
സ്വന്തം ലേഖകൻ: യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ 15–ാമത് സ്ഥാനാരോഹണ ദിനം ഇന്ന്. ഇൗ സുദിനത്തിൽ അദ്ദേഹം ട്വിറ്ററിൽ പൊതുജനങ്ങൾക്കായി കുറിച്ച വാക്കുകൾ ഹൃദയത്തിൽ തൊടുന്നു. തന്റെ സഹോദരൻ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്റെ കാഴ്ചപ്പാടുകൾ യാഥാർഥ്യമാക്കാനാണ് താൻ ശ്രമിക്കുന്നതെന്ന് ഷെയ്ഖ് മുഹമ്മദ് പറഞ്ഞു: ‘യുഎഇയിലെ ജനങ്ങളെ സേവിക്കുന്നതിന് കഴിവിന്റെ പരമാവധി ഞാന്‍ പ്രയത്നിക്കുന്നു’ യുഎഇ പ്രധാനമന്ത്രി പദത്തിലെ യാത്ര അദ്ദേഹം വിശദമാക്കി.
“കഴിഞ്ഞ 15 വർഷത്തിനിടെ അത്ഭുതപ്പെടുത്തുന്ന ഒട്ടേറെ കാര്യങ്ങൾ സംഭവിച്ചു. പ്രാദേശിക തലത്തിലും ദേശീയതലത്തിലും ആയിരക്കണക്കിന് ടീമുകളുമായി ചേർന്ന് പ്രവർത്തിച്ചു. യുഎഇ പ്രസിഡന്റിന്റെ കാഴ്ചപ്പാടുകൾ യാഥാർഥ്യമാക്കാൻ എല്ലാവരും ഒത്തൊരുമയോടെ പ്രയത്നിച്ചു. സർക്കാർ മികച്ച ആസൂത്രണങ്ങൾ നടത്തി. 50 പുതിയ നിയമങ്ങളിലൂടെ നീതിന്യായവ്യവസ്ഥയിലും വൻതോതിൽ മാറ്റങ്ങളുണ്ടാക്കി,” ഷെയ്ഖ് മുഹമ്മദ് പറഞ്ഞു.
500 സർക്കാർ സേവനങ്ങൾ സ്മാർട് ആയി, ദേശീയ ബജറ്റ് ഇരട്ടിയാക്കി–130%. ലോക സൂചികയിൽ യുഎഇയെ ഏറ്റവും മികച്ചതാക്കി, യുഎഇ പാസ്പോർട് ലോകത്തെ ഏറ്റവും ശക്തമുള്ളതായി, യുഎഇയിൽ താമസിക്കുന്ന 95% പേർക്കും സുരക്ഷയുടെ കാര്യത്തിൽ സംശയങ്ങളില്ല. യുഎഇ സാമ്പത്തികരംഗം അറബ് ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തേതാണ്, ഗൾഫിൽ വിദേശ നിക്ഷേപം ആകർഷിക്കുന്നതിൽ യുഎഇ മുന്നിട്ടുനിന്നു. ഭവന നിർമാണത്തിന് 40 ബില്യൻ, വിദ്യാഭ്യാസത്തിന് 140 ബില്യൻ, സാമൂഹിക വികസനത്തിന് 94 ബില്യൻ, ആരോഗ്യ–പ്രതിരോധ നടപടികൾക്ക് 50 ബില്യൻ ദിർഹം വകവച്ചതായും അദ്ദേഹം വിശദമാക്കി.
തന്റെ സഹോദരൻ ഷെയ്ഖ് മക്തൂം ബിൻ റാഷിദിൻ്റെ വിയോഗത്തെ തുടർന്ന് 2006 ജനുവരി 4നാണ് ഷെയ്ഖ് മുഹമ്മദ് ദുബായ് ഭരണാധികാരിയായത്. തുടർന്ന് അദ്ദേഹത്തെ യുഎഇ വൈസ് പ്രഡന്റായി യുഎഇ സുപ്രീം കൗൺസിൽ തിരഞ്ഞെടുക്കുകയും ഷെയ്ഖ് ഖലീഫ ഇതംഗീകരിക്കുകയും പ്രധാനമന്ത്രിയായി നാമനിർദേശം ചെയ്യുകയുമായിരുന്നു. അബുദാബി അൽ ബതീൻ കൊട്ടാരത്തിൽ ഷെയ്ഖ് ഖലീഫയുടെ മുന്നിൽ ഫെബ്രുവരി 11ന് ഷെയ്ഖ് മുഹമ്മദും മന്ത്രിസഭാ അംഗങ്ങളും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല