1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 2, 2021

സ്വന്തം ലേഖകൻ: രാജ്യത്ത് കൊവിഡ് വാക്സിന്‍ നല്‍കുക സൗജന്യമായിട്ടായിരിക്കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഹര്‍ഷ വര്‍ധന്‍. 30 കോടി പേര്‍ക്ക് വാക്‌സിന്‍ നല്‍കാനാണ് തീരുമാനിച്ചിരിക്കുന്നത്‌. ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൊവിഡ് മുന്നണി പോരാളികള്‍ക്കുമായി മൂന്നു കോടി പേര്‍ക്കാണ് ആദ്യഘട്ടത്തില്‍ വാക്‌സിന്‍ സൗജന്യമായി വിതരണം ചെയ്യുക. ശേഷിക്കുന്ന 27 കോടി പേര്‍ക്ക് എങ്ങനെ വിതരണം ചെയ്യുമെന്നത് വൈകാതെ തീരുമാനിക്കുമെന്നും മന്ത്രി പറഞ്ഞു. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്‌

രാജ്യത്ത് ഉപയോഗിക്കുന്ന കൊവിഡ് വാക്സിനെക്കുറിച്ച് ഒരു വിധത്തിലുള്ള തെറ്റിദ്ധാരണയുടെയും ആവശ്യമില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർധൻ. വാക്സിൻ സംബന്ധിച്ച് എല്ലാ കാര്യങ്ങളും വിശദമായി പരിശോധിച്ചതായും അദ്ദേഹം പറഞ്ഞു. വാക്സിൻ വിതരണത്തിന് മുന്നോടിയായി എല്ലാ സംസ്ഥാനങ്ങളിലും ഡ്രൈ റൺ നടക്കുന്ന സാഹചര്യത്തിലായിരുന്നു മന്ത്രിയുടെ വിശദീകരണം.

വാക്സിന്റെ സുരക്ഷ സംബന്ധിച്ച് ഒരു വിധത്തിലുള്ള കിംവദന്തികളും പരത്താൻ പാടില്ല. എല്ലാ കാര്യങ്ങളും വിശദമായി പരിശോധിച്ചിട്ടുണ്ട്. പോളിയോ വാക്സിൻ ആദ്യമായി നൽകിയ സമയത്തും ഇത്തരത്തിലുള്ള കിംവദന്തികൾ പരന്നിരുന്നു. എന്നാൽ പിന്നീട് അതിന്റെ സുരക്ഷയെക്കുറിച്ച് എല്ലാവർക്കും ബോധ്യമായി, മന്ത്രി പറഞ്ഞു. വാക്സിൻ വിതരണത്തിനുള്ള എല്ലാ തയ്യാറെടുപ്പുകളും പൂർത്തിയായതായും ഡ്രൈ റൺ വിലയിരുത്തിക്കൊണ്ട് അദ്ദഹം പറഞ്ഞു.

ഇന്ത്യയിൽ രണ്ടാം തവണയാണ് ഡ്രൈ റൺ നടക്കുന്നത്. ആദ്യ ഘട്ടത്തിൽ ആസ്സാം, ആന്ധ്രാപ്രദേശ്, പഞ്ചാബ്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിൽ തിരഞ്ഞെടുത്ത ജില്ലകളിൽ 28, 29 തീയതികളിലായി ഡ്രൈ റൺ നടന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ആദ്യം തയ്യാറാക്കിയിരുന്ന മാർഗനിർദേശങ്ങൾ പരിഷ്കരിച്ചതായും മന്ത്രി വ്യക്തമാക്കി.

ഓക്സഫഡ് യൂണിവേഴ്സിറ്റിയും മരുന്ന് നിർമാണ കമ്പനിയായ ആസ്ട്രസെനകയും ചേർന്ന് വികസിപ്പിച്ച വാക്സിനായ കൊവിഷീൽഡിന്റെ അടിയന്തിര അനുമതിക്കായി കേന്ദ്രസർക്കാരിന്റെ വിദഗ്ധ സമിതി ഡ്രഗ് കൺട്രോളർ ജനറലിന് ശുപാർശ നൽകിയിരുന്നു. തുടർന്നാണ് വാക്സിന് അനുമതി നൽകിയത്.

രണ്ടോ മൂന്നോ ദിവസത്തിനകം വാക്‌സീന്‍ എത്തുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ അറിയിപ്പെന്ന് സംസ്ഥാന ആരോഗ്യ മന്ത്രി കെ.കെ ശൈലജ അറിയിച്ചു. കൊവിഷീല്‍ഡ് വാക്‌സിന്‍ താരതമ്യേന സുരക്ഷിതമാണെന്നും ആരോഗ്യമന്ത്രി പറഞ്ഞു. ചിട്ടയായ വിതരണത്തിന് കേരളം സജ്ജമാണെന്നും മന്ത്രി പറഞ്ഞു. വാക്‌സിന്‍ വിതരണ റിഹേഴ്‌സലിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.

പേരൂര്‍ക്കട ജില്ലാ മാതൃകാ ആശുപത്രിയിലെ കേന്ദ്രത്തിലാണ് മന്ത്രി കെ.കെ ശൈലജ ട്രയല്‍ റണ്ണില്‍ പങ്കെടുത്തത്. വാക്‌സിന്‍ എടുക്കുന്നതില്‍ ആര്‍ക്കും ആശങ്ക ഉണ്ടാകേണ്ടതില്ലെന്നും വാക്‌സിന്‍ സുരക്ഷിതാണെന്ന് ബന്ധപ്പെട്ട ആളുകളും വിദഗ്ധരും വ്യക്തമാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

കേരളത്തില്‍ ആദ്യഘട്ടം 3.13. ലക്ഷം പേര്‍ക്ക് വാക്സിന്‍ കുത്തി വെയ്പ്പ് നല്‍കുമെന്നാണ് റിപ്പോര്‍ട്ട്. ആദ്യ ഘട്ടത്തില്‍ സര്‍ക്കാര്‍-സ്വകാര്യ മേഖലകളിലെ ആരോഗ്യ പ്രവര്‍ത്തകര്‍, മെഡിക്കല്‍ വിദ്യാര്‍ഥികള്‍, ആശ വര്‍ക്കര്‍മാര്‍, അങ്കണവാടി ജീവനക്കാര്‍ എന്നിവര്‍ക്കാണ് വാക്സിന്‍ നല്‍കുക.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.