എന്നിവിടങ്ങളിലും കരിമരുന്ന് പ്രയോഗമുണ്ടായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല